• Latest News

  Friday, June 23, 2017

  മോളേ എന്ന വിളി ഫാത്തിമ കേള്‍ക്കുന്നില്ല, ഉമ്മായെന്ന് വിളിക്കുന്നുമില്ല
  Friday, June 23, 2017
  1:33:00 AM

  കാഞ്ഞങ്ങാട്: പത്തുമാസത്തെ പേറ്റുനോവിന്റെ ത്യാഗം പറയുന്ന ഉമ്മമാര്‍ ജസീലയുടെയും മകള്‍ ഫാത്തിമയുടെയും പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ വേദന അറിയണം.[www.malabarflash.com] 

  പത്തുമാസം വയറ്റില്‍ മാത്രമല്ല കഴിഞ്ഞ എട്ടു കൊല്ലമായി ഭൂമിയിലും ഏകപുത്രി ഫാത്തിമയെ തനിച്ചിരുത്താന്‍ സന്ധിവാത ത്തിന്റെ ദുരിതം പേറുന്ന ഉമ്മ ജസീലക്ക് കഴിയുന്നില്ല. 

  തലച്ചോറില്‍ അപൂര്‍വ്വ രോഗവുമായി പിറന്നുവീണ മകള്‍ ഇഴയുകയോ കമിയുകയോ, എഴുന്നേറ്റിരിക്കുകയോ, നടക്കുകയോ ചെയ്യുന്നില്ല. അവള്‍ക്ക് ഒന്നും കേള്‍ക്കാനോ, മിണ്ടാനോ വയ്യ. അതൊക്കെയും സഹിക്കാം. എട്ടുവയസ്സിനിടെ ഒരു തവണയെങ്കിലും മകള്‍ ഉമ്മാ.... എന്നൊന്ന് നീട്ടിവിളിച്ചിരുന്നെങ്കില്‍....... മോളേ എന്നുളള ഉമ്മയുടെ സ്‌നേഹത്തില്‍ പൊതിഞ്ഞ വിളി മകളും കേട്ടില്ല. 

  കാലിച്ചാനടുക്കം സ്വദേശിനിയായ ജസീലയുടെയും, നിസാറിന്റെയും ഏകപുത്രി ഫാത്തിമ എന്ന എട്ടുവയസുകാരിയുടെ ദുരിതം ഏത് കഠിനഹൃദയന്റെയും കരള്പിളര്‍ക്കും. 

  പെണ്‍കുഞ്ഞ് പിറന്ന് ആറാം മാസമാണ് മാതാപിതാക്കള്‍ക്ക് കുട്ടിയുടെ ജനിതക വൈകല്യം പിടികിട്ടിയത്. കിടന്ന കിടപ്പില്‍ നിന്ന് കുഞ്ഞ്അനങ്ങുന്നില്ല. കൈകാലിട്ടടിക്കുകയോ, കമിഴ്ന്ന് വീഴുകയോ പോയിട്ട് കുഞ്ഞുവായില്‍ ഒന്ന് കരയാന്‍പോലും മോള്‍ക്ക് കഴിയുന്നില്ല. 

  തുടര്‍ന്ന് ചികിത്സയുടെ നീണ്ടകാലം. കണ്ണൂരിലും, വയനാട്ടും, മംഗലാപുരത്തും, മൈസൂരിലും, കോയമ്പത്തൂരിലുമൊക്കെയായി ഒട്ടേറെ ചികിത്സകള്‍............ പക്ഷെ ഒന്നും ഫലിച്ചില്ല. 

  കുഞ്ഞുഫാത്തിമക്കിപ്പോഴും മിണ്ടാനോ, കരയാനോ, കേള്‍ക്കാനോ, എഴുന്നേല്‍ക്കാനോ, ഇരിക്കാനോ, നില്‍ക്കാനോ കഴിയുന്നില്ല. ഇതിനിടെ മാതാവിന് സന്ധിവാതവുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍.

  ഭാര്യയും രോഗക്കിടക്കയിലായതോടെ ഗള്‍ഫിലായിരുന്ന നസീര്‍ നാട്ടില്‍ തിരിച്ചെത്തി ഉമ്മക്കും മകള്‍ക്കും കൂട്ടിരിപ്പ് തുടങ്ങി.
  കുഞ്ഞിന്റെ അരികില്‍ നിന്ന് ഒരു നിമിഷംപോലും രക്ഷിതാക്കള്‍ക്ക് മാറിനില്‍ക്കാന്‍ കഴിയുന്നില്ല. എട്ടുവയസുകഴിഞ്ഞിട്ടും കിടക്കുന്ന ഫിസിയോ ബെഡില്‍ തന്നെയാണ് മലമൂത്ര വിസര്‍ജനം. 

  മകളുടെ ശരീരം വലുതാവുന്നതിനനുസരിച്ച് മാതാ-പിതാക്കളുടെ പ്രയാസങ്ങളും വര്‍ദ്ധിച്ചുവരുന്നു. രാവെന്നോ, പകലെന്നോയില്ലാതെ ഒരു നിമിഷം കണ്ണിമപൂട്ടാതെ മാതാ-പിതാക്കളിലൊരാള്‍ കുഞ്ഞിന് കാവലിരിക്കണം. വന്‍കിട ആശുപത്രികളിലെ ചികിത്സകളൊന്നും ഫലിക്കാതെ വന്നപ്പോള്‍ കുഞ്ഞിന്റെ കൈകാലുകള്‍ നിവരാന്‍ തോയമ്മല്‍ ജില്ലാശുപത്രിയില്‍ നിത്യവും ഫിസിയോതെറാപ്പി ചെയ്ത് തുടങ്ങി. ഇതിന് വേണ്ടി മാത്രം ജില്ലാശുപത്രിക്കകത്ത് ഒരു വാടക വീടെടുത്ത് താമസിക്കുകയാണ് നസീറും കുടുംബവും.
  സ്വന്തമായി ഒരുതുണ്ട് ഭൂമിയോ, വീടോ ഇവര്‍ക്കില്ല. കുട്ടിയെ എഴുന്നേല്‍പ്പിക്കാനുളള പരിശീലനത്തിനായി സി പി പ്രോണോ സ്റ്റാന്റ് എന്ന സ്ട്രക്ച്ചര്‍ വാങ്ങിയാല്‍ ചെറിയതോതില്‍ മാറ്റമുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും നിര്‍ധന കുടുംബത്തിന് അതിനും കഴിഞ്ഞില്ല.
  ഇടക്കിടെയുണ്ടായ അപസ്മാര രോഗത്തിനിടെ കുഞ്ഞിന്റെ കാല്‍പാദം വളഞ്ഞ് വന്നത് പൂര്‍വ്വസ്ഥിതിയിലാക്കാനും ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
  കോടികള്‍ വാരിയെറിയുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസമൊന്നും ഈ കുടുംബത്തെ തേടിയെത്തിയില്ല. സഹായത്തിന്റെ കരങ്ങള്‍ തേടി നാളിതുവരെയും ഫാത്തിമയുടെ കുടുംബം ആരെയും സമീപിച്ചിട്ടില്ലെങ്കിലും നിസ്സഹായതയുടെ നാള്‍ വഴികള്‍ താണ്ടുകയാണ് ഇപ്പോള്‍ ഇവര്‍.  Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: മോളേ എന്ന വിളി ഫാത്തിമ കേള്‍ക്കുന്നില്ല, ഉമ്മായെന്ന് വിളിക്കുന്നുമില്ല Rating: 5 Reviewed By: UMRAS vision
  Scroll to Top