• Latest News

  Tuesday, May 2, 2017

  അബ്ദുല്‍സലാമിനെ തലയറുത്ത് കൊന്നത് ഏഴംഗ സംഘം; കാരണം പൂഴി ലോറി പോലീസ് പിടിച്ചതിലുള്ള തര്‍ക്കം
  Tuesday, May 2, 2017
  5:16:00 PM

  കാസര്‍കോട്: പേരാലിലെ അബ്ദുല്‍സലാമി(27)നെ പെര്‍വാഡ് മാളിയങ്കരക്ക് സമീപം കോട്ടയിലെ ഗ്രൗണ്ടില്‍ തലയറുത്ത് കൊന്നത് ഏഴംഗ സംഘമാണെന്ന് പോലീസ് നിഗമനം.[www.malabarflash.com ]

  പൂഴി മാഫിയാതലവന്‍ ബദ്രിയ നഗറിലെ മാങ്ങമുടി സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലക്ക് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘം ഒളിവിലാണ്. രണ്ട് ദിവസത്തിനകം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.
  ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കൊലനടന്നത്.
  ഏതാനും ദിവസം മുമ്പ് കുമ്പള പോലീസ് സിദ്ദീഖിന്റെ പൂഴി ലോറി പിടിച്ചിരുന്നു. പൂഴി ലോറി കടന്നുപോകുന്ന വിവരം പോലീസിന് ചോര്‍ത്തിക്കൊടുത്തത് അബ്ദുല്‍സലാമാണെന്ന് സിദ്ദീഖ് ചിലരോട് പറഞ്ഞിരുന്നുവത്രെ. 

  സിദ്ദീഖിന്റെ പൂഴി വാഹനത്തിന് പലപ്പോഴും അബ്ദുല്‍സലാം അകമ്പടിപോകാറുണ്ടത്രെ. കൂടാതെ അബ്ദുല്‍സലാമിന്റെ സുഹൃത്തുക്കളാണ് സിദ്ദീഖിന്റെ പൂഴി ലോറിയിലെ ഡ്രൈവര്‍മാര്‍. താന്‍ വിവരം പോലീസിന് ചോര്‍ത്തികൊടുത്തുവെന്ന് സിദ്ദീഖ് പറഞ്ഞതറിഞ്ഞ അബ്ദുല്‍സലാം ഇക്കാര്യം അന്വേഷിക്കാനായി പുലര്‍ച്ചെ മൂന്ന് മണിയോടെ സിദ്ദീഖിന്റെ വീട്ടില്‍ പോവുകയായിരുന്നു. 

  താന്‍ പിന്നില്‍ നിന്ന് കളിക്കാറില്ലെന്നും മുന്നില്‍ നിന്ന് മാത്രമേ കളിക്കാറുള്ളുവെന്നും അബ്ദുല്‍സലാം പറഞ്ഞുവത്രെ. ഇതിനെ ചൊല്ലി തര്‍ക്കമായി. വെടിവെക്കുമെന്നും കൊല്ലുമെന്നും പരസ്പരം ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും നാലുപേരും സിദ്ദീഖിന്റെ വീട്ടില്‍ നിന്നും മടങ്ങിയിരുന്നു. റോഡില്‍ വെച്ച് നാലുപേരേയും കുമ്പള സി.ഐ വി.വി മനോജ് പിടിച്ചു. വൈകിട്ട് നാല് വരെ പോലീസ് കസ്റ്റഡിയില്‍ വെച്ചെങ്കിലും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിന് പരാതി ഇല്ലാത്തതിനാല്‍ പെറ്റികേസെടുത്ത് വിടേണ്ടിവന്നു. 

  പോലീസ് കസ്റ്റഡിയിലെടുത്ത നാലുപേരില്‍ ഒരാള്‍ സിദ്ദീഖിന്റെ ടിപ്പര്‍ ലോറി ഡ്രൈവറായിരുന്നു. ടിപ്പര്‍ ലോറിയുടെ താക്കോല്‍ ഡ്രൈവറുടെ കയ്യിലുണ്ടായിരുന്നു. പോലീസ് വിട്ട ഉടനെ നാലുപേരും വീടുകളില്‍ പോയി കുളിച്ച് വേഷം മാറി വീണ്ടും ഒത്തുകൂടി.
  ടിപ്പര്‍ ലോറിയുടെ താക്കോല്‍ തിരിച്ചേല്‍പ്പിക്കാനാണ് അബ്ദുല്‍സലാമിന്റെ സുഹൃത്തും ഡ്രൈവറുമായ യുവാവ് മറ്റൊരു ഡ്രൈവറെ വിളിച്ചത്. മാളിയങ്കരയില്‍ ഉണ്ടെന്നും ഇങ്ങോട്ട് വന്നാല്‍ മതിയെന്നും പറഞ്ഞതിനാല്‍ അബ്ദുല്‍സലാമും നാലുപേരും അങ്ങോട്ട് പോയി താക്കോല്‍ കൊടുത്തു. തമ്മില്‍ വൈരാഗ്യമൊന്നുമില്ലെന്നും സിദ്ദീഖ് താഴെയുണ്ടെന്നും പ്രശ്നം രമ്യമായി പറഞ്ഞുതീര്‍ക്കാമെന്നും ബോധ്യപ്പെടുത്തി അബ്ദുല്‍സലാമിനേയും മറ്റു മൂന്നുപേരേയും കൂട്ടികൊണ്ടുപോയി. അവിടെ വെച്ച് പൊടുന്നനെ സംഘം അക്രമിക്കുകയായിരുന്നു. 

