• Latest News

  Thursday, July 6, 2017

  അബ്ദുല്‍ നാസറിനെ ആക്രമിക്കാന്‍ 5 ലക്ഷത്തിന്റെ ക്വട്ടേഷന്‍ നല്‍കിയത് സഹോദരി ഭര്‍ത്താവ്
  Thursday, July 6, 2017
  3:08:00 AM

  കുറ്റിക്കോല്‍: കുറ്റിക്കോലിലെ അബ്ദുല്‍ നാസറിനെ ആക്രമിക്കാന്‍ സിപിഎം പ്രാദേശിക നേതാക്കളുള്‍പ്പെട്ട സംഘം ഗള്‍ഫ് വ്യവസായിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത് 5 ലക്ഷം രൂപയ്ക്ക്.[www.malabarflash.com]

  അബ്ദുല്‍ നാസറിന്റെ സഹോദരീ ഭര്‍ത്താവ് കാഞ്ഞങ്ങാട്ടെ ഇബ്രാഹിം ഹാജിയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പ്രതികളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെയും പോലീസ് പ്രതിചേര്‍ത്തിട്ടുണ്ട്. 

  നേരത്തേ ഗള്‍ഫില്‍ ഒരുമിച്ചു ബിസിനസ് നടത്തിയിരുന്ന ഇരുവരും വര്‍ഷങ്ങളായി ബദ്ധശത്രുതയിലാണ്. ബിസിനസ് സംബന്ധിച്ച തര്‍ക്കമാണ് ഇതിനു കാരണം. ഇതുതന്നെയാണ് ആക്രമണത്തിലേക്ക് നയിച്ചതും. ഇബ്രാഹിം ഹാജി ഇപ്പോള്‍ അറസ്റ്റിലായ സിപിഎം മുണ്ടക്കൈ ബ്രാഞ്ച് സെക്രട്ടറി റഫീഖിനെയാണ് ക്വട്ടേഷന്‍ ഏല്‍പിക്കുന്നത്.
  ഇന്റര്‍ലോക്ക് ജോലിക്കാരനായ റഫീഖ് അഞ്ചുവര്‍ഷം മുന്‍പ് ഇബ്രാഹിം ഹാജിയുടെ വീട്ടില്‍ പണിയെടുത്തിരുന്നു. അങ്ങനെയാണ് ഇരുവരും പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇബ്രാഹിം ഹാജി പെട്രോള്‍ പമ്പ് വിലയ്‌ക്കെടുത്തപ്പോള്‍ ഇടനിലക്കാരനായതും റഫീഖായിരുന്നു. ഈ സൗഹൃദം പിന്നീട് അടുത്ത ബന്ധമായി വളര്‍ന്നു. അങ്ങനെയാണ് അബ്ദുല്‍ നാസറിനെ ആക്രമിക്കാനുള്ള ദൗത്യം റഫീഖിനെ ഏല്‍പിക്കുന്നത്. 

  റഫീഖ് അടുത്ത സുഹൃത്തും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ സി.കെ. മുനീറിനോട് വിവരം പറയുകയും സാമ്പത്തികനേട്ടം പറഞ്ഞ് കൂടെ ചേര്‍ക്കുകയും ചെയ്തു. അബ്ദുല്‍ നാസറിന്റെ വരവും പോക്കും നിരീക്ഷിക്കലായിരുന്നു സൈനുദ്ദീന്റെ ചുമതല. നേരത്തേ മണല്‍ കടത്തിന് അകമ്പടി പോയി സൈനുദ്ദീനുള്ള പരിചയം ഇത് എളുപ്പമാക്കി. 

  ആക്രമണം നടത്തിയത് മുഹമ്മദ് അഹ്‌സറുദ്ദീനും ഇപ്പോള്‍ ഒളിവിലുള്ള മറ്റൊരു പ്രതിയും മാത്രമാണെന്നു പോലീസ് പറഞ്ഞു.
  അബ്ദുല്‍ നാസറിനെ ആക്രമിക്കാന്‍ സംഘം പദ്ധതിയിട്ടത് ഒരുമാസം മുമ്പാണ്. സംഭവം നടന്നതിന് ഒരാഴ്ച മുമ്പു സംഘം ഇതിനായി കുറ്റിക്കോലിലെത്തിയിരുന്നെങ്കിലും തലനാരിഴ വ്യത്യാസത്തിനു ദൗത്യം പാളി. കൃത്യമായ ആസൂത്രണത്തോടെ പിന്നീട് ആക്രമണം നടത്തിയെങ്കിലും പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണം പ്രതികളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. 

