• Latest News

  Tuesday, July 25, 2017

  റബീയുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം; ന്യൂനപക്ഷ മോര്‍ച്ച ദേശീയനേതാവ് അടക്കം ഏഴ് പേര്‍ പിടിയില്‍
  Tuesday, July 25, 2017
  11:10:00 AM

  മലപ്പുറം: പ്രമുഖ ഗൾഫ് വ്യവസായിയും ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ഉടമയുമായ ഡോ.കെ.ടി മുഹമ്മദ് റബീഉള്ളയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ഏഴു പേർ അറസ്റ്റിൽ.[www.malabarflash.com] 

  തിങ്കളാഴ്ച രാവിലെയാണ് റബീഉള്ളയുടെ വീട്ടുമുറ്റത്ത് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ റബീഉള്ളയുടെ ഭാര്യ ഷഹ്‌റാബാനുവിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

  പോലീസ് പിടിയിലായവരിൽ ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അസ്ലം കുരിക്കളും കർണാടകയിലെ ഒരു പോലീസ്  ഉദ്യോഗസ്ഥനുമുണ്ട്. തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റബീഉള്ളയെ കാണണമെന്നാവശ്യപ്പെട്ടാണ് സംഘം എത്തിയിരുന്നത്.

  റബീഉള്ളയുടെ ബിസിനസ് പ്രശ്‌നം പരിഹരിക്കാൻ എത്തിയതെന്നാണ് സംഘം പോലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞത്. സംഘത്തിന് റബീഉള്ളയുമായി ബിസിനസ് ഇടപാട് ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. മുംബൈ മോഡലിൽ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി വിലപേശലായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് പോലീസ് സംശയിക്കുന്നത്.

  രാവിലെ ആറരയോടെയാണ് മൂന്ന് വാഹനങ്ങളിലായി സംഘം മലപ്പുറം കോഡൂരിലെ റബീഉള്ളയുടെ വീടിനു സമീപത്തെത്തിയത്. അടഞ്ഞു കിടന്ന ഗേറ്റ് തുറക്കാൻ സംഘം ആവശ്യപ്പെട്ടെങ്കിലും സെക്യൂരിറ്റി പ്രവേശനം നിഷേധിച്ചു. തുടർന്ന് കാവൽക്കാരെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി സംഘം മതിൽ ചാടി ഉള്ളിലേക്ക് കടന്നു. ഇതു കണ്ട നാട്ടുകാർ സംഘത്തെ പിടികൂടി ചോദ്യം ചെയ്തു. പന്തികേട് തോന്നിയ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 

  സംഘം എത്തിയ ഒരു വാഹനം നാട്ടുകാർ അടിച്ചു തകർത്തു. മൂന്ന് പേരെ സംഭവസ്ഥലത്ത് വെച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. രക്ഷപ്പെട്ട മറ്റു നാലു പേരെ അതിവിദഗ്ദമായി രാത്രിയോടെ കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി പോലീസ് പിടികൂടി മലപ്പുറത്തെത്തിച്ചു.

  മംഗളുരു സ്വദേശിയും ന്യൂനപക്ഷ മോർച്ച നേതാവുമായ അസ് ലം ഗുരുക്കൾ, ഇയാളുടെ ഗൺമാനും കർണാടകയിലെ പോലീസ് ഉദ്യോഗസ്ഥനുമായ കേശവ മൂർത്തി, മംഗളുരു സ്വദേശികളായ രമേശ്, സുനിൽകുമാർ, കാസർകോട് സ്വദേശികളായ റിയാസ്, അർഷാദ്, ഉസ്മാൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഘം സഞ്ചരിച്ച വാഹനങ്ങളും രണ്ട് തോക്കുകളും കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച വാഹനങ്ങളിൽ ഒന്ന് കർണാടക മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് കൗൺസിൽ എന്ന സ്റ്റിക്കർ ഒട്ടിച്ചതായിരുന്നു.

  കാവൽക്കാരുടെ നേരെ ചൂണ്ടിയ തോക്ക് ഗൺമാനായ പോലീസുകാരന്റെതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വീട്ടുതടങ്കലിൽ കഴിയുന്ന റബീഉള്ളയെ മോചിപ്പിക്കാൻ വന്നതാണെന്നാണ് സംഘം പോലീസിനോട് പറഞ്ഞിരിക്കുന്നത്. പണം തട്ടുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്നാണ് കരുതുന്നത്. 

  റബീഉള്ളയുടെ ഭാര്യയുടേയും സംഭവസ്ഥലത്തുണ്ടായിരുന്നവരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തി. നേരിയ ശാരീരിക, മനസികാസ്വാസ്ഥ്യത്തെ തുടർന്ന് റബീഉള്ള മാസങ്ങളായി ചികിത്സയിൽ കഴിയുകയാണെന്ന് ബന്ധുക്കൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഈ സമയത്ത് ചികിത്സയുടെ ഭാഗമായി ബിസിനസ് കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് താൽക്കാലികമായി വിട്ട് നിർത്തിയിരിക്കുകയാണ്. ഫോൺ പോലും ഉപയോഗിക്കരുതെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.

  അവസരം മുതലെടുത്ത് സ്വത്ത് തട്ടുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പരിശോധിച്ചു വരുന്നു.

  സംഭവത്തിൽ മലപ്പുറം എസ്‌പി ദേബേഷ് കുമാർ ബെഹ്‌റയുടെ മേൽനോട്ടത്തിൽ ഡി.വൈ.എസ്‌പി ജലീൽ നേട്ടത്തിൽ, സി.ഐ എ പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.
  Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: റബീയുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം; ന്യൂനപക്ഷ മോര്‍ച്ച ദേശീയനേതാവ് അടക്കം ഏഴ് പേര്‍ പിടിയില്‍ Rating: 5 Reviewed By: UMRAS vision
  Scroll to Top