• Latest News

  Sunday, December 10, 2017

  യുവതി ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയത് മയക്കുമരുന്ന് മണപ്പിക്കാനുള്ള ശ്രമത്തിനിടയില്‍
  Sunday, December 10, 2017
  12:31:00 AM

  തൃക്കരിപ്പൂര്‍: ഓട്ടോറിക്ഷയില്‍ കയറ്റി തട്ടി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ യുവതിയെ മയക്കുമരുന്ന് മണപ്പിച്ച് ബോധം കെടുത്താനും ശ്രമം നടത്തിയതായും തെളിഞ്ഞു.[www.malabarflash.com]

  സിപിഎം പിലിക്കോട് തോട്ടംഗേറ്റ് ബ്രാഞ്ച് സെക്രട്ടറി എക്കച്ചിയില്‍ വടക്കേവീട്ടിലെ സന്തോഷിന്റെ ഭാര്യ സവിത(30) യെയാണ് അറസ്റ്റിലായ ഓട്ടോറിക്ഷാ ഡ്രൈവര്‍ പയ്യന്നൂര്‍ കൊഴുമ്മല്‍ സ്വാമിമുക്കിലെ മുരിങ്ങാട്ട് കോളനിയില്‍ അഞ്ചില്ലത്ത് വീട്ടില്‍ ഏ. ജി ഷാനവാസ് (21) മയക്കുമരുന്ന് മണപ്പിക്കാന്‍ ശ്രമിച്ചത്.
  റോഡരികില്‍ കാത്തുനിന്നിരുന്ന യുവതിയെ ഓട്ടോ നിര്‍ത്തി കയറ്റിയ ശേഷം പിറകോട്ട് തിരിഞ്ഞു അശ്ലീലഭാഷയില്‍ സംസാരിക്കുകയും വേഗത്തില്‍ ഓടിച്ചുപോകുന്നതിനിടെ പിറകിലേക്ക് കൈയിടുകയും ചെയ്തു. തന്നെ തട്ടിക്കൊണ്ടുപോകാന്‍ മയക്കുമരുന്ന് മണപ്പിക്കാനുള്ള ശ്രമമാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് സവിത ഓട്ടോയില്‍ നിന്ന് എടുത്തുചാടിയത്. 

  ഗുരുതരമായി പരിക്കേറ്റ സവിതയെ നാട്ടുകാരും അതുവഴി വന്ന വണ്ടിക്കാരുമാണ് മംഗലാപുരം ആശപത്രിയില്‍ എത്തിച്ചത്. തലയിലേറ്റ മുറിവിന് ശസ്ത്രക്രിയ വേണ്ടി വന്നതിനാല്‍ യുവതിക്ക് എട്ട് ദിവസത്തോളം മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടിവന്നു.
  കഴിഞ്ഞ നവംബര്‍ 24നാണ് സംഭവം നടന്നത്. മൂത്ത മകള്‍ തൃഷ്ണ രണ്ടാം ക്ളാസില്‍ പഠിക്കുന്ന ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എല്‍ പി സ്‌കൂളില്‍ പി ടി എ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് യുവതിയെ പിലിക്കോട് ദേശീയപാതയില്‍ വെച്ച് ഷാനവാസ് ഇയാളുടെ ഓട്ടോയില്‍ കയറ്റുന്നത്. 

  സംഭവത്തിന് ശേഷം നിര്‍ത്താതെ വണ്ടി ഓടിച്ചുപോയ യുവാവിനെ നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ വിദഗ്ധമായ അനേഷണത്തിനൊടുവിലാണ് ചന്തേര എസ്‌ഐ കെ വി ഉമേശനും സംഘവും അറസ്റ്റ് ചെയ്തത്.
  ഇയാള്‍ ഓടിച്ചിരുന്ന കെ എല്‍ 13-ആര്‍ 2748 നമ്പര്‍ സ്വകാര്യ ഓട്ടോറിക്ഷയും പോലീസ് ഷാനവാഹിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. കണ്ടോത്തിനടുത്ത കോത്തായിമുക്കില്‍ ബേക്കറി പണിക്കാരനായ ഷാനവാസ് സംഭവദിവസം രാവിലെ പതിനൊന്ന് മണിയോടെ സഹോദരിയെയും കൂട്ടി പരിയാരം മെഡിക്കല്‍ കോളേജില്‍ പോയി ഡോക്ടറെ കണ്ട് പെങ്ങളെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമാണ് കാലിക്കടവില്‍ എത്തുന്നത്.
  കാലിക്കടവിലെ കോഴിപ്പീടികയില്‍ പിതാവ് പണിയെടുത്ത ബന്ധത്തില്‍ ഇയാള്‍ ഇടയ്ക്കിടെ കാലിക്കടവില്‍ വരാറുണ്ടായിരുന്നു. സംഭവ ദിവസം പിലിക്കോടുള്ള ഇലക്ട്രിക്കല്‍ ഷോപ്പില്‍ നിന്നും ഓട്ടോയുടെ അറ്റകുറ്റപ്പണി എടുത്തിരുന്നു. അടുത്ത ദിവസവും ഇതേ ഷോപ്പില്‍ എത്തിയെങ്കിലും കട അടച്ചതിനാല്‍ മട്ട്‌ലായി പമ്പില്‍ പോയി പെട്രോള്‍ അടിച്ചു തിരിച്ചുവരുമ്പോഴാണ് റോഡരികില്‍ വണ്ടി കാത്തിരുന്ന സവിതയെ ഓട്ടോയില്‍ കയറ്റിയത്. അറസ്റ്റിലായ ഷാനവാസിനെ ഹൊസ്ദുര്‍ഗ് ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: യുവതി ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയത് മയക്കുമരുന്ന് മണപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ Rating: 5 Reviewed By: UMRAS vision
  Scroll to Top