• Latest News

  Tuesday, August 15, 2017

  നാ​​​ദാ​​​പു​​​രം കോ​ള​ജി​ൽ സംഘർഷം, ബോംബേറ്; നിരവധി കുട്ടികൾക്ക് പരിക്ക്
  Tuesday, August 15, 2017
  4:07:00 AM

  നാദാപുരം: എം.ഇ.ടി ആർട്‌സ് ആൻഡ്​ സയൻസ് കോളേജിൽ എം.എസ്.എഫി​ന്റെ വിജയാഹ്ലാദ പ്രകടനത്തിന് നേരെ ഉണ്ടായ അക്രമത്തിൽ നിരവധി പേർക്ക് പരിക്ക്. രണ്ട് തവണയുണ്ടായ അക്രമസംഭവങ്ങളിൽ നിരവധി വിദ്യാർത്ഥികൾക്ക്​ പരിക്കേറ്റു.[www.malabarflash.com]

  വിദ്യാർഥികൾക്ക് നേരേയുണ്ടായ സ്റ്റീൽ ബോംബാക്രമത്തിൽ സാരമായ പരിക്കുകളോടെ അഞ്ച് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എം.ഇ.ടി.കോളേജ് റോഡിലുണ്ടായ സംഘർഷത്തിൽ അക്രമികളെ തുരത്താൻ പോലീസ് ഗ്രാനേഡ് ഉപയോഗിച്ചു.

  കോളജ് തിരഞ്ഞെടുപ്പിൽ വിജയം നേടിയ എം.എസ്.എഫ്.പ്രവർത്തകരുടെ വിക്​ടറി ഡേ ആഘോഷത്തി​ന്റെ ഭാഗമായി കോളജിൽ പ്രകടനം നടത്തുകയായിരുന്നു. ഉച്ചക്ക് ഒരു മണിയോടെ പ്രകടനം കോളജിൽ നിന്നും എം.ഇ.ടി റോഡിലേക്ക് നീങ്ങിയത്. ഇതിനിടയിൽ പ്രകടനക്കാരും പ്രദേശത്തെ ചിലരും തമ്മിൽ വാക്ക്​ തർക്കമുടലെടുത്തു. ഇതാണ് അക്രമത്തിലും തുടർന്ന് ബോംബേറിലും കലാശിച്ചത്. ഏറെ സമയം കോളജ് റോഡും പരിസരവും വാണിയൂർ റോഡും യുദ്ധക്കളമായി. നിരവധി കോളജ് വിദ്യാർഥികൾ അക്രമത്തിനിരയായി.

  സ്​റ്റീൽ ബോംബാക്രമണത്തിൽ സാരമായി പരിക്കേറ്റ ബികോം അവസാന വർഷ വിദ്യാർത്ഥി മുട്ടുങ്ങൽ ചെട്ട്യാംകണ്ടി റാസിഖ്(19), കക്കംവളളി കരീച്ചേരി മുഹമ്മദ്(19), കൊട്ടീരം മയങ്ങിയിൽ സാലിഹ് (19), മംഗലാട് മുഹമ്മദ് അമീർ(19), ഇയ്യങ്കോട് കണിയാങ്കണ്ടി അൻഷാദ്(19) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 

  അഞ്ച് പേർക്കും കാലിനാണ് പരിക്കേറ്റത്. വാണിയൂർ റോഡരികിൽ ഓത്തിയിൽ അമ്മദ്ഹാജിയുടെ വീടിനോട് ചേർന്ന നിസ്‌കാര പളളിക്കടുത്ത് നിൽക്കുകയായിരുന്ന വിദ്യാർഥികൾക്കിടയിലാണ് ബോംബ് പതിച്ചത്. വീടിനോട് ചേർന്ന റോഡിൽ നിർത്തിയിട്ട ബസിന്​ പിറകിൽ നിന്നാണ് വിദ്യാർഥികൾക്ക് നേരെ ബോംബെറിഞ്ഞത്. സ്​റ്റീൽ ബോംബാണ് അക്രമത്തിന് ഉപയോഗിച്ചത്. ഉഗ്രസ്​ഫോടന ശബ്​ദം കേട്ട നാട്ടുകാരാണ് വിദ്യാർഥികളെ ആശുപത്രിയിൽ എത്തിച്ചത്. ഒരാൾ ബോംബ് എറിയുന്നത് കണ്ടതായി നാട്ടുകാർ പോലീസിന് മൊഴി നൽകി.

