• Latest News

  Monday, November 20, 2017

  ജ്വല്ലറികൾ കേന്ദ്രീകരിച്ചു ലക്ഷങ്ങളുടെ തട്ടിപ്പ് ; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
  Monday, November 20, 2017
  10:30:00 AM

  തൃശൂർ: നഗരത്തിലെ ജ്വല്ലറികൾ കേന്ദ്രീകരിച്ചു ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കേസിൽ മൂന്നു പേരെ നിഴൽ പോലീസ് അറസ്റ്റു ചെയ്തു. മുഖ്യ ആസൂത്രകയും ഒന്നാം പ്രതിയുമായ എറണാകുളം കുമ്പളങ്ങി സ്വദേശിനി തണ്ടാശേരി വീട്ടിൽ പൂമ്പാറ്റ സിനി എന്ന സിനി ലാലു (38), തൃശൂർ അഞ്ചേരി സ്വദേശി ചക്കാലമറ്റം വീട്ടിൽ ബിജു (33), അരിമ്പൂർ സ്വദേശി കൊള്ളന്നൂർ താഞ്ചപ്പൻ വീട്ടിൽ ജോസ് (49) എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]

  അറസ്റ്റിലായ സിനിക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ആത്മഹത്യാ പ്രേരണക്കുറ്റം, സാമ്പത്തികത്തട്ടിപ്പുകൾ, കൊലപാതക ഭീഷണി, കവർച്ച തുടങ്ങിയ കേസുകൾ നിലവിലുണ്ട്. അറസ്റ്റിലായ ജോസ് വാഹന മോഷണ കേസിലെ പ്രതിയാണ്.

  വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത പേരിൽ എത്തി തട്ടിപ്പു നടത്തുകയാണു സിനിയുടെ രീതി. ശ്രീജ, ശാലിനി, ഗായത്രി, മേഴ്സി എന്നീ പേരുകളിലും ഇവർ അറിയപ്പെടുന്നതായി പോലീസ് അറിയിച്ചു.

  തൃശൂർ ഹൈറോഡിലെ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് 20 ലക്ഷം രൂപയും 70 ഗ്രാമിന്റെ സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ആറു മാസം മുൻപ് ജ്വല്ലറിയിൽ സ്വർണം വാങ്ങാനായി എത്തിയ സിനി ജ്വല്ലറി ഉടമയെ പരിചയപ്പെടുകയും സൗഹൃദം നടിച്ചു തട്ടിപ്പു നടത്തുകയുമായിരുന്നു.

  മറ്റൊരു ജ്വല്ലറിയിൽ പണയംവച്ച സ്വർണം എടുത്തു നൽകാമെന്നു പറഞ്ഞ് ആദ്യം 17 ലക്ഷം രൂപയും പിന്നീട് പല ആവശ്യങ്ങൾ പറഞ്ഞു മൂന്നു ലക്ഷം രൂപയും എട്ടര പവനോളം വരുന്ന സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു.

  തട്ടിപ്പിനിരയായ ബിസിനസുകാർ നാണക്കേടു ഭയന്ന് പോലീസിൽ പരാതി നൽകാത്തതിനാൽ പല കേസുകളിലും ഇവർ രക്ഷപ്പെടുകയായിരുന്നു. തട്ടിപ്പിലൂടെ നേടിയ പണം റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്തിയിരിക്കുകയാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

  സിറ്റി പോലീസ് കമ്മിഷണർ രാഹുൽ ആർ.നായർ, ഈസ്റ്റ് സിഐ കെ.സി.സേതു, എസ്ഐ എം.ജെ.ജിജോ, എഎസ്ഐ അനിൽകുമാർ, നിഴൽ പൊലീസ് അംഗങ്ങളായ എസ്ഐ വി.കെ.അൻസാർ, എഎസ്ഐമാരായ പി.എം.റാഫി, എൻ.ജി.സുവ്രതകുമാർ, സീനിയർ സിപിഒ കെ.ഗോപാലകൃഷ്ണൻ, സിപിഒമാരായ ടി.വി.ജീവൻ‌, പി.കെ.പഴനിസ്വാമി, എം.എസ്.ലിഗേഷ്, കെ.ബി.വിപിൻദാസ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.

  ബിസിനസുകാരിയെന്നു സ്വയം പരിചയപ്പെടുത്തിയ ഇവർ കുമരകം, കോവളം, കന്യാകുമാരി എന്നിവിടങ്ങളിൽ റിസോർട്ടുകൾ നടത്തുകയാണെന്നും മകൾ എംബിബിഎസിനു പഠിക്കുന്നതിനാലാണു തൃശൂരിൽ താമസിക്കുന്നതെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണു തട്ടിപ്പ് നടത്തിയത്. വാടകയ്ക്കെടുത്ത ആഡംബര കാറുകളിൽ കറങ്ങി നടന്നാണ് ഇരകളെ കണ്ടെത്തിയിരുന്നത്. തട്ടിപ്പു പുറത്തറിയിക്കാതിരിക്കാനായി ഡ്രൈവർക്കും വീട്ടുജോലിക്കാർക്കും ഉയർന്ന ശമ്പളവും നൽകിയിരുന്നു.

  പ്രമുഖരായ ആളുകളും ബിസിനസുകാരും താമസിക്കുന്ന റസിഡൻഷ്യൽ ഏരിയായിൽ താമസിക്കുന്ന ഇവർ ചാത്തൻസേവയുള്ള സ്ഥലങ്ങളിലെ നിത്യസന്ദർശകയാണ്. തട്ടിപ്പിനിറങ്ങുന്ന സമയത്ത് പ്രത്യേകം പൂജ ചെയ്തെടുക്കുന്ന ഭസ്മം മാത്രമാണ് കഴിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. താമസിച്ചിരുന്ന വീടുകളിലെല്ലാം പൂജാമുറി സജ്ജീകരിച്ചിരുന്നു.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ജ്വല്ലറികൾ കേന്ദ്രീകരിച്ചു ലക്ഷങ്ങളുടെ തട്ടിപ്പ് ; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ Rating: 5 Reviewed By: UMRAS vision
  Scroll to Top