Latest News

ലഡാക്ക് കീഴടക്കിയ മിടുക്കിയ്ക്ക് ആദരവുമായി ജില്ലാകളക്ടര്‍ വീട്ടിലെത്തി.

പന്തളം: ഹിമാലയപര്‍വ്വതത്തിന്റെ ഭാഗമായ ലഡാക്ക് പര്‍വ്വതനിര കീഴടക്കിയ 18 പേരടങ്ങുന്ന എന്‍.സി.സി കേഡറ്റുകളായ പെണ്‍കുട്ടികളുടെ സംഘത്തിലെ ഏക മലയാളി പെണ്‍കൊടിയ്ക്ക് ആദരവുമായി പത്തനംതിട്ട ജില്ലാകളക്ടര്‍ ആര്‍ ഗിരിജ  വീട്ടിലെത്തി.[www.malabarflash.com]

പന്തളം തെക്കക്കേക്കര പെരുംമ്പുളിയ്ക്കല്‍, പടുക്കോട്ടുക്കല്‍ വേലന്‍പറമ്പില്‍ വീട്ടില്‍ ചന്ദ്രന്‍-തങ്കമണി ദമ്പതികളുടെ മകളായ അഞ്ജന ടി ചന്ദ്രനെ, ഗ്ലോബല്‍ സോഷ്യല്‍ സെന്റര്‍ (ജി.എസ്.സി)ന്റെ ആഭിമുഖ്യത്തില്‍ സ്വവസതിയില്‍ സംഘടിപ്പിച്ച അനുമോദനചടങ്ങിനാണ് ജില്ലാകളക്ടര്‍ വീട്ടിലെത്തിയത്. ജി.എസ്.സിയുടെ പുരസ്‌ക്കാരം കളക്ടര്‍ അഞ്ജനയ്ക്ക് നല്‍കി ഒപ്പം പൊന്നാടയും. ജനപ്രതിനിധികളടക്കം ഗ്രാമവാസികള്‍ ഒന്നടങ്കം എത്തിചേര്‍ന്ന അനുമോദനചടങ്ങ് അവസ്മരണീയവും, വികാരനിര്‍ഭരവുമായിരുന്നു.

കഴിഞ്ഞമാസം രണ്ടിനായിരുന്നു യാത്ര. 17540 അടി ഉയരമുള്ള മഞ്ഞുമൂടിയ പര്‍വ്വതനിര കീഴടക്കാനുള്ള ദൗത്യം അന്നു രാത്രി 12.30 ന് തന്നെ ആരംഭിച്ചു പിറ്റേന്നുപകല്‍ 11.20 ന് പര്‍വ്വതം കീഴടക്കി മുകളില്‍ ഭാരതത്തിന്റെ പതാക പാറിച്ചു ഈ പെണ്‍കൊടികള്‍. അഞ്ജന അടക്കം നാലുപേരാണ് ആദ്യം പര്‍വ്വതത്തിന്റെ നെറുകയിലെത്തിയത്. യാത്രക്കിടെ കഷ്ടപ്പാടുകളുടെ കൊടുമുടികള്‍ താണ്ടിയാണ് ലക്ഷ്യം കൈവരിച്ചതെന്ന് കളക്ടറെയും, ജനപ്രതിനിധികളെയും, നാട്ടുകാരേയും സാക്ഷിയാക്കി യാത്രാദുരിതങ്ങളെക്കുറിച്ച് അഞ്ജന വിവരിച്ചു.

യാത്രയുടെ തുടക്കത്തില്‍ ഒപ്പം ഉണ്ടായിരുന്ന ഭയം പിന്നീട് മഞ്ഞുപോലെ ഇല്ലാതെയായി. ഈ ദൗത്യത്തിന് പ്രേരിപ്പിച്ചത് അഞ്ജനയുടെ സൈനികസേവന ലക്ഷ്യമാണ്. പന്തളം എന്‍.എസ്.എസ് കോളേജില്‍ ഡിഗ്രിയ്ക്ക് ചേര്‍ന്ന വര്‍ഷംതന്നെ എന്‍ സി സി യില്‍ ചേര്‍ന്ന് സജീവപങ്കാളിത്തം ഉരപ്പുവരുത്തി. ഇതിനിടെയാണ് പര്‍വ്വതാരോഹണത്തില്‍ താത്പര്യമുള്ളവരെ സംഘടിപ്പിച്ച് ചെങ്ങന്നൂരിലെ എന്‍.സി.സി കേരളപത്താം ബറ്റാലിയന്‍ പരിപാടി സംഘടിപ്പിച്ചത്. വിവരമറിഞ്ഞപ്പോള്‍തന്നെ അഞ്ജന അപേക്ഷനല്‍കി. തുടര്‍ന്ന് എഴുത്തുപരീക്ഷയും അഭിമുഖത്തിനും ശേഷം പ്രാഥമിക യോഗ്യത ലഭിച്ചു.
ന്യൂഡല്‍ഹിയില്‍ 10 ദിവസത്തെ ആരോഗ്യ-കായികക്ഷമത പരീക്ഷയായിരുന്നു അടുത്ത ഘട്ടം അതും പൂര്‍ത്തീകരിച്ചു. മലകയറുമ്പോള്‍ വഹിക്കേണ്ട ഭാരിച്ച ബാഗുമായി 10 കിലോമീറ്റര്‍ ദിവസവും നടക്കണമായിരുന്നു. പരിശീലനത്തിന്റെ ഭാഗമായി പാരച്യൂട്ട് ജംമ്പിംഗും വശമാക്കി. പരിശീലനത്തിന് 50 പേര്‍ അടങ്ങുന്ന സംഘമായിരുന്നു ഉണ്ടായിരുന്നത്. പരിശീലനം പൂര്‍ത്തിയായപ്പോള്‍ 50 പേരില്‍ നിന്ന് 20 പേരായി ചുരുക്കപ്പെട്ടു. പരിശീലനത്തിന്റെ ഭാഗമായുള്ള ആദ്യയാത്ര മണാലിലേക്കായിരുന്നു. 6 മലകള്‍ അനായസേനതാണ്ടി യോഗ്യത തെളിയിച്ചു. ഇതില്‍ 2 പേര്‍ പരാജയപ്പെട്ടതോടെ 18 അംഗമായി സംഘം ചുരുങ്ങി. ക്യാപ്റ്റന്‍ അരുന്ധതി, സണ്‍ബേര്‍സിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പര്‍വ്വതാരോഹണം.

