Latest News

കരള്‍ പകുത്ത് നല്‍കാന്‍ പിതാവ് തയ്യാറായിട്ടും സ്വീകരിക്കാന്‍ കഴിയാതെ നുസ്‌റ യാത്രയായി

എറണാകുളം: മലയാളിയുടെ മനസ്സില്‍ ഏറെ വേദനയും ഒപ്പം ആശങ്കയും നിറഞ്ഞ ദിനങ്ങള്‍, പ്രാര്‍ത്ഥനകള്‍, ഒരു രാത്രി മലയാളികളായ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉറക്കൊഴിഞ്ഞ് പോലീസിന്റെ സഹായത്തോടെ മാംഗുളൂരിവില്‍ നിന്ന് എറണാകുളത്തേക്ക് കരള്‍ ശസ്ത്രക്രിയക്കായി എത്തിച്ച പെണ്‍കുട്ടി ഉപ്പള മണിമുണ്ടയിലെ ആസിയത്ത് നുസ്‌റ (20) വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി.[www.malabarflash.com] 

ഡിസംബര്‍ 15ന് മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ നിന്നും എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലേക്ക് എത്തിച്ച നുസ്‌റയ്ക്ക് രക്ത സമ്മര്‍ദ്ദം കുറഞ്ഞ് ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
ചൊവ്വാഴ്ച ഓപ്പറേഷന്‍ നിശ്ചയിച്ച് പിതാവിനെയും മകളെയും തീയേറ്ററില്‍ എത്തിച്ചതിന് ശേഷം നുസ്രക്ക് രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുകയായിരുന്നു എകദേശം രണ്ടര ലക്ഷം രൂപയാണ് എറണാകുളത്തെ ചികിത്സക്കായി ചിലവായത്. നാല് ലക്ഷം രൂപ ആദ്യം തന്നെ കെട്ടി വെച്ചതിനാല്‍ കേവലം 15000 രൂപമാത്രമാണ് ചികിത്സ ഇളവ് ആശുപത്രി അനുവദിച്ചത്.
ആസിയത്ത് നുസ്‌റയെ പത്ത് ദിവസം മുമ്പാണ് പനി ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ നിന്നും അടിയന്തിര കരള്‍ മാറ്റ ശസ്ത്രക്രിയക്കായി എറണാകുളം ആശുപത്രിയിലെത്തിച്ചത്.
ഉപ്പള മണിമുണ്ടയിലെ വ്യാപാരിയായ സുല്‍ഫിക്കര്‍ ഷരീഫ് മൈമൂന ദമ്പതികളുടെ ഇളയ മകളാണ് നുസ്‌റ. മംഗളൂരു സെന്റ് അഗ്നെസ് കോളജിലെ ബി എസ് സി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചിട്ടും പനി ഭേദമാകാത്തതിനാലാണ് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ട് പോയത് പറഞ്ഞു. അവിടെ വെച്ചാണ് കരളിനെ അസുഖം ബാധിച്ചതായി വ്യക്തമായത്.
കരള്‍ മാറ്റി വെക്കലല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയക്കുള്ള മാര്‍ഗങ്ങള്‍ തേടിയത്. ബംഗളൂരുവിലോ എറണാകുളത്തോ അടിയന്തിര ശസ്ത്രക്രിയ നടത്താന്‍ മംഗളൂരു ആശുപത്രിയില്‍ നിന്നും നിര്‍ദേശിച്ചു. ഇതേ തുടര്‍ന്നാണ് ലേക് ഷോര്‍ ആശുപത്രിയെ തെരഞ്ഞെടുത്തത്.
എഞ്ചിനീയറിംഗ് ബിരുധദാരിയായ സഹോദരന്‍ ഷരീഫ് കരള്‍ നല്‍കാന്‍ തയ്യാറായി മുന്നോട്ടു വന്നു. എന്നാല്‍ പരിശോധനയില്‍ ഷരീഫിന്റെ കരള്‍ പകുത്തുനല്‍കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നീടാണ് പിതാവ് സുല്‍ഫിക്കര്‍ കരള്‍ നല്‍കാന്‍ മുന്നോട്ടുവന്നത്. പരിശോധനയില്‍ കരള്‍ നല്‍കാന്‍ സാധിക്കുമെന്ന് അറിയിച്ചതോടെയാണ് നുസ്‌റയെ മംഗളൂരു ആശുപത്രിയില്‍ നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചത്.
കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ സിപിടി മിഷന്‍ ഹെല്‍പിംങ്ങ് ഹാന്‍ഡ് മംഗലാപുരം എറണാകുളം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രചരണത്തെ തുടര്‍ന്ന് കേരളം ഒന്നടങ്കം വഴി മാറിക്കൊടുക്കുകയും ആംബുലന്‍സില്‍ ആറ് മണിക്കൂര്‍ കൊണ്ട് മംഗളൂരുവില്‍ നിന്ന് നുസ്‌റയെ എറണാകുളത്തെത്തിക്കുകയുമായിരുന്നു. പക്ഷെ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും നുസ്റയുടെ രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനാല്‍ ഇത് ശരിയാകുന്നത് വരെ ശസ്ത്രക്രിയ നടത്താന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
രക്ത സമ്മര്‍ദ്ദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ആരോഗ്യനില മോശമാവുകയും ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു.
മൃതദേഹം വഹിച്ചു കൊണ്ടുള്ള ആംബുലന്‍സ് ഉച്ചക്ക് 3.30ന് എറണാകുളത്ത് നിന്ന് പുറപ്പെടുമെന്ന് സിപിടി എറണാകുളം ജില്ലസെക്രട്ടറി അനൂപ് അങ്കമാലി അറിയിച്ചു. സിപിടി, കെ എ ഡി റ്റി എ, എസ് വൈ എസ് എന്നീ ആംബുലന്‍സ് അസോസിയേഷന്റെ സഹായത്താല്‍ പ്രതിഫലം വാങ്ങാതെയാണ് ആംബുലന്‍സ് ഏര്‍പ്പാട് ചെയ്ത് നല്‍കിയത്. രാത്രി 12 മണിയോടെ മയ്യിത്ത് ഉപ്പളയിലെത്തുമെന്നാണ് കരുതുന്നത്‌

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.