• Latest News

  Tuesday, February 7, 2017

  മതസമന്വയത്തിന്റെ ഉല്‍സവമോദം സമ്മാനിക്കുന്ന തങ്ങള്‍ ഉപ്പാപ്പ ഉറൂസ് നെല്ലിക്കുന്ന് ഒരുങ്ങി
  Tuesday, February 7, 2017
  12:33:00 AM

  കാസര്‍കോട്: മതസമന്വയത്തിന്റെ ഉല്‍സവമോദം സമ്മാനിക്കുന്ന തങ്ങള്‍ ഉപ്പാപ്പ ഉറൂസ് നെല്ലിക്കുന്ന് മുഹ്‌യദ്ദീന്‍ ജുമുഅത്ത് പള്ളിയില്‍ 2017 ഫെബ്രുവരി 8ന് ആരംഭിക്കും.[www.malabarflash.com]

  മുഹ്‌യദ്ദീന്‍ ജുമുഅത്ത് പള്ളി പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഹനീഫ് വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പയെ ഓര്‍ക്കാന്‍ രണ്ടുവര്‍ഷത്തിലൊരിക്കലുള്ള ഒത്തു കൂടലിനു ജനസമുദ്രമെത്തും. ഉപ്പാപ്പയുടെ അനുഗ്രഹം തേടി വരുന്ന പതിനായിരങ്ങള്‍ പതിനൊന്നു ദിവസം നഗരത്തിന്റെ തിരക്കു വര്‍ദ്ധിപ്പിക്കും.

  ഫെബ്രുവരി 8 മുതല്‍ പതിനൊന്ന് ദിവസം മതപ്രഭാഷണം കൊണ്ട് നെല്ലിക്കുന്ന് പ്രദേശം ആത്മീയ നഗരമായി മാറുമ്പോള്‍ മതവും, ജാതിയും മറന്നു ജനസഹസ്രമെത്തും. പ്രമുഖ പണ്ഡിതന്മാരും വാഗ്മികളും പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കും.

  ജീവിതകാലത്ത് എല്ലാ മതസ്ഥര്‍ക്കും ആശ്രയ കേന്ദ്രമായി വര്‍ത്തിച്ച വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പ അന്ത്യവിശ്രമം കൊള്ളുന്ന നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമുഅത്ത് പള്ളി അക്ഷരാര്‍ത്ഥത്തില്‍ നാനാദേശത്തിന്റെയും സംസ്‌കാരത്തിന്റെയും സമന്വയകേന്ദ്രമായി മാറും. ആ സന്ദേശം ഏറ്റുവാങ്ങാന്‍ ഫെബ്രുവരി 19ന് രാവിലെ ഏറ്റവും വലിയ പുരുഷാരം എത്തും. അന്നു ഒരു ലക്ഷം പേര്‍ക്കു നെയ്‌ചോര്‍ പൊതികള്‍ വിതരണം ചെയ്യുന്നതോടെ ഉറൂസ് സമാപിക്കും.

  ജാതിമതഭേദമന്യേ ജനങ്ങള്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്ന തങ്ങള്‍ ഉപ്പാപ്പ ഉറൂസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

  ഫെബ്രുവരി 8 ന് രാവിലെ ഒമ്പതിന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് കമ്മിറ്റി പ്രസിഡന്റ് ഹാജി ബി.എം. കുഞ്ഞാമു തൈവളപ്പ് പതാക ഉയര്‍ത്തുന്നതോടെ ഉറൂസ് സമാരംഭിക്കും. രാത്രി 9 മണിക്ക് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാര്‍ പതിതൊന്നു ദിവസത്തെ മതപ്രസംഗ പരമ്പര ഉദ്ഘാടനം ചെയ്യും. മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ഹാജി പൂനെ അബ്ദുല്‍ രഹിമാന്‍ അദ്ധ്യക്ഷത വഹിക്കും.

  ആബിദ് ഹുദവി തച്ചണ്ണ (ഫെബ്രുവരി 8) മാഹിന്‍ മന്നാനി (ഫെബ്രുവരി 9) പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി (ഫെബ്രുവരി 10) സിംസാറുല്‍ ഹഖ് ഹുദവി (ഫെബ്രുവരി 11) ഇ.പി.അബൂബക്കര്‍ അല്‍ഖാസി പത്തനാപുരം (ഫെബ്രുവരി 12) അന്‍വര്‍ മൊയ്തീന്‍ ഹുദവി (ഫെബ്രുവരി 13) അഹമ്മദ് കബീര്‍ ബാഖവി അടിവാട് എറണാകുളം (ഫെബ്രുവരി 14) അബ്ദുള്‍ സലാം മുസ്ല്യാര്‍ ദേവര്‍ശ്ശോല (ഫെബ്രുവരി 15) ഇബ്രാഹിം ഖലീല്‍ ഹുദവി (ഫെബ്രുവരി 16) വഹാബ് നഈമി (ഫെബ്രുവരി 17) അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുള്‍ മജീദ് ബാഖവി, സലാഹുദ്ധീന്‍ സഖാഫി മാടന്നൂര്‍, ജി.എസ്.അബ്ദുല്‍റഹിമാന്‍ മദനി (ഫെബ്രുവരി 18) എന്നിവര്‍ വിവിധ രാത്രികളില്‍ മതപ്രഭാഷണം നടത്തും.

