• Latest News

  Friday, November 10, 2017

  സോളാർ റിപ്പോർട്ട് നിയമസഭയിൽ; ഉമ്മൻചാണ്ടിയും ഓഫീസും സഹായിച്ചെന്ന് കണ്ടെത്തൽ
  Friday, November 10, 2017
  12:30:00 AM

  തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അദ്ദേഹം വഴി പഴ്സനൽ സ്റ്റാഫ് അംഗങ്ങളും ഡൽഹിയിലെ സഹായിയും മറ്റും സരിത എസ്. നായരുടെയും കമ്പനിയുടേയും തട്ടിപ്പുകൾക്ക് കൂട്ടുനിന്നെന്നു ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷന്റെ കണ്ടെത്തൽ.[www.malabarflash.com]

  ഉമ്മൻചാണ്ടി ഉൾപ്പെടെ യുഡിഎഫ് നേതാക്കളുടെ പേര് പരാമർശിച്ചു സരിത എഴുതിയ കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയ കമ്മിഷൻ, അതിലെ ആരോപണങ്ങൾ ശരിയാണോ എന്നു കണ്ടെത്തുന്നതിന് അന്വേഷണവും ശുപാർശ ചെയ്തു. ലൈംഗിക സംതൃപ്തി നേടുന്നതു അഴിമതി നിരോധന നിയമത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുമെന്ന നിലയിലാണ് അന്വേഷണം.

  കുറ്റാരോപിതർക്കെതിരെ ക്രിമിനൽ നടപടി സംഹിത, അഴിമതി നിരോധനനിയമം, ഇന്ത്യൻ ശിക്ഷാനിയമം, മറ്റ് ബാധകമായ നിയമങ്ങൾ എന്നിവ പ്രകാരം അന്വേഷണം നടത്തുമെന്ന് കമ്മിഷൻ റിപ്പോർട്ടിനൊപ്പം നിയമസഭയിൽ വച്ച നടപടി രേഖയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

  സരിതയുടെ മൊഴിയെയും ജയിലിൽ വച്ച് എഴുതിയെന്നു കരുതുന്ന കത്തിനെയും ആധാരമാക്കിയാണ് മിക്ക നിഗമനങ്ങളുമെന്നതാണ് കമ്മിഷൻ റിപ്പോർട്ടിന്റെ പ്രത്യേകത.

  ഉന്നതരുടെ പേരുകളടങ്ങിയ കത്തു പുറത്തുവിടുമെന്നു സരിത ഭീഷണിപ്പെടുത്തിയെന്നു കമ്മിഷൻ റിപ്പോർട്ടിലുണ്ടെങ്കിലും സരിതയ്ക്കെതിരെ ഒരു നടപടിയും വേണ്ടെന്നാണു സർക്കാർ തീരുമാനം. ടീം സോളറിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത മന്ത്രിമാർ വഴിവിട്ടു പ്രവർത്തിച്ചെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ഉദ്ഘാടനത്തിൽ പങ്കെടുത്ത കെ.ബി. ഗണേഷ്കുമാർ എംഎൽഎയെ രക്ഷിക്കാനായി സർക്കാർ ആ ഭാഗം നടപടിക്കായി പരിഗണിച്ചില്ല. 

  മുൻ പ്രത്യേക അന്വേഷണ സംഘത്തിനെതിരായ അന്വേഷണത്തിൽ നിന്നു സർക്കാർ പിൻവാങ്ങിയെന്നാണു നടപടി റിപ്പോർട്ടിൽ‌ വ്യക്തമാകുന്നത്.

