• Latest News

  Tuesday, June 20, 2017

  എന്റെ ഭര്‍ത്താവിനെ രക്ഷിക്കൂ, അപേക്ഷയുമായി അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ
  Tuesday, June 20, 2017
  3:01:00 AM

  ദുബൈ:  ''ഞാനാകെ ശാരീരികമായും മാനസികമായും തകർന്നിരിക്കുകയാണ്. എന്റെ ഭർത്താവ് ജയിലിലായ ശേഷം പലരും കാപട്യവുമായി എന്‍റെ മുന്നിലെത്തുന്നു. ഇൗ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനുള്ള കഠിനശ്രമത്തിലാണ് ഞങ്ങൾ''- സാമ്പത്തിക കേസിൽ ജയില്‍ ശിക്ഷയനുഭവിക്കുന്ന അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പ് ഉടമ എം.എം. രാമചന്ദ്രന്റെ ഭാര്യ ഇന്ദിരാ രാമചന്ദ്രന്റെ വാക്കുകളാണിത്. ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇന്ദിരാ രാമചന്ദ്രൻ (68) ആദ്യമായി മനസ്സ് തുറന്നത്.[www.malabarflash.com]

  2015 ഒാഗസ്റ്റ് 23 നാണ് അന്ന് 74 വയസ്സുണ്ടായിരുന്ന അറ്റ്ലസ് രാമചന്ദ്രൻ അറസ്റ്റിലായത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്തതിനെത്തുടർന്ന് ബാങ്കുകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തൃശൂർ സ്വദേശിയായ അദ്ദേഹത്തെ ദുബൈ പോലീസ് കസ്റ്റഡിയിലെടുത്തത്.

  15 ബാങ്കുകളുടെയും അധികൃതർ യോഗം ചേർന്ന്, യുഎഇ സെൻട്രൽ ബാങ്കിനെ സമീപിക്കുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തതിനെ തുടർന്നായിരുന്നു നടപടി. 2015 ഡിസംബർ 11ന് ദുബൈ കോടതി രാമചന്ദ്രനു മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. വിധി കേൾക്കാൻ അന്ന് ഇന്ദിരയും കോടതിയിലെത്തിയിരുന്നു. പതിനഞ്ചിലേറെ ബാങ്കുകളിൽനിന്നാണ് അറ്റ്‌ലസ് ഗ്രൂപ്പ് 550 ദശലക്ഷം ദിർഹം (ആയിരം കോടിയോളം രൂപ) വായ്‌പയെടുത്തത്.

  അഞ്ചു കോടി ദിർഹത്തിന്റെ ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളാണു ദുബൈയിലുള്ളത്. ഇതിൽ ഒന്ന് 3.4 കോടി ദിർഹത്തിന്റെ ചെക്കാണത്രേ. യുഎഇ ബാങ്കുകൾക്കു പുറമെ, ദുബൈയിൽ ശാഖയുള്ള ഇന്ത്യൻ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ നിന്നും വായ്‌പയെടുത്തിരുന്നു. ഈ പണം ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും മറ്റും നിക്ഷേപത്തിനു വകമാറ്റിയതാണു പ്രശ്നമായതെന്നും റിപ്പോർട്ടുണ്ടായിരുന്നു.

  എന്റെ ഭർത്താവ് കഴിഞ്ഞ 21 മാസമായി ജയിലിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ വഷളായിട്ടുണ്ട്. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ ഞാൻ വീൽചെയറിൽ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി. എനിക്കും ആരോഗ്യ പ്രശ്നങ്ങളുണ്ട്. എന്നെ സഹായിക്കാൻ ആരുമില്ല–ഇന്ദിര നിറ കണ്ണുകളോടെ പറയുന്നു.

