• Latest News

    Saturday, June 17, 2017

    വിമാനത്താവളത്തില്‍ യാത്രക്കാരന്റെ മാലമോഷ്ടിച്ച കസ്റ്റംസ് ജീവനക്കാരന്‍ പിടിയില്‍
    Saturday, June 17, 2017
    11:48:00 AM

    കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ മാലമോഷ്ടിച്ച കസ്റ്റംസ് ജീവനക്കാരന്‍ കരിപ്പൂര്‍ പോലീസിന്റെ പിടിയിലായി. കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് ഹവില്‍ദാറും ആലുവ സ്വദേശിയുമായ അബ്ദുള്‍കരീം (51) ആണ് വെള്ളിയാഴ്ച വിമാനത്താവളത്തില്‍ പിടിയിലായത്.[www.malabarflash.com]

    കസ്റ്റംസ്ഹാളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. മേയ് 19-നാണ് കേസിനാസ്​പദമായ സംഭവം നടന്നത്.

    ദുബായില്‍ നിന്നെത്തിയ കോഴിക്കോട് കക്കട്ട് സ്വദേശി കുഞ്ഞിരാമന്‍ കഴുത്തില്‍ ധരിച്ചിരുന്ന 25 ഗ്രാം തൂക്കംവരുന്ന മാലയാണ് കാണാതായത്. സ്വര്‍ണം കണ്ടെത്താന്‍ സഹായിക്കുന്ന ഡോര്‍ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍ യന്ത്രത്തിലൂടെ ശരീരപരിശോധനയ്ക്ക് വിധേയനാകുന്നതിനു മുന്‍പ് കൈവശമുള്ളതും ഡിക്‌ളറേഷന്‍ രേഖയിലുള്ളതുമായ സ്വര്‍ണാഭരണങ്ങള്‍ ഊരി പ്രത്യേക ട്രേയില്‍ ഏല്‍പ്പിക്കണമെന്നാണ് കസ്റ്റംസ് നിയമം.

    ഇപ്രകാരം പരിശോധനയ്ക്ക് വിധേയനാകാനായി ഊരിമാറ്റി ട്രേയില്‍ നിക്ഷേപിച്ചതായിരുന്നു സ്വര്‍ണമാല. പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ട്രേയില്‍നിന്ന് മാല നഷ്ടപ്പെട്ടിരുന്നു. ഭാര്യ എടുത്തിരിക്കുമെന്നുകരുതി വീട്ടിലെത്തിയ കുഞ്ഞിരാമന്‍ പിന്നീടാണ് മാല നഷ്ടമായതായി അറിയുന്നത്.

    അടുത്തദിവസം വിമാനത്താവളത്തിലെത്തിയ കുഞ്ഞിരാമന്‍ ഇക്കാര്യം കസ്റ്റംസ് അധികൃതരുമായി സംസാരിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി. യാത്രക്കാരനെ ചില ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇതേത്തുടര്‍ന്ന് കുഞ്ഞിരാമന്‍ കരിപ്പൂര്‍ പോലീസില്‍ പരാതിനല്‍കി. പോലീസ് എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരുമായി ബന്ധപ്പെട്ട് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു.

    അബ്ദുള്‍കരീം മാലയുമായി പോകുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് അറസ്റ്റ്. അബ്ദുള്‍കരീമിനെ അന്വഷണവിധേയമായി സസ്‌പെന്‍ഡ്‌ചെയ്യാന്‍ വിമാനത്താവള കസ്റ്റംസ് വിഭാഗം കസ്റ്റംസ് കമ്മിഷണര്‍ക്ക് ശുപാര്‍ശനല്‍കി. അവധിയിലുള്ള കമ്മിഷണര്‍ തിരിച്ചെത്തുന്ന മുറയ്ക്ക് ഇയാള്‍ക്കെതിരേ വകുപ്പുതല നടപടിയെടുക്കുമെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു.

    കോഴിക്കോട് ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍കരീമിനെ റിമാന്‍ഡ്‌ചെയ്തു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിമാനത്താവളത്തില്‍ യാത്രക്കാരന്റെ മാലമോഷ്ടിച്ച കസ്റ്റംസ് ജീവനക്കാരന്‍ പിടിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top