  എം.ഇ.ടി.കോളേജിലെ ഡിഗ്രി വിദ്യാർഥികളായ നാദാപുരം മാണിക്കോത്ത് നിസാം(19), വാണിമേൽ വി.പി.ആഷ്ഖ്(20), കക്കംവളളി മിഥിൽരാജ്(20) എന്നിവരെ അക്രമത്തിൽ പരിക്കേറ്റ നിലയിൽ വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  വളയം മാമുണ്ടേരി ഷംനാസ്(19), കുമ്മങ്കോട് സി.പി.അജ്‌നാസ്(18), കുളങ്ങരത്ത് ഷാഹിദ് അഫ്രീദ്(19), തീക്കുനി സി.പി.മുഹമ്മദ് അസ്​ലം(19), യു.യു.സി.യായി വിജയിച്ച വാണിമേൽ നസ്മുസ്സാഖിബ്(19), വാണിമേൽ എ.കെ.അജ്മൽ(19), വാണിമേൽ എൻ.കെ.മുനവ്വർ(18), പെരിങ്ങത്തൂർ മുഹമ്മദ്ഫാരിസ്(18), മംഗലാട് കുളമുളളതിൽ നിയാസ്(19), കസ്തൂരിക്കുളം കരുവേരി റംഷിദ്(20), കുമ്മങ്കോട് എം.കെ.ആഷ്ഖ്(19), മംഗലാട്ട് ചെക്കിപ്പറമ്പത്ത് നബീൽ(20), കണ്ടോത്ത് കുനി തയ്യിൽ റുഹൈസ്(18), വിലാതപുരം പാറോളളത്തിൽ റമീസ്(19), വാണിമേൽ പറമ്പത്ത് അജ്മൽ(18), നാദാപുരം നിസ്‌വാൻ(19) എന്നിവരെ നാദാപുരം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  എം.ഇ.ടി.കോളേജ് പരിസരത്തെ വീട്ടുകാരായ ചടേച്ചാംങ്കണ്ടി ബാലൻ(53)മലയിൽ വൈശാഖ്(22)തെക്കെ ഏരാംവീട്ടിൽ ദിനേശൻ(22) എന്നിവരുടെ പരിക്കുകളോടെ വടകര ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിനിടെയാണ് സി.പി.എം.അനുഭാവികളായ മൂന്ന് പേർക്കും പരിക്കേറ്റത്.

  പ്രകടനക്കാരം പ്രദേശവാസികളും തമ്മിലുണ്ടായ നിസ്സാര വാക് തർക്കമാണ് അക്രമത്തിലേക്ക് നീങ്ങിയത്. പരിസരത്തെ വീട്ടുകാരനായ ബാലനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഒ.പി.ടിക്കറ്റ് എടുക്കുന്നതിനിടെ വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചു. ഇതോടെ ഇയാളെ വടകരയിലേക്ക് ഗവ.ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇതിന് പിന്നാലെയാണ് കുമ്മങ്കോട് വാണിയൂർ റോഡിൽ ബോംബാക്രമം ഉണ്ടായത്.

  അക്രമത്തിന് പിന്നിൽ സി.പി.എം-ഡി.വൈ.എഫ്.ഐ.പ്രവർത്തകരാണെന്ന് എം.എസ്.എഫ്.നേതാക്കൾ ആരോപിച്ചു. വിജയാഹ്ലാദ പ്രകടനത്തിന് നേരെ ഭരണത്തിന്റെ തണലിൽ സി.പി.എം.അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് ലീഗ് നേതാക്കൾ പറഞ്ഞു.

  കല്ലാച്ചി വാണിയൂർ റോഡിലുണ്ടായ ബോംബാക്രമണത്തിൽ സി.പി.എമ്മിന് യാതൊരു പങ്കുമില്ലെന്നും സംഭവത്തെ കുറിച്ച് സമഗ്രമായ അന്യേഷണം നടത്തണമെന്നും സി.പി.എം.നാദാപുരം ഏരിയാ കമ്മിറ്റി പ്രസ്​ഥാവനയിൽ പറഞ്ഞു. 

  റൂറൽ എസ്.പി എം.കെ പുഷ്കരൻ, ഡിവൈ.എസ്.പി വി.കെ രാജു, കുറ്റ്യാടി സി.ഐ. എം.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.  Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: നാ​​​ദാ​​​പു​​​രം കോ​ള​ജി​ൽ സംഘർഷം, ബോംബേറ്; നിരവധി കുട്ടികൾക്ക് പരിക്ക് Rating: 5 Reviewed By: editordesk Malabarflash
  Scroll to Top