• Latest News

  Friday, November 17, 2017

  വീട്ടമ്മയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്‌
  Friday, November 17, 2017
  1:30:00 AM

  കാഞ്ഞങ്ങാട്: ഇരിയ പൊടവടുക്കത്ത് വീട്ടമ്മയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.[www.malabarflash.com]

  പൊടവടുക്കം ധർമശാസ്ത ക്ഷേത്രത്തിനു സമീപത്തെ അമ്പൂട്ടി നായരുടെ ഭാര്യ ലീലയെ(56)യാണ് ബുധനാഴ്ച മൂന്നുമണിയോടെ വീടിനകത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോളജ് വിട്ട് വീട്ടിലെത്തിയ മകൻ പ്രജിത്താണ് അമ്മ വീണു കിടക്കുന്നതു കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

  ലീലയുടെ വീട്ടിൽ‍ തേപ്പുപണി ചെയ്തിരുന്ന ഇതര സംസ്ഥാനക്കാരായ നാലുപേരിൽ ഒരാളായ ഇരുപതുകാരൻ ഉച്ചയോടെ വീടിനകത്തെ കുളിമുറിയിലേക്കു പോയിരുന്നു. ഈ സമയം കുളിമുറിയിൽ നിന്നു പുറത്തുവരികയായിരുന്ന ലീല യുവാവ് വീട്ടിനുള്ളിൽ കയറിയതിന് ശാസിച്ചു. തുടർന്ന് ലീലയെ കുളിമുറിയിലേക്കു തന്നെ തളളിയിട്ട് യുവാവ് കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

  പിന്നീട് കഴുത്തിൽ നിന്നു സ്വർണമാല ഊരി എടുത്ത് തൂവാലയിൽ പൊതിഞ്ഞു പറമ്പിൽ ഒളിപ്പിച്ചു. സംഭവ സമയം മറ്റു ജോലിക്കാർ വീടിനു മുകളിലായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മരണ കാരണം ഹൃദയാഘാതം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. വ്യാഴാഴ്ച പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

  സംഭവ ദിവസം ഇതര സംസ്ഥാന തൊഴിലാളികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ഇവരെ തടഞ്ഞുവച്ചു പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഇരുപതുകാരൻ ഒഴികെ മറ്റുള്ളവർക്കു കൊലപാതകത്തിൽ പങ്കില്ലെന്ന നിഗമനത്തിലാണ് പോലീസ്.

  പതിനൊന്ന് ദിവസമായി തൊഴിലാളികൾ ലീലയുടെ വീട്ടിൽ ഒരു മുറിയിൽ താമസിച്ചു തേപ്പുജോലികൾ ചെയ്തുവരുന്നു. കൊലപാതകം ചെയ്ത പ്രതി നാലുദിവസം മുൻപാണ് ജോലിക്കെത്തിയത്. 

  ഭക്ഷണം സ്വന്തമായി പാകം ചെയ്യും. തൊട്ടടുത്ത വീട്ടിലാണ് ഇവർക്ക് ശുചിമുറി സൗകര്യം ചെയ്തുകൊടുത്തിരുന്നത്. സംഭവ ദിവസം വീടിനകത്തെ കുളിമുറിയിൽ കയറാൻ പ്രതി എത്തിയത് ലീല ചോദ്യം ചെയ്തതാണ് സംഭവത്തിനു കാരണം. വൈദ്യുതീകരിക്കാത്ത വീടായതിനാൽ കുളിമുറിയുടെ ഭാഗത്ത് വെളിച്ചം കുറവായിരുന്നു.

  ലീല കൊല്ലപ്പെട്ടതോടെ ആരുമില്ലെന്നു പറഞ്ഞു കരയുകയാണ് രോഗബാധിതനായ ഭർത്താവ് അമ്പൂട്ടി നായർ. നേരത്തേ ഹോട്ടലായിരുന്നു. രോഗബാധിതനായതോടെ നിർത്തി. സാമ്പത്തിക പരാധീനത മൂലം മൂന്ന് ആൺമക്കളിൽ മൂത്തയാൾ ഒരു വർഷം മുൻപാണ് ഗൾഫിൽ ജോലി തേടിപ്പോയത്. മറ്റു മക്കൾ വിദ്യാർഥികളാണ്.

  ലീലയാണ് കൂലിവേല ചെയ്തു വീട്ടുകാര്യങ്ങൾ നോക്കുന്നതും ഭർത്താവിനെ പരിചരിക്കുന്നതും. ലീലയുടെ മരണ വിവരമറിഞ്ഞ പ്രദേശത്തെ നൂറുകണക്കിനാളുകളാണ് വീട്ടിലെത്തിയത്. പ്രതിയെ വിശദമായ ചോദ്യംചെയ്യലിനു ശേഷം വെളളിയാഴ്ച കോടതിയിൽ ഹാജരാക്കും.

  അതേസമയം പ്രതി കൊല്ലപ്പെട്ട ലീലയുമായി നേരത്തേ വാക്കുതർക്കമുണ്ടായതായും ഇയാളെ ജോലിക്ക് വേണ്ടെന്നു കരാറുകാരനോട് ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു. ബേക്കൽ സിഐ പി.വി.വിശ്വംഭരനാണ് അന്വേഷണ ചുമതല.
  ലീലയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ബന്തടുക്ക മലാംകുണ്ടിലെ പരേതരായ കലിക്കോടൻ നാരായണൻ നായർ-ചെരക്കര കാർത്യായനി അമ്മ ദമ്പതികളുടെ മകളാണ്. 
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: വീട്ടമ്മയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്‌ Rating: 5 Reviewed By: UMRAS vision
  Scroll to Top