• Latest News

  Tuesday, March 14, 2017

  ദേശീയ മതേതര നിര കെട്ടിപ്പടുക്കുന്നതിന് ഇടതുപക്ഷവും കൂടെ വേണം: കുഞ്ഞാലിക്കുട്ടി
  Tuesday, March 14, 2017
  2:10:00 AM

  ദോഹ: ദേശീയ രാഷ്ട്രീയത്തില്‍ മതേതര കക്ഷികള്‍ ഒന്നിച്ച് ബി ജെ പിയെ തടഞ്ഞില്ലെങ്കില്‍ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ജീവിതം അപകടത്തിലാകുമെന്നും മതേതര കക്ഷികള്‍ ഒന്നിച്ചാല്‍ ബി ജെ പി ഒന്നുമല്ലാതാകുമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.[www.malabarflash.com] 

  മതേതര മുന്നണിയെ നയിക്കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രതീക്ഷ നഷ്ടപ്പെടുത്തേണ്ടതില്ല. കോണ്‍ഗ്രസ് മാത്രം മനസ്സിലാക്കിയാല്‍ പോര. ഇടതുപക്ഷമുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മതേതര പക്ഷത്ത് യോജിക്കണം. ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തൊടൊപ്പം യോജിക്കുന്നതില്‍ ഒരു വിമുഖതയുമില്ല. എന്നാല്‍ കേരള രാഷ്ട്രീയത്തില്‍ ബി ജി പിയുടെ സാന്നിധ്യമില്ലാത്തതിനാല്‍ ഇടതുപക്ഷത്തെ എതിര്‍ക്കുമെന്നും രണ്ടിലും വൈരുധ്യമില്ലെന്നും ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

  ഉത്തര്‍പ്രദേശില്‍ ബി ജെ പി ജയിച്ചത് മതേതര വോട്ടുകള്‍ ഭിന്നിച്ചത് കൊണ്ടാണ്. ബിഹാര്‍ മോഡല്‍ മഹാസഖ്യം യു പിയില്‍ ഉണ്ടായിരുന്നെങ്കില്‍ ജയിക്കില്ലായിരുന്നു. വോട്ടിംഗ് മെഷീനില്‍ തിരിമറിയുണ്ടെന്ന പരാതി അന്വേഷിക്കേണ്ടതാണ്. ന്യൂനപക്ഷ ദളിത് വോട്ടുകള്‍ കൂടുതലുള്ള മണ്ഡലങ്ങളിലും ബി ജെ പി ഭൂരിപക്ഷം നേടിയത് ദുരൂഹതയുണ്ടാക്കുന്നുണ്ട്. മൂന്ന് സ്ഥലങ്ങളിലും കോണ്‍ഗ്രസാണ് ജയിച്ചത്. 

  മോദിയുടെ വ്യക്തിപ്രഭാവമെങ്കില്‍ എന്ത് കൊണ്ട് പഞ്ചാബ്, ഗോവ, മണിപ്പൂര്‍ ഫലങ്ങളുണ്ടായി. വര്‍ഗീയ പ്രചാരണമാണ് യു പിയില്‍ ബി ജെ പി നടത്തിയത്. പ്രധാനമന്ത്രിയുടെ നിലവാരത്തില്‍ നിന്ന് താഴ്ന്നാണ് മോദി പ്രവര്‍ത്തിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ വന്‍ വിജയം നേടിയ ബി ജെ പി അസംബ്ലി തിരഞ്ഞെടുപ്പില്‍ മതേതര കക്ഷികള്‍ ഒന്നിച്ചപ്പോള്‍ പൂര്‍ണ പരാജയം നേരിട്ടത് പ്രതീക്ഷ നല്‍കുന്നുണ്ട്. ഇത്തരം മാതൃകകളാണ് ഉണ്ടാകേണ്ടത്.
  ബി ജെ പിക്ക് ഇടം നല്‍കാതെയുള്ള കേരള മാതൃക ദേശീയ തലത്തില്‍ പകര്‍ത്തണം. അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന രീതിയില്‍ ഇനി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കാനാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിയാവുന്നവിധം പ്രവര്‍ത്തിക്കും. ഇന്ത്യയിലെ മുസ്‌ലിം ദലിത് പിന്നോക്ക വിഭാഗങ്ങളുടെ യോജിച്ച മുന്നേറ്റത്തിന് അവസരമുണ്ടാക്കാന്‍ പ്രയത്‌നിക്കും. യാഥാര്‍ഥ്യബോധം എല്ലാവരും തിരിച്ചറിയുക എന്നതാണ് വേണ്ടത്. 

  ഫാസിസ്റ്റ് ഭീഷണിയെ ചെറുക്കുക എന്നതാണ് മലപ്പുറം പാര്‍ലിമെന്റ് ഉപ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രധാന പ്രചാരണവിഷയം. പത്തു മാസക്കാലത്തെ എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഭരണ പരാജയങ്ങളും തുറന്ന് കാട്ടും.

  തിരഞ്ഞെടുപ്പിനെ യു ഡി എഫ് ഒറ്റക്കെട്ടായാണ് നേരിടുക. പ്രതിപക്ഷം ശക്തമായി പ്രവര്‍ത്തിക്കുന്നു. യു ഡി എഫിന് ഒരുപ്രവര്‍ത്തന ശൈലിയുണ്ട്. മറ്റുള്ള പ്രചാരണങ്ങളൊന്നും ശരിയല്ല. പറയുന്നത് പ്രവര്‍ത്തിക്കുന്ന ആളായിരുന്നു കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. രാജിവെച്ചതിന് അദ്ദേഹം പറയുന്ന കാരണങ്ങളേ മുഖവിലക്കെടുക്കാനാകൂ. സ്ഥാനത്തുണ്ടെങ്കിലും ഇല്ലെങ്കിലും സുധീരന്‍ മുന്നണിയിലെപ്രധാന നേതാവായിരിക്കും.

  മലപ്പുറത്തെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ ഈ മാസം 15നു ചേരുന്ന സംസ്ഥാന സമിതി യോഗം തീരുമാനിച്ച് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കും. പാര്‍ട്ടി ചുമതലയിലുള്ളവര്‍ക്ക് പാര്‍ലിമെന്ററി സ്ഥാനം വഹിക്കാമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാറക്കല്‍ അബ്ദുല്ല എം എല്‍ എ, എസ് എ എം ബഷീര്‍, അബ്ദുന്നാസര്‍ നാച്ചി എന്നിവരും കുഞ്ഞാലിക്കുട്ടിയോടൊപ്പമുണ്ടായി.

  Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ദേശീയ മതേതര നിര കെട്ടിപ്പടുക്കുന്നതിന് ഇടതുപക്ഷവും കൂടെ വേണം: കുഞ്ഞാലിക്കുട്ടി Rating: 5 Reviewed By: UMRAS vision
  Scroll to Top