• Latest News

  Friday, September 15, 2017

  പാലക്കാട്ടെ ഇരട്ടക്കൊലപാതകം: മരുമകളും കാമുകനും അറസ്റ്റില്‍
  Friday, September 15, 2017
  1:28:00 AM

  പാലക്കാട്: കുത്തനൂർ തോലനൂരിൽ വയോധിക ദമ്പതികൾ കൊല്ലപ്പെട്ട കേസിൽ ഇവരുടെ മകന്റെ ഭാര്യ ഷീജ(36)യും അറസ്റ്റിൽ. സംഭവത്തിൽ കഴിഞ്ഞ ദിവസം തന്നെ കസ്റ്റഡിയിലെടുത്ത പ്രതി എറണാകുളം പറവൂർ മന്നം ചോപ്പട്ടി വീട്ടിൽ സദാനന്ദന്റെ (53) അറസ്റ്റും പോലീസ് രേഖപ്പെടുത്തി.[www.malabarflash.com] 
  പുളിക്കപറമ്പ് അംബേദ്കർ കോളനിയിൽ വിമുക്തഭടൻ സ്വാമിനാഥൻ (75), ഭാര്യ പ്രേമകുമാരി (65) എന്നിവരെ ബുധനാഴ്ച വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

  സ്വാമിനാഥൻ, ഭാര്യ പ്രേമകുമാരി എന്നിവരെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും മരുമകളെ കൈകൾ കൂട്ടിക്കെട്ടിയ നിലയിലുമാണ് കണ്ടെത്തിയത്. എന്നാൽ മരുമകളായ ഷീജയുടെ കൺമുന്നിലിട്ടാണ് വയോധിക ദമ്പതികളെ സാദാന്ദൻ വകവരുത്തിയത്. കാമുകന് വീടിന്റെ കതക് തുറന്നു കൊടുത്തതും ഷീജ തന്നെയായിരുന്നു.

  ആദ്യം കൊലപ്പെടുത്തിയത് പ്രേമകുമാരിയെയാണെന്നാണ് സൂചന. ഇവരെ ശ്വാസം മുട്ടിച്ച് കൊന്നതും പ്രേമകുമാരിയാണെന്നാണ് സാദാനന്ദൻ മൊഴി നൽകിയതെന്നാണ് സൂചന. ഇവരുടെ മരണം ഉറപ്പാക്കാൻ സദാനന്ദൻ വയറ്റില് കുത്തുകയും ചെയ്തു. ഇതിന് ശേഷമാണ് സ്വാമിനാഥനെ വകവരുത്തിയത്. ഇതിനും ഷീജ ഒപ്പം കൂടി.

  സ്വാമിനാഥനെ കുത്തിയത് സദാനന്ദനാണ്. സ്വാമിനാഥന്റെ വയറിന്റെ ഇരുവശങ്ങളിലും നെഞ്ചിനു നടുവിലും കുത്തേറ്റിരുന്നു. കുടൽ പുറത്തുവന്ന നിലയിലാണ്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചിരുന്നു.

  കിടപ്പുമുറിയിലാണ് പ്രേമകുമാരിയുടെ മൃതദേഹം കണ്ടത്. ഇവരെ ശ്വാസംമുട്ടിക്കുകയും വയറിൽ കുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. അയൽക്കാരും ബന്ധുക്കളും എത്തിയപ്പോഴാണ് സ്വീകരണമുറിയിൽ സ്വാമിനാഥന്റെ മൃതദേഹം കണ്ടത്. അതിന് ശേഷമാണ് പ്രേമകുമാരിയെ കണ്ടത്. ഇരുവരേയും കൊന്ന ശേഷം ഷീജയെ കെട്ടിയിട്ട ശേഷം സദാനന്ദൻസ്ഥലം വിട്ടു.

  കൊല്ലപ്പെട്ട സ്വാമിനാഥൻ തന്നെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് നേരത്തേ കോട്ടായി പോലീസിൽ പരാതി നൽകിയിരുന്നു. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം.

  കഴിഞ്ഞ 31-നു രാത്രി സ്വാമിനാഥനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം നടന്നതായിട്ടാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് ഷീജ ഭർത്താവിന്റെ വീട്ടിലെത്തിയത്.

  നേരത്തെ സദാനന്ദനുമായുള്ള അവിഹിത ബന്ധം വീട്ടുകാർ മനസ്സിലാക്കിയിരുന്നു. അത് പ്രധാനമായും വിഷയമാക്കിയത് സ്വാമിനാഥനായിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാൻ തക്ക സമയമായി ഇതിനെ ഷീജ കണ്ടു. സമീപത്തെ ക്വാറിയിലേക്ക് പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പാടശേഖര സമിതി സെക്രട്ടറിയായ സ്വാമിനാഥൻ പാലം നിർമ്മിക്കുന്നതിനെ എതിർത്തിരുന്നു. ഇവരുടെ തലയിലേക്ക് കൊലപാതക കുറ്റം ചാർത്താമെന്നതായിരുന്നു ഷീജയുടെ കണക്കു കൂട്ടൽ.

  നേരത്തെ വീടിനു പുറത്തുള്ള ഫ്യൂസിൽ കുത്തിയ കമ്പി കിടപ്പുമുറിയിലേക്കിട്ടായിരുന്നു സ്വാമിനാഥനെതിരായ കൊലപാതകശ്രമം. പ്രേമകുമാരി ആശുപത്രിയിലായതിനാൽ അന്ന് സ്വാമിനാഥൻ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. എന്നാൽ അന്ന് പദ്ധതി നടന്നില്ല. ഇതറിഞ്ഞതോടെയാണ് മറ്റാരോ സ്വാമിനാഥന് പിറകെയുണ്ടെന്ന് ഷീജ അറിഞ്ഞത്.