വടവും മഞ്ഞില്‍ കൊതവെട്ടാനുള്ള മഴുവുമായിട്ടാണ് യാത്ര. ആഹാരവും വസ്ത്രവുമടങ്ങിയ ബാഗും ചുമലില്‍ സ്ഥാനം പിടിച്ചിരുന്നു. മഞ്ഞില്‍ നടക്കുമ്പോള്‍ കാല്‍ വഴുതാതിരിക്കാന്‍ ക്രാബോണ്‍ പിടിപ്പിച്ച ഷൂസും ധരിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് കാലില്‍നിന്ന് ഷൂസു ഇളകിപോകുന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് അഞ്ജന പറഞ്ഞു. യാത്രയുടെ തുടക്കത്തില്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞെങ്കിലും ഉയരത്തിലേക്ക് ചെല്ലുന്തോറും വാര്‍ത്താവിനിമയ ബന്ധം നിലച്ചു.

മഞ്ഞുമലകയറുവാനുള്ള എല്ലാ സംവിധാനങ്ങളുമുണ്ടായിരുന്നുവെങ്കിലും പിടിച്ചുകയറുന്ന പാറ അടര്‍ന്നുപോകുന്നതിലും മലകളുടെ ഉറപ്പില്ലാത്ത പ്രതലവും വെല്ലുവിളിയായിരുന്നു. മഞ്ഞില്‍ കാല്‍ വഴുതുന്നതും മലകയറ്റത്തിന് തടസ്സമായിരുന്നു. എല്ലാം സഹിച്ച് വിജയശ്രീലാളിതയായി പര്‍വ്വതത്തിന്റെ നെറുകയിലെത്തി ദേശീയപതാക വീശിയശേഷം അത് അവിടെ നാട്ടുമ്പോള്‍ മനസ്സുനിറയെ സന്തോഷവും, ദേശാഭിമാനത്തിലുമായിരുന്നു എന്ന് അഞ്ജന പറഞ്ഞു.

വെറ്റ കര്‍ഷകരായ മാതാപിതാക്കളെ സഹായിക്കുന്നതിലും അഞ്ജന മുന്നില്‍തന്നെയാണ്. കൊടുമുടി കീഴടക്കിയ അഞ്ജന കഥകളിയിലും പ്രാവണ്യം തെളിയിച്ചിട്ടുണ്ട്. തട്ട ഉണ്ണികൃഷ്ണന്‍ ആശാനാണ് അഞ്ജനയുടെ ഗുരു. കഥകളിയ്ക്ക് പുറമെ തയ്ക്വാന്‍ഡോയും അഭ്യസിക്കുന്നുണ്ട്. അരുണ്‍ ആണ് അഞ്ജനയുടെ ഏക സഹോദരന്‍.

സമൂഹത്തിന്റെ താഴെ തട്ടില്‍നിന്ന് ഇത്തരം പ്രതിഭകള്‍ വരുന്നത് നാടിന്റെ പുരോഗതിയാണെന്ന് കളക്ടര്‍ പറഞ്ഞു. നിശ്ചയദാര്‍ഢ്യവും, ദൃഢപ്രതിജ്ഞയും ഉണ്ടെങ്കില്‍ ഏത് പ്രതിബന്ധങ്ങളെയും തരണംചെയ്യുവാന്‍ സാധിക്കുമെന്നതിനുള്ള തെളിവാണ് അഞ്ജനയുടെ പര്‍വ്വതാരോഹണമെന്നും പുരസ്‌ക്കാര ചടങ്ങില്‍ കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു.

യോഗത്തില്‍ ജി.എസ്.സി ജനറല്‍ സെക്രട്ടറി അജി.ബി.റാന്നി അദ്ധ്യക്ഷത വഹിച്ചു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ജയന്തികുമാരി, ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുംമ്പുളിയ്ക്കല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനുജ ചന്ദ്രന്‍, എ.കെ സുരേഷ്‌കുമാര്‍, പ്രഭ. വി മറ്റപ്പള്ളി, അലിയാര്‍ എരുമേലി, ജ്യോതിഷ് പെരുംമ്പുളിയ്ക്കല്‍, സിനു.സി വെട്ടുകാട്ടില്‍, ഹരിബാല്‍, സി.എസ് ശശികുമാര്‍, പി.കെ മുരളീധരക്കുറുപ്പ്, പി.ജി.തോമസ്, കെ.വി.ശ്രീദേവി, പീറ്റര്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

വീടിന്റെ ശോചനാവസ്ഥയെപ്പറ്റി ജനപ്രതിനിധികള്‍ കളക്ടറോട് ഉന്നയിച്ചപ്പോള്‍ ഉടന്‍തന്നെ പട്ടികജാതി വികസനവകുപ്പില്‍നിന്നും വീട് ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പുനല്‍കിയശേഷമാണ് കളക്ടര്‍ മടങ്ങിയത്.Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.