Latest News

തന്നെ വെടിവെയ്ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് 50 ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കി; തെരഞ്ഞെടുപ്പ് ടിക്കറ്റ് ലക്ഷ്യം

ഹൈദരാബാദ്: തെരഞ്ഞെടുപ്പില്‍ ടിക്കറ്റു കിട്ടാനും സഹതാപ തരംഗത്തില്‍ വിജയിച്ചു കയറാനും യൂത്ത് കോണ്‍ഗ്രസ് നേതാവ് നടത്തിയ വെടിവെയ്ക്കല്‍ നാടകം പോലീസ് കണ്ടെത്തി.[www.malabarflash.com]
ഹൈദരാബാദിലെ വിക്രം ഗൗഡ് എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവാണ് അതിബുദ്ധികാണിച്ച് കുടുക്കിലായത്. കഴിഞ്ഞ ആഴ്ചയാണ് ശരീരത്തില്‍ വെടിയുണ്ടകളേറ്റ് അവശനിലയില്‍ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

വീട്ടില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച അക്രമികള്‍ രക്ഷപ്പെടുകയായിരുന്നെന്നായിരുന്നു മൊഴി. അടിയന്തിര ചികിത്സകള്‍ നടത്തി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചു.

അതിനിടയില്‍ സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചതോടെയാണ് സ്വയം ക്വട്ടേഷന്‍ നല്‍കിയ കാര്യം പുറത്തുവന്നത്. നാലു മാസങ്ങള്‍ക്കു മുന്‍പ് ആസൂത്രണം ചെയ്ത വധശ്രമനാടകമാണ് ഇതോടെ പൊളിഞ്ഞത്.

വിക്രം ഗൗഡ് തന്നെ വെടിവയ്ക്കുന്നതിന് 50ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതായി പോലീസ് കണ്ടെത്തി. വരാനിരിക്കുന്ന 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നതിനുള്ള നീക്കമായിരുന്ന രണ്ട് വര്‍ഷം മുന്നെ തന്നെ വിക്രം നടത്തിയത്. ജനങ്ങളുടെ അനുകമ്പയും പൊതുശ്രദ്ധയും നേടുന്നതിനുള്ള ശ്രമമായിരുന്നു 'ആസൂത്രിതമായ ഈ വധശ്രമം'.

വെള്ളിയാഴ്ച ഭാര്യയോടൊപ്പം ഒരു തീര്‍ഥാടനത്തിനു പോകുന്നതിന് തയ്യാറെടുക്കുന്നതിനിടയില്‍ വീടിന്റെ താഴത്തെ നിലയില്‍വെച്ചാണ് വിക്രം ഗൗഡിന് വെടിയേല്‍ക്കുന്നത്. പോലീസ് അന്വേഷണത്തില്‍ സമീപ പ്രദേശത്തുള്ള വെള്ളക്കെട്ടില്‍നിന്ന് വെടിവെക്കാനുപയോഗിച്ച തോക്ക് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അഞ്ച് സംസ്ഥാനങ്ങളില്‍നിന്നായി അഞ്ച് പ്രതികളെ പോലീസ് പിടികൂടി. നാലുപേര്‍ കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പോലീസ് കണ്ടെത്തി.

ഒരു കാരണവശാലും പോലീസ് പിടികൂടില്ലെന്ന് വിക്രം ഗൗഡ് പ്രതികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതായി പോലീസ് പറയുന്നു. മൂന്നു പ്രാവശ്യം തന്നെ വെടിവയ്ക്കണമെന്നും മൂന്ന് എന്നത് തന്റെ ഭാഗ്യ നമ്പറാണെന്നും ഇയാള്‍ സംഘത്തോട് പറഞ്ഞിരുന്നു. എന്നാല്‍ സംഭവം നടന്ന സാഹചര്യങ്ങള്‍ വിലയിരുത്തിയ പോലീസിന് ആദ്യംതന്നെ വിക്രമിനെ സംശയിക്കാനുള്ള കാരണങ്ങള്‍ ലഭിച്ചിരുന്നു.

സ്വയം വെടിവയ്പ്പിക്കുന്നതിനായി പണംമുടക്കുകയും തോക്കുകള്‍ വാങ്ങുകയും ക്വട്ടേഷന്‍ കൊടുക്കുകയും പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ഇത്തരമൊരു സംഭവം ആദ്യത്തേതാണെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ മഹേന്ദര്‍ റെഡ്ഡി പറഞ്ഞു. ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും വിക്രമിന് വീഴ്ചകള്‍ സംഭവിച്ചു. പോലീസിന്റെ കഴിവുകളെ വിലകുറച്ചു കണ്ടതും വിക്രം ഗൗഡിന് വിനയായതായി അദ്ദേഹം പറഞ്ഞു.

ഗൂഢാലോചനയടക്കം നിരവധി വകുപ്പുകള്‍ ചുമത്തിയാണ് വിക്രം ഗൗഡിനെതിരെ കേസെടുത്തിരിക്കുന്നത്. ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് ഇറങ്ങിയാലുടന്‍ ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

രാജശേഖര്‍ റെഡ്ഡി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മുകേഷ് ഗൗഡിന്റെ പുത്രനാണ് വിക്രം ഗൗഡ്. മൂന്ന് വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്.


Monetize your website traffic with yX Media

 Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.