  ഒടുവില്‍ പ്രതികളെല്ലാം പിടിയിലാകുമ്പോള്‍ പൊതുപ്രവര്‍ത്തനത്തിന്റെ മറവില്‍ മൂടിവച്ച ക്രിമിനല്‍ മുഖങ്ങളാണ് പുറത്താകുന്നത്.
  സിപിഎം മുളിയാര്‍ ലോക്കല്‍ കമ്മിറ്റി അംഗം സി.കെ.മുനീര്‍, മുണ്ടക്കൈ ബ്രാഞ്ച് സെക്രട്ടറി റഫീഖ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആലൂരിലെ സൈനുദ്ദീന്‍, വിദ്യാനഗര്‍ ചാലയിലെ മുഹമ്മദ് അഹ്‌സറുദ്ദീന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. 

  കഴിഞ്ഞ ഏപ്രില്‍ 18നു വൈകിട്ട് ഏഴോടെയാണ് അബ്ദുല്‍ നാസറും ഭാര്യ ഖൈറുന്നീസയും സഞ്ചരിച്ച കാര്‍ തടഞ്ഞുവച്ച് ഇരുവരെയും മുഖംമൂടി സംഘം അടിച്ചുപരുക്കേല്‍പിച്ചത്. മകന്‍ ഇര്‍ഷാദിനൊപ്പം കാറില്‍ കുറ്റിക്കോലില്‍ നിന്നു വീട്ടിലേക്കു പോകുന്നതിനിടെ വീട്ടില്‍ നിന്നു 150 മീറ്റര്‍ അകലെ സുഗന്ധിപ്പാറയില്‍ വച്ചായിരുന്നു ആക്രമണം. റോഡില്‍ കാട്ടുമുള്ളുകള്‍ വച്ച് തടസ്സപ്പെടുത്തിയതു മാറ്റാനാണ് അബ്ദുല്‍ നാസര്‍ കാറില്‍ നിന്നിറങ്ങിയത്.

  ഇറങ്ങിയ ഉടനെ സമീപത്തെ കാട്ടില്‍ മറഞ്ഞിരുന്ന മുഹമ്മദ് അഹ്‌സറുദ്ദീനും ഒളിവിലുള്ള മറ്റൊരു പ്രതിയും ചേര്‍ന്ന് വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. നാസറിന്റെ വലതുകൈക്കും കാലിനുമായിരുന്നു മര്‍ദനം. തടയാന്‍ ചെന്ന ഭാര്യ ഖൈറുന്നീസയുടെ വലതുകൈ അടിച്ചുപൊട്ടിക്കുകയും ചെയ്തു. നിലവിളി കേട്ട് പരിസരവാസികള്‍ എത്തുമെന്നായപ്പോള്‍ പ്രതികള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

  ക്വട്ടേഷന്‍ ആക്രമണമാണ് നടന്നതെന്നു തുടക്കത്തില്‍ തന്നെ പോലീസിനു സൂചനകളുണ്ടായിരുന്നു. ഇതില്‍ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം മുഴുവനും. തുടര്‍ന്നു മൊബൈല്‍ഫോണ്‍ വിളികളുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചത്. 

  കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ആദ്യം തന്നെ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയസ്വാധീനം കണക്കിലെടുത്ത് എല്ലാ തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്.  Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: അബ്ദുല്‍ നാസറിനെ ആക്രമിക്കാന്‍ 5 ലക്ഷത്തിന്റെ ക്വട്ടേഷന്‍ നല്‍കിയത് സഹോദരി ഭര്‍ത്താവ് Rating: 5 Reviewed By: UMRAS vision
  Scroll to Top