• Latest News

  Sunday, April 30, 2017

  ജയലളിതയുടെ എസ്‌റ്റേറ്റിലെ കൊലപാതകം: ഒന്നാം പ്രതിയും രണ്ടാം പ്രതിയുടെ ഭാര്യയും മകളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
  Sunday, April 30, 2017
  2:27:00 AM

  പാലക്കാട് / സേലം:തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടി കൊടനാട് എസ്‌റ്റേറ്റ് ബംഗ്ലാവിലെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തിലെ ഒന്നാം പ്രതിയും രണ്ടാം പ്രതിയുടെ ഭാര്യയും മകളും ദുരൂഹ സാഹചര്യത്തില്‍ ശനിയാഴ്ച വ്യത്യസ്ത അപകടങ്ങളില്‍ മരിച്ചു.[www.malabarflash.com ]

  ഒന്നാം പ്രതി എടപ്പാടി സ്വദേശി കനകരാജ് (36) ചെന്നൈ–ബെംഗളൂരു ദേശീയപാതയില്‍ സേലത്തിനടുത്ത് ആത്തൂരില്‍ അപകടത്തില്‍ മരിക്കുകയായിരുന്നു. 2007 മുതല്‍ അഞ്ചുവര്‍ഷം ജയലളിതയുടെ സ്വകാര്യ വാഹനത്തിലെ ഡ്രൈവറായിരുന്നു ഇയാള്‍. 

  രണ്ടാം പ്രതി കോയമ്പത്തൂര്‍ മധുക്കര സ്വദേശി കെ.വി.സയനും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ പാലക്കാട് കാഴ്ചപ്പറമ്പിനു സമീപം നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ഇടിച്ചുകയറി. സയനെ ഗുരുതരമായി പരുക്കേറ്റ നിലയിലും ഭാര്യ ഇരിങ്ങാലക്കുട സ്വദേശി വിനുപ്രിയ (28), മകള്‍ നീതു (അഞ്ച്) എന്നിവരെ കഴുത്തിന് ആഴത്തില്‍ മുറിവേറ്റു മരിച്ച നിലയിലും കാറില്‍ കണ്ടെത്തി. 

  പുലര്‍ച്ചെ 5.45ന് ആണു സയന്‍ ഓടിച്ച കാര്‍ ലോറിക്കു പിന്നില്‍ ഇടിച്ചത്. വിനുപ്രിയയും മകള്‍ നീതുവും അപകടത്തില്‍ തല്‍ക്ഷണം മരിച്ചെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീടാണു കഴുത്തില്‍ സമാനരീതിയില്‍ ആഴത്തില്‍ മുറിവുള്ളതായി കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ നമ്പര്‍ വ്യാജമാണെന്നു പോലീസ് പറഞ്ഞു.
  കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന സയന്റെ മൊഴി മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി രേഖപ്പെടുത്തി. 

  പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോലീസ് സര്‍ജന്‍ ഇല്ലാതിരുന്നതിനാല്‍ വിനുപ്രിയയുടെയും നീതുവിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പാലക്കാട് ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

  രാവിലെ എട്ടരയ്ക്കാണു സേലം ആത്തൂരില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കനകരാജ് കാറിടിച്ചു മരിച്ചത്. കാര്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ട സേലം സ്വദേശികളായ രണ്ടുപേര്‍ പിന്നീട് ആത്തൂര്‍ പോലീസില്‍ കീഴടങ്ങി. ഒട്ടേറെ കേസുകളില്‍ പ്രതികളായ ഇവര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്നു പോലീസ് പറഞ്ഞു. 

  കനകരാജ് സേലത്തുനിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള ആത്തൂരിലേക്കു ബൈക്കില്‍ പോയതെന്തിനെന്നതു ദുരൂഹത വര്‍ധിപ്പിക്കുന്നു.
  കൊടനാട് എസ്‌റ്റേറ്റിലെ പത്താമത്തെ ഗേറ്റിലെ കാവല്‍ക്കാരന്‍ നേപ്പാള്‍ സ്വദേശി റാം ബഹദൂര്‍ 24നു പുലര്‍ച്ചെയാണു കൊല്ലപ്പെട്ടത്. മറ്റൊരു കാവല്‍ക്കാരനായ നേപ്പാള്‍ സ്വദേശി കൃഷ്ണ ബഹദൂറിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

  ചേര്‍ത്തല സ്വദേശി സജീവാണു മുഖ്യപ്രതിയെന്നു തമിഴ്‌നാട് പോലീസ് പറയുന്നു. ഇയാള്‍ വിദേശത്തേക്കു കടന്നതായി പോലീസിനു വിവരം കിട്ടി. കഴുത്തില്‍ കുരുക്കിട്ട നിലയിലായിരുന്നു റാമിന്റെ മൃതദേഹം. 10 പേര്‍ ചേര്‍ന്നു തങ്ങളെ ആക്രമിച്ചെന്നാണു കൃഷ്ണ ബഹദൂറിന്റെ മൊഴി. എസ്‌റ്റേറ്റില്‍നിന്നു വിലപിടിപ്പുള്ള വസ്തുക്കളും സുപ്രധാന രേഖകളും മോഷ്ടിച്ചതായി സംശയിക്കുന്നു.
  സംഭവത്തില്‍ മലപ്പുറം, തൃശൂര്‍, വയനാട് ജില്ലകളില്‍നിന്നായി എട്ടുപേരെ കേരള പോലീസിന്റെ സഹായത്തോടെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പിടിച്ചെടുത്തു. ബംഗ്ലാവില്‍നിന്നു മോഷ്ടിച്ചതെന്നു കരുതുന്ന ജയലളിതയുടെ ചിത്രം സഹിതമുള്ള വാച്ചുകളും മറ്റു വിലപിടിപ്പിച്ചുള്ള വസ്തുക്കളും കണ്ടെടുത്തു. 

  തൃശൂര്‍ കൊടകര കനകമല പള്ളത്തേരി സ്വദേശി ദീപു (33), പുതുക്കാട് സ്വദേശി സതീശന്‍ (30), കൊടകര സ്വദേശി ഉദയന്‍, വയനാട് വൈത്തിരി സ്വദേശി ജംഷീര്‍ അലി (34), മലപ്പുറം അരീക്കോട് വാലില്ലാപ്പുഴ സ്വദേശി ജിതിന്‍ ജോയ്(19) തുടങ്ങിയവരാണു പിടിയിലയത്.

  Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ജയലളിതയുടെ എസ്‌റ്റേറ്റിലെ കൊലപാതകം: ഒന്നാം പ്രതിയും രണ്ടാം പ്രതിയുടെ ഭാര്യയും മകളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു Rating: 5 Reviewed By: editordesk Malabarflash
  Scroll to Top