• Latest News

  Thursday, September 21, 2017

  കണ്ണൂര്‍ കലക്ടറേറ്റിലെ മോഷണം; രണ്ടുപേര്‍ അറസ്റ്റില്‍
  Thursday, September 21, 2017
  10:35:00 PM

  കണ്ണൂര്‍: കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പേരാവൂരിലെ കൂരാക്കുണ്ട് ഹൗസില്‍ കെ വി മത്തായി എന്ന ഓന്ത് മത്തായി (53), കോഴിക്കോട് തിരുവമ്പാടിയിലെ കുന്തന്‍തോട്ടില്‍ ബിനോയ് (35) എന്നിവരെയാണ് സി ഐ രത്‌നകുമാറും സംഘവും അറസ്റ്റ് ചെയ്തത്.[www.malabarflash.com]

  ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കലക്ടറേറ്റ് കെട്ടിടത്തിലെ ലോട്ടറി ഓഫീസുള്‍പ്പെടെയുള്ള മുറികളിലും തൊട്ടടുത്ത കാന്റീനിലും കവര്‍ച്ച നടന്നത്. ഓഫീസുകളില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടില്ലെങ്കിലും കാന്റീനില്‍ നിന്ന് അലമാരയില്‍ സൂക്ഷിച്ച 20,000 രൂപയാണ് നഷ്ടമായത്.
  കലക്ടറേറ്റ് കെട്ടിടത്തിലെ സി സി ടി വി ക്യാമറകള്‍ പരിശോധിച്ചെങ്കിലും ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നതായിരുന്നില്ല. പിന്നീട് മൊബൈല്‍ ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞത്. 

  മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ കഴിഞ്ഞിറങ്ങിയ ഓന്ത് മത്തായിയെ കവര്‍ച്ച നടന്നതിന്റെ തൊട്ടടുത്ത ദിവസം കണ്ണൂരില്‍ കണ്ടവരുണ്ടായിരുന്നു. മാത്രമല്ല, നഗരത്തില്‍ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറകളിലൊന്നിലും മത്തായിയുടെ ചിത്രം പതിഞ്ഞിരുന്നു. തുടര്‍ന്ന് ഇയാളെ കണ്ടെത്താന്‍ മാത്രം ഏതാനും പോലീസുകാരെ നഗരത്തില്‍ നിയമിച്ചു. 

  ബുധനാഴ്ച ഉച്ചയോടെ പുതിയ ബസ്സ്റ്റാന്റിലെത്തിയ മത്തായിയെ പോലീസുകാര്‍ കണ്ടതോടെ സമീപത്ത് നിര്‍ത്തിയിട്ട കെ എസ് ആര്‍ ടി സി ബസിന്റെ മറപറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടിയിലാണ് പിടിയിലായത്.
  ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബിനോയിയും കൂട്ടത്തിലുണ്ടായിരുന്നതായി സമ്മതിച്ചത്. 

  തിങ്കളാഴ്ച കളവ് മുതല്‍ വീതം വെച്ച് രണ്ടുവഴിക്ക് പിരിഞ്ഞ ഇവര്‍ ബുധനാഴ്ച കണ്ണൂരില്‍ വീണ്ടും ഒത്തുകൂടാന്‍ തീരുമാനിച്ചിരുന്നു. അതുപ്രകാരമാണ് മത്തായി എത്തിയത്. ബിനോയ് കണ്ണൂരിലെ ലോഡ്ജില്‍ മുറിയെടത്തിട്ടുണ്ടെന്നല്ലാതെ ഏത് ലോഡ്ജിലാണെന്ന് മത്തായിക്ക് അറിയില്ലായിരുന്നു. തുടര്‍ന്ന് നഗരത്തിലെ മുഴുവന്‍ ലോഡ്ജുകളും പരിശോധന നടത്തുന്നതിനിടെ സ്റ്റേഷന്‍ റോഡിലെ ഒരു ടൂറിസ്റ്റ്‌ഹോമില്‍ നിന്ന് ബിനോയ് പിടികൂടി.ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. 

  കണ്ണൂര്‍ കോടതി വളപ്പിലെ കാന്റീനില്‍ കവര്‍ച്ച നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടാണ് മത്തായി ജയിലിലെത്തിയത്. കോഴിക്കോട് ജുഡീഷ്യല്‍ കോടതിയില്‍ കവര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ടാണ് ബിനോയ് അറസ്റ്റിലായത്. കോടതിയില്‍ സൂക്ഷിച്ച ഒരുലക്ഷം രൂപയായിരുന്നു കളവ് പോയത്. എന്നാല്‍ ഈ പണമത്രയും കള്ളനോട്ടുകളായിരുന്നു. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സൂക്ഷിച്ചതായിരുന്നു ഈ പണം. കളവ് നടത്തിയ പണം ബിനോയ് വീട്ടില്‍ സൂക്ഷിച്ചുവെങ്കിലും അതില്‍ നിന്ന് ഏതാനും നോട്ടുകള്‍ ബന്ധു കടയില്‍ കൊണ്ടുപോയപ്പോഴാണ് തിരിച്ചറിഞ്ഞതും ഒടുവില്‍ ബിനോയ് പിടിക്കപ്പെട്ടതും. 

  വൈദികനാകാന്‍ പഠിക്കാന്‍ പോയ ഇയാള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

  ജയിലില്‍ വെച്ചാണ് മത്തായിയും ബിനോയിയും പരിചയപ്പെട്ടതും പുറത്തിറങ്ങിയാല്‍ പോലീസിന് പണി കൊടുക്കാനും തീരുമാനിച്ചത്. ഇക്കഴിഞ്ഞ ജൂലായ് മാസമാണ് ഇരുവരും മൂന്നുവര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ജയിലില്‍ നിന്ന് ജോലി ചെയ്ത വകയില്‍ 37500 രൂപയും ഇരുവര്‍ക്കും പുറത്തിറങ്ങുമ്പോള്‍ ലഭിച്ചിരുന്നു. അത് തീര്‍ന്നപ്പോഴാണ് പണി കൊടുക്കാനിറങ്ങിയത്. 

  രാത്രി എന്‍ എസ് ടാക്കീസില്‍ നിന്ന് സെക്കന്റ് ഷോ സിനിമ കണ്ട ശേഷം നേരത്തെ കണ്ടുവെച്ച കലക്ടറേറ്റിന് മുന്നിലെ പെട്രോള്‍ പമ്പ് കൊള്ളയടിക്കാനായിരുന്നു ഉദ്ദേശം. എന്നാല്‍ വാഹനങ്ങള്‍ വന്നുകൊണ്ടിരുന്നതിനാല്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് കലക്ടറേറിന്റെ മതില്‍ ചാടിക്കടന്ന അകത്തേക്ക് കയറിയത്.
  പിടിയിലാകുമ്പോള്‍ മത്തായിയുടെ കയ്യില്‍ 500 രൂപയും ബിനോയിയുടെ പോക്കറ്റില്‍ 1900 രൂപയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിവാഹിതരായ ഇരുവരും ഇപ്പോള്‍ വീടുമായി ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.
  എസ് ഐ ഉണ്ണികൃഷ്ണന്‍, പോലീസുകാരായ മഹിജന്‍, സജിത്ത്, രഞ്ജിത്ത്, സ്‌നേഹേഷ്, ശിവാനന്ദന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: കണ്ണൂര്‍ കലക്ടറേറ്റിലെ മോഷണം; രണ്ടുപേര്‍ അറസ്റ്റില്‍ Rating: 5 Reviewed By: UMRAS vision
  Scroll to Top