  ഇന്ദിരയ്ക്കെതിരെയും ഇതേ പ്രശ്നത്തിൽ കേസുകളുണ്ട്. തന്നെയും ജയിലിലടക്കുമോ എന്ന് ഭയക്കുന്നതായി ഇന്ദിര പറയുന്നു. എന്നെയും അറസ്റ്റ് ചെയ്യുമെന്ന് ബാങ്കുകൾ ഭീഷണിപ്പെടുത്തുന്നു. മാനസികമായും ശാരീരികമായും ഞാനാകെ തകർന്നിരിക്കുകയാണ്. വീട്ടു വാടക നൽകാൻ പോലും എന്റെ കൈയിൽ പണമില്ല. എങ്കിലും ഭർത്താവിനെ ഏതുവിധേനയും പുറത്തിറക്കാൻ പറ്റുമെന്ന പ്രതീക്ഷയുണ്ട്.അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ ഞാൻ വിചാരിച്ചത്, ഏതാനും മണിക്കൂറുകൾക്ക് ശേഷം തിരിച്ചെത്തുമെന്നായിരുന്നു. എന്നാൽ ഇത് ഇത്തരത്തിലൊരു ദുരന്തത്തിൽ കലാശിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

  ഭർത്താവിനെ ഏതു വിധേനയും ജയിൽ മോചിതനാക്കാനുള്ള ശ്രമം ഇൗ അവശതയ്ക്കിടയിലും ഇന്ദിര നടത്തിപ്പോരുന്നു. യുഎഇയിലെ ഒരു സ്വകാര്യ നിക്ഷേപ ഗ്രൂപ്പുമായി ചേർന്ന് പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. 

  മൂന്നു പതിറ്റാണ്ടു മുൻപ് ആരംഭിച്ച അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി അൻപതോളം ശാഖകളുണ്ട്; യുഎഇയിൽ മാത്രം 12 ഷോറൂമുകൾ. കേരളത്തിലും ശാഖകളുണ്ട്. ഹെൽത്ത്കെയർ, റിയൽ എസ്‌റ്റേറ്റ്, ചലച്ചിത്രനിർമാണ മേഖലകളിലും അറ്റ്‌സ് സാന്നിധ്യമുറപ്പിച്ചിരുന്നു.

  1990ലെ കുവൈത്ത് യുദ്ധ സമയത്ത് ഞങ്ങൾക്കെല്ലാം നഷ്ടപ്പെട്ടു. പിന്നീട് കഠിനാധ്വാനത്തിലൂടെ എല്ലാം തിരിച്ചുപിടിച്ചു. ഇന്നിപ്പോൾ ഭർത്താവിൻ്റെ അഭാവത്തിൽ പലരും തരികിട കളികളുമായി മുന്നിലെത്തുന്നു. 200 സെയിൽസ്മാന്മാരുടെയും മറ്റു ജീവനക്കാരുമാണ് ഗ്രൂപ്പിന് കീഴിലുള്ളത്. ഇവരിൽ വലിയൊരു കൂട്ടം ശമ്പളത്തിന് വേണ്ടി ഒരിക്കൽ താമസ സ്ഥലത്തെത്തി ബഹളമുണ്ടാക്കി. ഞങ്ങളുടെ ഷോറൂമുകളിലെ വജ്രാഭരണങ്ങൾ കുറഞ്ഞ തുകയ്ക്ക് വിറ്റാണ് ഇവരുടെ പ്രശ്നം പരിഹരിച്ചത്. 

  മസ്കത്തിലെ രണ്ട് ആശുപത്രികൾ വിൽപന നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയാണെന്നും എത്രയും പെട്ടെന്ന് ഭർത്താവ് ജയിൽ മോചിതനാകുമെന്ന് തന്നെ പ്രതീക്ഷിക്കുന്നതായും ഇന്ദിര പറയുന്നു.  Keywords: Gulf  News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: എന്റെ ഭര്‍ത്താവിനെ രക്ഷിക്കൂ, അപേക്ഷയുമായി അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ Rating: 5 Reviewed By: UMRAS vision
  Scroll to Top