• Latest News

  Monday, June 26, 2017

  മാനവ മൈത്രിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊളളുക: ഹൈദരലി ശിഹാബ് തങ്ങള്‍
  Monday, June 26, 2017
  12:48:00 AM

  മലപ്പുറം: ദൈവീക മാര്‍ഗത്തിലെ സഹനവും ത്യാഗവും പരിശീലിപ്പിച്ച വിശുദ്ധ റമസാന്റെ സമാപ്തിയായ ഈദുല്‍ഫിത്വര്‍ ദിനം, മാനവ മൈത്രിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളാന്‍ ഓരോ വിശ്വാസിക്കും പ്രചോദനമാകണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.[www.malabarflash.com] 

  മനുഷ്യത്വത്തിനു വിലകല്‍പിക്കാത്ത ഒരു രാഷ്ട്രീയക്രമം ആഗോളതലത്തില്‍ ശക്തിപ്പെട്ടുവരികയാണ്. വര്‍ഗീയതയും ഭീകരതയും ഉന്മൂലനം ചെയ്യുന്നത് മനുഷ്യ വര്‍ഗത്തെ തന്നെയാണ്.

  അക്രമികളെ ഭയന്ന് ലക്ഷക്കണക്കിന് മനുഷ്യര്‍ കുടുംബത്തോടെ പലായനം ചെയ്യുകയാണ് പലദേശത്തും. മനുഷ്യര്‍ പരസ്പരം സഹോദരങ്ങളാണെന്ന സന്ദേശമാണ് ഓരോ മതവും നല്‍കുന്നത്. എന്നിട്ടും മതത്തിന്റെയും സമ്പത്തിന്റെയും അധികാരത്തിന്റേയും പേരില്‍ പരസ്പരം കൊന്നൊടുക്കുന്നത് ലോകം പ്രാകൃത യുഗത്തിലേക്കു തിരിച്ചുപോകുന്നുവെന്ന ആശങ്ക വളര്‍ത്തുകയാണ്. 

  ഒരു ഭാഗത്ത് മനുഷ്യര്‍ ഭക്ഷണത്തിന്റെ ധാരാളിത്തംകാണിക്കുമ്പോള്‍ തന്നെ ആയിരങ്ങള്‍ പട്ടിണികൊണ്ടു മരിക്കുന്നു. കൊട്ടാര സമാനമായ ജീവിതം നയിക്കുന്നവരുടെ കണ്‍മുന്നില്‍ തന്നെ മനുഷ്യര്‍ തെരുവില്‍ അന്തിയുറങ്ങുന്നു. ആധുനിക സൗകര്യങ്ങളുള്ള ആസ്പത്രികള്‍ ധാരാളമുണ്ടായിട്ടും ചികിത്സിക്കാന്‍ വഴിയില്ലാതെ മരുന്നിനു മാര്‍ഗമില്ലാതെ അനേകമാളുകള്‍ മരണത്തിന് കീഴടങ്ങേണ്ടി വരുന്നു. കായലും പുഴയും മഴയുമെല്ലാം യഥേഷ്ടം ഉണ്ടായിട്ടും കുടിവെള്ളം കിട്ടാക്കനിയാകുന്നു. ഈ വൈരുധ്യങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരക്രിയകള്‍ക്കായി സമൂഹ മനസ്സുണരണം. 

  തന്നാലാവുന്നത് ചെയ്തുകൊടുത്ത് പ്രകൃതിയേയും ജനങ്ങളേയും സംരക്ഷിക്കാനുള്ള പരിശ്രമത്തിലേര്‍പ്പെടണം. അതാണ് പരിശുദ്ധ റമസാന്‍ നല്‍കിയ സന്ദേശം. പ്രപഞ്ചനാഥന്‍ ലോകത്തിനു നല്‍കുന്ന മാര്‍ഗദര്‍ശനമായ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നവര്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ജീവിതം നയിക്കുന്നതിനോടൊപ്പം അശരണര്‍ക്കും അഗതികള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും.

  വര്‍ഗീയതയും വിഭാഗീയതയും അക്രമവും അവഹേളനവും മത തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. മാനുഷിക മൂല്യങ്ങള്‍ക്കെതിരാണ്. അധികാരത്തിന്റേയോ മതങ്ങളുടേയോ സമ്പത്തിന്റേയോ കൈകരുത്തിന്റേയോ പേരില്‍ എതിര്‍വിശ്വാസങ്ങളെ അടിച്ചമര്‍ത്തുന്നത് മാനവികതയോടുള്ള വെല്ലുവിളിയാണ്. മനുഷ്യന്റെ വിശ്വാസവും വേഷവും ഭക്ഷണവും അഭിപ്രായ, സഞ്ചാര സ്വാതന്ത്ര്യവുമെല്ലാം മറ്റുള്ളവരാല്‍ നിയന്ത്രിക്കപ്പെടുന്നത് അഭിലഷണീയമല്ല. എല്ലാവരും നന്മയുടെ മാര്‍ഗത്തില്‍ പരസ്പരം ബഹുമാനിക്കുകയും പരിഗണിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഔന്നത്യത്തിലേക്ക് നമ്മുടെ നാട് മാറണം. 

  അക്രമികള്‍ ഒറ്റപ്പെടണം, മത, ജാതി, വിഭാഗീയ ചിന്തകള്‍ക്കതീതമായി മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങളെന്ന ചിന്തയോടെ കൈകോര്‍ക്കണം.

  ദൈവീക മാര്‍ഗത്തിലെ സൂക്ഷ്മത നിറഞ്ഞ ജീവിതത്തിന്റേയും മാനവിക ഏകതയുടേയും നന്മയുടെ വഴിയിലെ പരസ്പര സഹകരണത്തിന്റേയും സന്ദേശമാണ് ഈദുല്‍ഫിത്വര്‍. രോഗവും ദാരിദ്ര്യവും അതിക്രമങ്ങളും പ്രതികൂല സാഹചര്യങ്ങളും നിമിത്തം പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസം പകരാനും ജീവകാരുണ്യ സംരംഭങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിനും ഈ പെരുന്നാള്‍ സുദിനം പ്രയോജനപ്പെടുത്തണം. 

  യുദ്ധവും അക്രമങ്ങളും നിമിത്തം ദുരിതജീവിതം നയിക്കുന്നവരും അന്യദേശങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നവരും കൊടുംപട്ടിണിയില്‍ ജീവിതം തള്ളി നീക്കുന്നവരുമായ ലോകമെങ്ങുമുള്ള സഹോദരങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും വേണം.
  നമ്മുടെ രാജ്യത്തും നമുക്കായി തൊഴിലും ഭക്ഷണവും സഹായങ്ങളും നല്‍കുന്ന പരദേശങ്ങളിലും ലോകമെങ്ങും ശാന്തിയും സമാധാനവും നിലനില്‍ക്കാന്‍ പ്രാര്‍ത്ഥിക്കണം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദാശംസകള്‍. അല്ലാഹു അക്ബര്‍…വലില്ലാഹില്‍ ഹംദ്…….  Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: മാനവ മൈത്രിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊളളുക: ഹൈദരലി ശിഹാബ് തങ്ങള്‍ Rating: 5 Reviewed By: UMRAS vision
  Scroll to Top