Latest News

സംഘടനാ പ്രവര്‍ത്തകരുടെ മരണം സാഹിത്യോത്സവ് നഗരിയെ കണ്ണീരിലാഴ്ത്തി

കാസര്‍കോട്: എസ് എസ് എഫിന്റെ കര്‍മനിരതരായ രണ്ടു പ്രവര്‍ത്തകരുടെ അപകട മരണം സാഹിത്യോത്സവ് നഗരിയെ കണ്ണീരിലാഴ്ത്തി. സാബിര്‍ സഞ്ചോടി, ഇര്‍ഷാദ് കര്‍ന്നൂര്‍ എന്നിവരാണ് ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ ദാരുണമായി മരണപ്പെട്ടത്. [www.malabarflash.com]

എസ് എസ് എഫിന്റെ ഊര്‍ജസ്വലരായ പ്രവര്‍ത്തകരെയാണ് നഷ്ടമായിരിക്കുന്നത്. ജില്ലാ സാഹിത്യോത്സവ് വിജയിപ്പിക്കുന്നതിന് അഹോരാത്രം പ്രവര്‍ത്തിച്ചവരുടെ നിരയില്‍ ഇരുവരുമുണ്ടായിരുന്നു. സാഹിത്യോത്സവിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടിയും ആശയ പ്രചാരണങ്ങള്‍ക്കുവേണ്ടിയും മുന്‍പന്തിയില്‍ തന്നെയാണ് രണ്ടുപേരും ഉണ്ടായിരുന്നത്. സെക്ടര്‍ ഭാരവാഹികളാണ് ഇരുവരും.

സംഘടനയോട് ആത്മാര്‍ഥതയും കൂറുമുള്ള പ്രവര്‍ത്തകരായിരുന്നു ഇരുവരും. വലിയൊരു സുഹൃദ്‌വലയം തന്നെ പ്രസ്ഥാനത്തിനകത്തും പുറത്തും നേടിയെടുത്ത ഇവരുടെ വിയോഗം ഇപ്പോഴും ഇവരെ അടുത്തറിയാവുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല.

സംഘടന നടത്തുന്ന പരിപാടികള്‍ വിജയിപ്പിക്കുന്നതിനുവേണ്ടിയും അതിനുവേണ്ട കൂട്ടായ്മകള്‍ ഉണ്ടാക്കുന്നതിലും ചെറുതല്ലാത്ത പങ്കാണ് രണ്ടുപേരും നിര്‍വഹിച്ചിരുന്നത്. എസ് എസ് എഫിന്റെ എല്ലാ പരിപാടികളിലും നിറഞ്ഞ സാന്നിധ്യമായിരുന്നു ഇരുവരുടേതുമെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.
സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ ആത്മാര്‍ഥമായ ഇടപെടലുകളാണ് ഇവര്‍ നടത്തിയിരുന്നത്.

സാഹിത്യോത്സവത്തിന്റെ പ്രചാരണ ഘട്ടം മുതല്‍ പരിപാടിയുടെ നടത്തിപ്പുവരെയുള്ള കാര്യങ്ങളില്‍ ഇവര്‍ പുലര്‍ത്തിയ സഹകരണം വിലപ്പെട്ടതാണെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നത് അര്‍ഥശങ്കക്കിടയില്ലാതെയാണ്.

കോരിച്ചൊഴിയുന്ന മഴയെ വകവെക്കാതെ നൂറുകണക്കിനു പ്രവര്‍ത്തകരും അഭ്യദയകാംക്ഷികളും സാഹിത്യോത്സവ് നഗരിയിലേക്ക് ഒഴുകിയെത്തിയിരുന്നു. ആവേശകരമായ സ്വീകരണമാണ് സാഹിത്യോത്സവിന് ഏണിയാടിയുടെ മണ്ണില്‍ ലഭിച്ചത്. ഇതിന്റെ ആഹ്ലാദവും സന്തോഷവും നിലനില്‍ക്കുന്നതിനിടയിലാണ് സംഘടനയുടെ കര്‍മവീഥിയില്‍ പ്രകാശം പരത്തിയ രണ്ടു പ്രവര്‍ത്തകരുടെ ജീവന്‍ അപകടത്തില്‍ പൊലിഞ്ഞത്.

അപകട മരണത്തെ തുടര്‍ന്ന് സാഹിത്യോത്സവ് മത്സരങ്ങള്‍ വെട്ടിച്ചുരുക്കി രാവിലെ 11 മണിയോടു കൂടി സമാപിക്കും. നഗരിയില്‍ നടന്ന പ്രത്യേക പ്രാര്‍ഥനാ സംഗമത്തിന് എസ് വൈ എസ്, എസ് എസ് എഫ് നേതാക്കള്‍ നേതൃത്വം നല്‍കി.

എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, സി ടി അഹമ്മദലി, ഐ സി എഫ് ജി സി സി സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, പി ബി അഹ്മദ് ഹാജി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഹമീദ് മൗലവി ആലംപാടി, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി, സുബൈര്‍ പടുപ്പ്, ഹാരിസ് ഹിമമി, റഫീഖ് സഅദി ദേലംപാടി, നാസര്‍ ബന്താട്, സുലൈമാന്‍ മുസ്‌ലിയാര്‍ പടുപ്പ് തുടങ്ങി നൂറുകണക്കിനാളുകള്‍ ആശുപത്രിയിലെത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.