• Latest News

  Sunday, September 10, 2017

  ഷാജഹാനും മുംതാസും പോലെ ഇവര്‍; പക്ഷെ കൂട്ട് രോഗവും ദുരിതവും മാത്രം
  Sunday, September 10, 2017
  12:45:00 AM

  പടന്നക്കാട്: മൈമുനയെപോലെ ഭര്‍തൃ സ്‌നേഹം അനുഭവിച്ച ഒരു ഭാര്യയും ഉണ്ടാകില്ല ഉലകില്‍, മുറിച്ചു മാറ്റിയ കാല്‍ പാദങ്ങളിലെ വ്രണങ്ങളില്‍ നിന്നും പൊട്ടിയൊലിക്കുന്ന ചോര കലര്‍ന്ന ദ്രാവകം തുടച്ച് മാറ്റി മരുന്നു വെച്ച് കെട്ടുമ്പോള്‍ രാജന്റെ കൈകള്‍ പിടയ്ക്കും മറ്റൊന്നും കൊണ്ടല്ല പ്രിയപ്പെട്ടവള്‍ക്ക് വേദനിക്കുമോ എന്ന് വിഷമിച്ച്.[www.malabarflash.com]

  ഇവരുടേത് ഒരു അപൂര്‍വ്വ പ്രണയ ദാമ്പത്യമാണ്. പടന്നക്കാട് നെഹ്‌റു കോളേജിന് സമീപം ദേശീയ പാതയോരത്ത് പ്ലാസ്റ്റിക് കൊണ്ട് കെട്ടി മറച്ച കൂരയിലാണ് രാജനും മൈമുനയും കഴിയുന്നത്. ഈ കൂര ഇവര്‍ക്ക് താജ്മഹലാണ് ഇവര്‍ ഷാജഹാനും മുംതാസും. 

  പരസ്പരം അടുക്കാതെ സമാന്തരമായി പോകുന്ന റെയില്‍വേ പാതയാണ് ഒരിക്കലും അകലാത്ത വിധം മൈമുനയെയും രാജനെയും അടുപ്പിച്ചത്.
  കൊയിലാണ്ടിയില്‍ റെയില്‍വേ പാതയുടെ ജോലിക്കെത്തിയപ്പോഴാണ് ഇരുവരും പരസ്പരം കണ്ടതും അടുത്തതും.
  അറിയാനായ കാലം തൊട്ടേ ഇരുവര്‍ക്കും ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. 

  എന്നാല്‍ പരസ്പരം കണ്ടുമുട്ടി ഒന്നായി കഴിഞ്ഞ ശേഷം കഴിഞ്ഞ 15 വര്‍ഷമായി ഇരുവരും ദുഖമെന്തന്നറിഞ്ഞിട്ടില്ല. പട്ടിണി കൊണ്ട് ദിവസങ്ങളോളം മുണ്ടു മുറുക്കിയുടുത്ത് കഴിഞ്ഞിട്ടുണ്ട്. അപ്പോഴും ഒരു പരിഭവവും ഉണ്ടായിട്ടില്ല. 
  ഇങ്ങനെയൊക്കെയാണെങ്കിലും ഇവരുടെ നിത്യജീവിതം ഏറെ പരിതാപകരമാണ്. സര്‍ക്കാരില്‍ നിന്നും ഒരു വര്‍ഷം ലഭിക്കുന്ന 60 കിലോ അരിയും ധാന്യങ്ങളും ദുരിതമറിഞ്ഞവര്‍ നല്‍കുന്ന സഹായവും കൊണ്ടാണ് അരവയര്‍ നിറയ്ക്കുന്നത്. അസുഖങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രി ചികില്‍സയും സൗജന്യ മരുന്നും ലഭിക്കുന്നുണ്ടെങ്കിലും നിത്യവൃത്തിക്ക് ഒരു വഴിയുമില്ല. പുറമ്പോക്കില്‍ കുടില്‍ കെട്ടി താമസിക്കുന്നതിനാല്‍ ആധാര്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് അര്‍ഹതപ്പെട്ട സഹായങ്ങളൊന്നും ലഭിക്കുന്നില്ല. 

