• Latest News

  Tuesday, November 21, 2017

  വീടിനോടൊപ്പം പാഠപുസ്തകങ്ങളും തീ വിഴുങ്ങി, പത്താംതരം പരീക്ഷ ശ്വേതക്ക് അഗ്നിപരീക്ഷയാകും
  Tuesday, November 21, 2017
  1:00:00 AM

  കാഞ്ഞങ്ങാട്: അഗ്നിയിലെരിഞ്ഞടങ്ങിയ പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും നോക്കി നെടുവീര്‍പ്പിടുകയാണ് ശ്വേത. എസ്എസ്എല്‍സി പരീക്ഷക്ക് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് തിങ്കളാഴ്ച അഗ്നിബാധയില്‍ ശ്വേതയുടെ വീട് പൂര്‍ണ്ണമായും കത്തിയമര്‍ന്നത്.[www.malabarflash.com]

  ഫ്രിഡ്ജും ടിവിയും വാഷിംഗ് മെഷീനും ഉള്‍പ്പെടെ ഒരു ജന്മത്തിലെ മുഴുവന്‍ സമ്പാദ്യങ്ങളും അഗ്നി വിഴുങ്ങുകയും ചെയ്തു.

  അച്ഛനും അമ്മയും മൂന്നു മക്കളും വൃദ്ധ മാതാവും ഉള്‍പ്പെടെ ആറംഗ കുടുംബത്തിന്റെ ഉടുതുണി ഒഴികെയുള്ള മുഴുവന്‍ വസ്തുക്കളുമാണ് കത്തി നശിച്ച കാഴ്ച നിറകണ്ണുകളോടെയാണ് പരിസരവാസികള്‍ നോക്കിക്കണ്ടത്.
  ഇതിനൊപ്പമാണ് ശ്വേതയുടെയും സഹോദരങ്ങളുടെയും ജീവിതപ്രതീക്ഷയായിരുന്ന പാഠപുസ്തകങ്ങളും അഗ്നിക്കിരയായത്.

  തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു കുശാല്‍നഗര്‍ കടിക്കാലിലെ ചന്ദ്രശേഖരയുടെ വീട് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പൂര്‍ണ്ണമായും കത്തിയത്. പാഠപുസ്തകങ്ങളും നോട്ടുപുസ്തകങ്ങളും കത്തി നശിച്ച ചന്ദ്രശേഖരയുടെ മകള്‍ ശ്വേത പരീക്ഷക്ക് എങ്ങനെ പഠിക്കുമെന്ന ആശങ്കയിലാണ്.

  ഉടുതുണിക്ക് മറുതുണിയില്ലാതെ തികച്ചും നിരാലംബരായ ഈ കുടുംബത്തെ സഹായിക്കാന്‍ തിങ്കളാഴ്ച തന്നെ സുമനസുള്ള നാട്ടുകാരും സംഘടനകളും രംഗത്ത് വന്നു. തൊട്ടടുത്ത് തന്നെ ഇവരെ ഒരു വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റി താമസിപ്പിച്ചു.

  പ്രിയദര്‍ശിനി കുശാല്‍നഗര്‍, കൊവ്വല്‍ ഏകെജി ക്ലബ് എന്നിവര്‍ പതിനായിരം രൂപ വീതം അടിയന്തിര ധനസഹായം നല്‍കി. സ്വാമി നിത്യാനന്ദ യൂത്ത് ബ്രിഗേഡിയര്‍ ഉള്‍പ്പെടെയുള്ള മറ്റ് നിരവധി സംഘടനകളും വാഗ്ദാനവുമായി രംഗത്ത് വന്നിട്ടുണ്ട്. മുസ്‌ലിംലീഗ് കൊവ്വല്‍ വാര്‍ഡ് കമ്മിറ്റി പ്രത്യേക സഹായകമ്മിറ്റി രൂപീകരിച്ചു. പി എ റഹ്മാന്‍ ഹാജി ചെയര്‍മാനും പാലാട്ട് ഇബ്രാഹിംഹാജി കണ്‍വീനറുമായുള്ള കമ്മിറ്റിയാണ് നിലവില്‍ വന്നത്.

  ബഹുജന പങ്കാളിത്തത്തോട് കൂടി ഇവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനും നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്. വയറിംഗ് തൊഴിലാളിയായ എച്ച് കെ ചന്ദ്രശേഖരന്റെ തുശ്ചമായ വരുമാനം കൊണ്ടാണ് ഈ കുടുംബം ജീവിക്കുന്നത്.

  തീപിടുത്തം ഉണ്ടായപ്പോള്‍ ചന്ദ്രശേഖരനും ഭാര്യ രേഖയും തൊട്ടടുത്ത വീട്ടിലെ കല്യാണ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ശ്വേതയും സഹോദരി സ്‌നേഹയും സഹോദരന്‍ ഋഷിഗണേഷും സ്‌കൂളിലുമായിരുന്നു. വീട്ടില്‍ അമ്മൂമ്മ രമാദേവി മാത്രമാണുണ്ടായിരുന്നത്. രമാദേവിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് വീടിന് തീപിടിച്ചത് കണ്ടത്. രമാദേവിയെ ഉടന്‍ വീടിന് പുറത്തെത്തിച്ചു.
  ആളിക്കത്തുന്ന തീയുടെ ഇടയില്‍ നിന്നും അയല്‍വാസി രാജേന്ദ്രന്‍ അകത്തുകയറി രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ എടുത്ത് പുറത്തേക്കെത്തിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

  കാഞ്ഞങ്ങാട് നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് അധികൃതര്‍ തീ
  അണച്ചതിനാല്‍ തീ ആളിപ്പടരുന്നത് തടയാന്‍ കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഫയര്‍മാന്‍ വെള്ളൂരിലെ കെ ശ്രീജിത്ത് (30) വീടിന്റെ ചുമരിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശ്രീജിത്ത് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: വീടിനോടൊപ്പം പാഠപുസ്തകങ്ങളും തീ വിഴുങ്ങി, പത്താംതരം പരീക്ഷ ശ്വേതക്ക് അഗ്നിപരീക്ഷയാകും Rating: 5 Reviewed By: UMRAS vision
  Scroll to Top