  സാദനന്ദനുമായി പദ്ധതി തയ്യാറാക്കി സ്വാമിനാഥന്റെ വീട്ടിലെത്തി. ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും തുണയാകാനായിരുന്നു ഇതെന്നായിരുന്നു പറഞ്ഞത്. എന്നാൽ വ്യക്തമായ പദ്ധതിയുമായിട്ടായിരുന്നു ഷീജയുടെ വരവ്. കൊലപാതകത്തിനായി തനൂരിൽനിന്ന് തോലന്നൂരിലേക്കു പുറപ്പെട്ടപ്പോൾ സദാനന്ദൻ, ഷീജയെ ഫോണിൽ വിളിച്ചിരുന്നു. ഇതാണ് നിർണ്ണായക തെളിവായത്.

  കൊലയ്ക്ക് ശേഷം വീട്ടിൽ പലേടത്തും മുളകുപൊടി വിതറിയിരുന്നു. വസ്ത്രങ്ങൾ വലിച്ചുവാരിയിട്ടിരുന്നു. വാതിലുകളൊന്നും തകർക്കാതെ കൊലയാളി രാത്രി വീട്ടിനുള്ളിൽ കയറിയതെങ്ങനെ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ബോധം വീണ്ടെടുത്തെങ്കിലും ഒന്നും പറയാതിരുന്ന ഷീജയുടെ മൊെബെൽ കോളുകളും ഇതിനിടെ പരിശോധിച്ചു. ഇതോടെ അന്വേഷണം സാദനന്ദനിലേക്ക് എത്തി.

  ജില്ലാ ക്രൈം സ്‌ക്വാഡാണ് മണിക്കൂറുകൾക്കകം സദാനന്ദനിലേക്ക് അന്വേഷണം എത്തിച്ചത്.

  ഷീജയുടെ ഭർത്താവ് പ്രദീപ് സൈനികനാണ്. ഭർത്താവ് അവധിക്ക് മടങ്ങിയെത്തുമ്പോൾ സദാനന്ദനുമായുള്ള അടുപ്പം മാതാപിതാക്കൾ പറയുമോ എന്ന് ഷീജ ഭയന്നിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.

  ഭർതൃവീട്ടുകാരെ ഇല്ലാതാക്കാനുള്ള തീരുമാനം ഷീജയുടേതാണെന്നാണ് സദാനന്ദൻ പോലീസിനോടു പറഞ്ഞത്. വീട്ടിലെ കാര്യസ്ഥനാക്കാമെന്നു വാഗ്ദാനം ചെയ്തതായും ഇയാൾ വെളിപ്പെടുത്തി.

  കൊല്ലപ്പെട്ട പ്രേമകുമാരിയുടെ സഹോദരപുത്രി കൂടിയാണു ഷീജ. ഇവർ തമ്മിൽ മാനസിക അകൽച്ചയുണ്ടായിരുന്നതായി പറയപ്പെടുന്നു. അതിനാൽ സ്വന്തം നാടായ തേനൂരിലാണു ഷീജ കൂടുതലും താമസിച്ചിരുന്നത്. ഇതിനു സമീപത്താണ് സദാനന്ദൻ വാടകയ്ക്ക് കഴിഞ്ഞിരുന്നത്.

  ആറു മാസമായാണ് ഇവർ തമ്മിൽ ബന്ധമുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. ഷീജയുടെ നിരവധി ചിത്രങ്ങൾ സദാനന്ദന്റെ മൊെബെലിൽ ഉണ്ടായിരുന്നു. സദാനന്ദൻ മൊെബെലിൽ സ്‌ക്രീൻ സേവറായി ഷീജയുടെ ചിത്രംവച്ചത് ഒരിക്കൽ ഷീജയുടെ മകന്റെ സുഹൃത്ത് കണ്ടതോടെ ഈ ബന്ധം വീട്ടിൽ ചർച്ചയായിരുന്നു. ഇതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.

  കൊലയ്ക്ക് ഉപയോഗിച്ച കത്തിയും മുളകുപൊടി, കത്രിക, വസ്ത്രം എന്നിവയടങ്ങിയ ബാഗും കുറ്റിക്കാട്ടിൽ നിന്നും ചുറ്റികയും ഷീജയുടെ വസ്ത്രവും വീടിനടുത്തുള്ള കിണറ്റിൽ നിന്നും കണ്ടെത്തി. ഇതിനായി വ്യാഴാഴ്ച രാവിലെ കിണർ വറ്റിച്ചു. മാനഭംഗത്തിനു ശ്രമിച്ചതായി വരുത്താനാണു ഷീജയുടെ വസ്ത്രങ്ങൾ കിണറ്റിൽ ഇട്ടതെന്നു സദാനന്ദൻ സമ്മതിച്ചതായി പെ‍ാലീസ് പറഞ്ഞു. മോഷണമാണെന്നു തെറ്റിദ്ധരിപ്പിക്കാൻ ഷീജയുടെ മാലയും വളയും ഉൾപ്പെടെ 12 പവൻ സ്വർണാഭരണങ്ങളും ഇയാൾ എടുത്തു. ഇവ പിന്നീട് പ്രതിയുടെ മങ്കരയിലെ വീട്ടിൽ നിന്നു കണ്ടെത്തി
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: പാലക്കാട്ടെ ഇരട്ടക്കൊലപാതകം: മരുമകളും കാമുകനും അറസ്റ്റില്‍ Rating: 5 Reviewed By: UMRAS vision
  Scroll to Top