• Latest News

    Wednesday, July 5, 2017

    ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ വിശ്രമമുറിയില്‍ കവര്‍ച്ച; യുവതി പിടിയില്‍
    Wednesday, July 5, 2017
    1:00:00 PM

    കണ്ണൂര്‍: ഡോക്ടര്‍മാരുടെ വിശ്രമമുറിയില്‍ കയറി പണം കവരാന്‍ ശ്രമിച്ച യുവതിയെ ഡോക്ടറും ജീവനക്കാരും ചേര്‍ന്ന് കൈയ്യോടെ പിടികൂടി സിറ്റി പോലീസിന് കൈമാറി. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.[www.malabarflash.com] 

    കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറായ വനിതാ ഡോക്ടര്‍ കാലത്ത് ഡ്യൂട്ടിക്ക് എത്തിയശേഷം വിശ്രമമുറിയില്‍ ബാഗ് വെച്ചിരുന്നു. വാതില്‍ അടച്ചശേഷം തൊട്ട് മുന്നിലെ അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളെ പരിശോധിച്ച ശേഷം 9 മണിയോടെ ഭക്ഷണം കഴിക്കാന്‍ വിശ്രമമുറിയുടെ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. 

    നിരവധി തവണ മുട്ടി വിളിച്ചപ്പോഴാണ് ഒരു യുവതി വാതില്‍ തുറന്നത്. അകത്തെന്തിന് കയറിയെന്ന് ചോദിച്ചപ്പോള്‍ പനിയാണെന്നും ചര്‍ദ്ദിക്കാനാണ് അകത്ത് കയറിയതെന്നും യുവതി മറുപടി നല്‍കി. പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡോക്ടര്‍ സമീപത്തുണ്ടായിരുന്ന ജീവനക്കാരെ കൂട്ടി യുവതിയെ കൂടുതല്‍ ചോദ്യം ചെയ്യുകയും ബാഗ് പരിശോധിക്കുകയും ചെയ്തപ്പോള്‍ 1500 രൂപ കണ്ടെടുത്തു. ഡോക്ടര്‍ തന്റെ ബാഗിലെ പേഴ്‌സ് തുറന്ന് നോക്കിയപ്പോള്‍ അതില്‍ സൂക്ഷിച്ച പണവും കാണാനില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടു. 

    ജീവനക്കാരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മുന്നില്‍ ആദ്യം പറഞ്ഞ മൊഴി തിരുത്തി. ബാഗില്‍ നിന്നും എടുത്ത പണം തന്നെയാണിതെന്നും സമ്മതിച്ചു. വിവരമറിയിച്ചതനുസരിച്ച എത്തിയ സിറ്റി പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. 

    നേരത്തെയും ഇതുപോലെ മറ്റൊരു ഡോക്ടറുടെ പണം നഷ്ടപ്പെട്ടിരുന്നു. വാര്‍ഡുകളില്‍ നിന്ന് നേഴ്‌സുമാരുടെയും നിരവധി ജീവനക്കാരുടെയും ആഭരണങ്ങളും പണവും മോഷണം പോകാറുണ്ടെങ്കിലും ഇതുവരെ ആരെയും പിടികൂടാന്‍ സാധിച്ചിരുന്നില്ല. 

    വീടുകള്‍ തോറും കയറി ഗൃഹോപകരണങ്ങള്‍ വില്‍പ്പന നടത്താന്‍ ഒരു സ്വകാര്യ കമ്പനിയുടെ സെയില്‍സ് എക്‌സിക്യൂട്ടീവായി പ്രവര്‍ത്തിക്കുന്ന ആളാണത്രെ പിടിയിലായ യുവതി. കോട്ടയം സ്വദേശിനിയായ ഈ 22 കാരിയുടെ കൈയ്യില്‍ തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടായിരുന്നു.




    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ വിശ്രമമുറിയില്‍ കവര്‍ച്ച; യുവതി പിടിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top