  ഉമ്മൻചാണ്ടി, മുൻ കേന്ദ്രമന്ത്രിമാരായ കെ.സി. വേണുഗോപാൽ, പളനിമാണിക്യം, മന്ത്രിമാരായിരുന്ന ആര്യാടൻ മുഹമ്മദ്, എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, മറ്റ് കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ, എൻ. സുബ്രഹ്മണ്യൻ, ഐ.ജി. കെ. പത്മകുമാർ, ജോസ് കെ. മാണി എംപി, അനിൽകുമാറിന്റെ പഴ്സനൽ സ്റ്റാഫ് നാസറുല്ല എന്നിവർ സരിതയിൽ നിന്നു പണം പറ്റുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തെന്നു റിപ്പോർട്ടിന്റെ ഭാഗമാക്കിയ സരിതയുടെ കത്തിലുണ്ട്. 

  കൊച്ചി മുൻ സിറ്റി പോലീസ് കമ്മിഷണർ എം.ആർ. അജിത്കുമാർ, പി.സി. വിഷ്ണുനാഥ്, മോൻസ് ജോസഫ് എംഎൽഎ എന്നിവർ സഹായിച്ചെങ്കിലും പീഡിപ്പിച്ചില്ല.

  ഉമ്മൻചാണ്ടിയെ കേസിൽ നിന്ന് ഒഴിവാക്കാനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ പോലീസ് ഉദ്യോഗസ്ഥർക്കു മേൽ സമ്മർദ്ദം ചെലുത്തിയെന്നു കമ്മിഷൻ പറയുന്നു. ഉമ്മൻ ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളായ ടെനി ജോപ്പൻ, ജിക്കുമോൻ ജേക്കബ്, ഗൺമാൻ സലിം രാജ്, സഹായി തോമസ് കുരുവിള എന്നിവർ തട്ടിപ്പിനു കൂട്ടു നിന്നു. മുൻ എംഎൽഎമാരായ ബെന്നി ബഹനാനും തമ്പാനൂർ രവിയും സരിതയെ കേസിൽ നിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഡൽഹിയിലെ പിഎ പ്രതീഷ്‌നായർ അന്നത്തെ കേന്ദ്ര മന്ത്രിമാരായ പളനിമാണിക്യത്തെയും ചിദംബരത്തെയും പരിചയപ്പെടുത്തിക്കൊടുത്തു. മുൻ എംഎൽഎ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെയും പീഡനത്തിന് കേസ് വരും. 

  സരിതയെ അറിയില്ല എന്ന ഉമ്മൻചാണ്ടിയുടെ വാദം സാഹചര്യതെളിവുകൾ നിരത്തി കമ്മിഷൻ ഖണ്ഡിക്കുകയും ചെയ്തു. സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും 2011 മുതൽ ഉമ്മൻചാണ്ടിക്ക് അറിയാം. സരിതയുടെ ക്രിമിനൽ പശ്ചാത്തലവും അറിയാമായിരുന്നു. സോളാർ പദ്ധതിയെ സഹായിക്കാൻ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനെ സരിതയ്ക്കു പരിചയപ്പെടുത്തിയത് ഉമ്മൻചാണ്ടിയാണ്. കോട്ടയത്തെ കോടിമതയിൽ നടന്ന കെഎസ്ഇബി എൻജിനീയേഴ്സ് അസോസിയേഷൻ സമ്മേളനത്തിന്റെ ദൃശ്യങ്ങൾ ഇതിനു തെളിവാണ്.

  നിയമസഭയിൽ സമർപ്പിച്ചതിനു പിന്നാലെ റിപ്പോർട്ടും മലയാള പരിഭാഷയും മുഖ്യമന്ത്രിയുടെ പ്രസ്താവനയും കണ്ടെത്തലുകളുടെ ചുരുക്ക രൂപവും വെബ്സൈറ്റിലൂടെ പുറത്തുവിട്ടു.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: സോളാർ റിപ്പോർട്ട് നിയമസഭയിൽ; ഉമ്മൻചാണ്ടിയും ഓഫീസും സഹായിച്ചെന്ന് കണ്ടെത്തൽ Rating: 5 Reviewed By: UMRAS vision
  Scroll to Top