  സയ്യിദ് ഫക്രൂദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ (ഫെബ്രുവരി 10) സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പാണക്കാട് (ഫെബ്രുവരി 11) അല്‍ഹാജ് അസ്സയ്യിദ് അതാഉള്ള തങ്ങള്‍ എം.എ.ഉദ്യാവരം (ഫെബ്രുവരി 12) അസ്സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (ഫെബ്രുവരി 13) സയ്യിദ് ജഅ്ഫര്‍ തങ്ങള്‍ കുമ്പോല്‍ (ഫെബ്രുവരി 14) അല്‍ഹാജ് അസ്സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി കടലുണ്ടി (ഫെബ്രുവരി 15) അല്‍ഹാജ് അസ്സയിദ് എന്‍.പി.എം. സൈനുല്‍ ആബ്ദീന്‍ തങ്ങള്‍ കുന്നുങ്കൈ (ഫെബ്രുവരി 16) എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ കാന്തപുരം (ഫെബ്രുവരി 17) സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍ ഹൈദ്രോസി അല്‍ അമാനി അല്‍ഖാദിരി മലപ്പുറം (ഫെബ്രുവരി 18) എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

  ഉറൂസിനെത്തുന്ന ‘ഭക്തജനങ്ങള്‍ക്കു പതിനൊന്നു ദിവസവും മധുരപാനിയവും തബ്‌റൂഖും വിതരണം ചെയ്യും. പതിനൊന്നു ദിവസത്തെ മതപ്രസംഗ പരമ്പരയ്ക്കും ഉറൂസിനുമായി പത്ത് ലക്ഷം ‘ഭക്താവലി എത്തും. അതിനൊത്ത സജ്ജീകരണങ്ങള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. സിയാറത്തിനും മതപ്രസംഗം ശ്രവിക്കാനും വരുന്ന സ്ത്രീകള്‍ക്കു പ്രത്യേകസ്ഥല സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ വിപുലമായ സംവിധാനമാണുളളത്. നേര്‍ച്ചകള്‍ സ്വീകരിക്കാനും സംഘാടന സമിതി ഓഫീസിനും സ്ഥിരം കെട്ടിടങ്ങളുണ്ട്.

  മലബാര്‍ ജില്ലകളില്‍ നിന്നും ദക്ഷിണ കുടകു ജില്ലകളില്‍ നിന്നും പരസഹസ്രം ഭക്തജനങ്ങള്‍ വന്നെത്തുന്ന ഉറൂസിനു നാടെങ്ങും പ്രചരണം പൂര്‍ത്തിയായി. കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും പ്രമുഖ സാംസ്‌കാരിക രാഷ്ട്രീയ നായകരും ഉദ്യോഗസ്ഥ പ്രമുഖരും ഉറൂസിനു നെല്ലിക്കുന്നിലെത്തും. കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും മന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്.

  ഉറൂസ് പ്രമാണിച്ച് ഗള്‍ഫില്‍ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നും ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. മുംബൈ, ഖത്തര്‍, ബഹ്‌റൈന്‍, അബൂദാബി, ദുബൈ എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നെല്ലിക്കുന്ന് മുസ്ലീം ജമാഅത്ത് കമ്മിറ്റികള്‍ ഉറൂസിന്റെ വിജയത്തിനു മാസങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു.

  മൂന്ന് ദശാബ്ദത്തിലേറെ മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായി തുടരുന്ന ഹാജി പൂന അബ്ദുല്‍ റഹിമാനേയും ഖത്തീബായി സേവനം അനുഷ്ഠിച്ചു വരുന്ന ജി.എസ്. അബ്ദുല്‍ റഹിമാനേയും ആദരിക്കുന്നു എന്നതാണ് ഇത്തവണ ഉറൂസിന്റെ പ്രത്യേകത. ഫെബ്രുവരി 11ന് രാത്രി 9.00 മണിക്ക് പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഇരുവരേയും ആദരിക്കുന്നത്.

  പത്രസമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് ബി.എം.കുഞ്ഞാമു, ജനറല്‍ സെക്രട്ടറി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ട്രഷറര്‍ ഹമീദ് എന്‍.എ, വോളന്റിയര്‍ ക്യാപ്റ്റന്‍ കുഞ്ഞാമു കട്ടപ്പണി, അബ്ദു തൈവളപ്പ്, നെല്ലിക്കുന്ന ജമാഅത്ത് പ്രസിഡണ്ട് ഹാജി പൂന അബ്ദുല്‍ റഹിമാന്‍, സെക്രട്ടറി എന്‍.എ.അബ്ദുല്‍ ഖാദിര്‍, ട്ര,രര്‍ ഹനീഫ് നെല്ലിക്കുന്ന്, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഷാഫി.എ.നെല്ലിക്കുന്ന് എന്നിവര്‍ സംബന്ധിച്ചു


  Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: മതസമന്വയത്തിന്റെ ഉല്‍സവമോദം സമ്മാനിക്കുന്ന തങ്ങള്‍ ഉപ്പാപ്പ ഉറൂസ് നെല്ലിക്കുന്ന് ഒരുങ്ങി Rating: 5 Reviewed By: editordesk Malabarflash
  Scroll to Top