  ഒരു മധുര നൊമ്പര പ്രണയം കാവ്യം പോലെയാണ് മൈമുനയുടെയും രാജന്റെയും ജീവിതം. പാലക്കാട്ട് നഗരത്തിനടുത്തായിരുന്നു മൈമുനയുടെ കുടുംബം മാതാപിതാക്കളും ഭര്‍ത്താവും മരിച്ച ശേഷം പുറമ്പോക്ക് ഭൂമിയില്‍ മൈമുനയും മകളും തനിച്ചായി അധികം വൈകും മുമ്പേ രോഗബാധിതയായ മകള്‍ ചികില്‍സ ലഭിക്കാതെ മരണപ്പെട്ടു.

  പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പരിചയപ്പെട്ട റയില്‍വേ പാതയില്‍ ജോലിക്കെത്തിയ കര്‍ണ്ണാടക സ്വദേശിനികള്‍ക്കൊപ്പം ജോലി തേടി കോഴിക്കോട്ടേക്കെത്തി. കൊയിലാണ്ടിയില്‍ പണിയെടക്കുന്നതിനിടയില്‍ തീവണ്ടി യാത്രക്കിടയിലാണ് റെയില്‍വേപാത ജീവനക്കാരന്‍ തന്നെയായ കായംകുളം സ്വദേശി രാജനെ കണ്ടുമുട്ടിയത്.ആ കൂടിക്കാഴ്ച്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലായി. 

  റെയില്‍വേയിലെ ജോലി കഴിഞ്ഞപ്പോള്‍ രാജന്‍ കാസര്‍കോട്ടേക്ക് വരാന്‍ തീരുമാനിച്ചു. കൂടെപ്പോരുന്നോ എന്ന് രാജന്‍ ചോദിച്ചപ്പോള്‍ മൈമുനയ്ക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. അങ്ങനെയാണ് ഇവര്‍ നീലേശ്വരത്ത് എത്തിയത്.
  കൂലിപ്പണിയെടുത്ത് ഇരുവരും സുഖമായി ജീവിച്ചു വരുന്നതിനിടയിലാണ് മൈമുനയുടെ കാലിനുണ്ടായ ഒരു മുറിവ് ഇവരുടെ ജീവിതെ തന്നെ മാറ്റി മറിച്ചത്.മുറിവ് പിന്നീട് വ്രണമായി മാറി. ഒടുവില്‍ ഇരു കാല്‍പാദങ്ങളും മുറിച്ചു മാറ്റി ഇതിനിടയില്‍ ടി ബി രോഗവും പിടിപെട്ടു.എങ്കിലും രാജന്റെ വരുമാനം കൊണ്ട് ഒരു വിധം ജീവിച്ചു വരുന്നതിനിടയിലാണ്. ജോലിക്കിടയില്‍ കിണറില്‍ വീണ് രാജന്റെ നട്ടെല്ലും പൊട്ടിയത്.ഇതോടെ ഇവരുടെ ജീവിതം ഇരുളടഞ്ഞു.
  ഓണത്തിന് സമീപത്തെ സന്നദ്ധ പ്രവര്‍ത്തകരും ക്ലബുകാരും ഓണക്കിറ്റുമായി എത്തിയത് സഹായമായി. ഇടയ്ക്കിടെ പരിചരിക്കാനെത്തുന്ന പാലിയേറ്റീവ് പ്രവര്‍ത്തകരാണ് ഇവര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം.
  ദേശീയപാതയുടെ വികസനം വരുമ്പോള്‍ ഇപ്പോള്‍ താമസിക്കുന്ന കൂരയില്‍ നിന്നും ഒഴിഞ്ഞു പോകേണ്ടി വരുമോ എന്ന ആധിയാണിവര്‍ക്ക്. താമസിക്കാന്‍ സ്വന്തമായി ഒരിടവും പട്ടിണി മാറ്റാന്‍ അല്‍പം ആഹാരവും ലഭിച്ചാല്‍ ഇവര്‍ക്ക് അതൊരു ആശ്വാസമാകുമായിരുന്നു.


  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ഷാജഹാനും മുംതാസും പോലെ ഇവര്‍; പക്ഷെ കൂട്ട് രോഗവും ദുരിതവും മാത്രം Rating: 5 Reviewed By: UMRAS vision
  Scroll to Top