  കുത്തേറ്റുവീണ അബ്ദുല്‍സലാമിന്റെ തല മഴുകൊണ്ട് വെട്ടിയതായാണ് സംശയിക്കുന്നത്. തടയാന്‍ ചെന്ന നൗഷാദിന് ഗുരുതരമായി വെട്ടേറ്റു. ക്രൂരമായ കൊലപാതകം കണ്ട് പകച്ചുപോയ രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ ഇതുവരെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

  കൊല നടന്ന സ്ഥലത്ത് നിന്നും 40 മീറ്റര്‍ അകലെയാണ് അബ്ദുല്‍സലാമിന്റെ തല വലിച്ചെറിഞ്ഞത്. രണ്ട് വടിവാളും ഒരു മഴുവും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മഴുവില്‍ രക്തക്കറയുണ്ടോ എന്ന് വ്യക്തമല്ല. ഇത് ഫോറന്‍സിക് പരിശോധനക്ക് അയക്കും. പ്രതികളെ ചോദ്യം ചെയ്താല്‍ മാത്രമേ ഏതുതരം ആയുധമാണ് ഉപയോഗിച്ചതെന്ന് വ്യക്തത വരുകയുള്ളുവെന്ന് സി.ഐ വി.വി മനോജ് പറഞ്ഞു.

  അബ്ദുല്‍സലാമിനെ കഴുത്തറുത്ത് കൊന്ന കേസിന്റെ സംഘത്തലവനെന്ന് പോലീസ് സംശയിക്കുന്ന മാങ്ങമുടി സിദ്ദീഖ് ബി.ജെ.പി പ്രവര്‍ത്തകന്‍ ദയാനന്ദനെ കൊന്ന കേസില്‍ പ്രതിയാണ്. കൂട്ടാളിയെന്ന് കരുതുന്ന ഫാറൂഖ് നേരത്തെ രണ്ട് കൊലക്കേസുകളില്‍ പ്രതിയാണെന്നാണ് വിവരം. 

  ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിനിടയിലെ തര്‍ക്കത്തെ തുടര്‍ന്ന് കുമ്പളയില്‍ വെച്ച് യുവാവിനെ കൊന്ന കേസിലും കോയിപ്പാടിയിലെ ലീഗ് പ്രവര്‍ത്തകനെ കൊന്ന കേസിലും പ്രതിയാണ് ഫാറൂഖ്. രണ്ടുപേരും ഭരണകക്ഷിയില്‍പെട്ട ഒരു സംഘടനയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

  പൂഴികടത്തി പണംകൊയ്യുകയും ചില പോലീസുകാരേയും രാഷ്ട്രീയ നേതാക്കളേയും കയ്യിലെടുക്കുകയും ചെയ്ത മാങ്ങമുടി സിദ്ദീഖ് ഗുണ്ടാതലനായി കഴിയുകയായിരുന്നുവത്രെ. ഇതിനിടയില്‍ തന്റെ ഗ്രൂപ്പില്‍പെട്ട ആള്‍ തന്നെ തന്നോട് വെല്ലുവിളിച്ചത് തനിക്ക് പിന്നീട് പൂഴി കള്ളക്കടത്തിന് ദോഷകരമാകുമെന്ന് കണ്ടാണ് കൊലനടത്തിയെന്നാണ് സംശയം. 

  കൊല്ലപ്പെട്ട സലാം 2014ല്‍ കുമ്പള പഞ്ചായത്തംഗമായിരുന്ന പേരാലിലെ മുഹമ്മദിന്റെ മകന്‍ ഷഫീഖിനെ കൊന്ന് മണലില്‍ കുഴിച്ച്മൂടിയ കേസില്‍ പ്രതിയാണ്. കൂടാതെ ഒരു കാര്‍ കത്തിച്ചതടക്കം ഏതാനും കേസുകളിലും പ്രതിയാണ്.
  സലാമിന്റെ മൃദദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ പേരാല്‍ മടിമുഗര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. 

  മുഹമ്മദ് കുഞ്ഞി-റുഖിയ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ബദറുദ്ദീന്‍, റഹിമ, റമീസ്, മന്‍സീറ, രിഫായി.

  Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: അബ്ദുല്‍സലാമിനെ തലയറുത്ത് കൊന്നത് ഏഴംഗ സംഘം; കാരണം പൂഴി ലോറി പോലീസ് പിടിച്ചതിലുള്ള തര്‍ക്കം Rating: 5 Reviewed By: editordesk Malabarflash
  Scroll to Top