• Latest News

  Friday, February 17, 2017

  യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം : രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ച ബിജെപി വെട്ടില്‍; അറസ്റ്റിലായവരില്‍ പാര്‍ട്ടിക്കാരനും
  Friday, February 17, 2017
  11:13:00 AM

  തൃശൂര്‍: യുവമോര്‍ച്ച മുക്കാട്ടുകര യൂനിറ്റ് പ്രസിഡന്റ് നിര്‍മല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ച ബിജെപിക്ക് തിരിച്ചടി.[www.malabarflash.com]
  കൊലപാതകക്കേസില്‍ വ്യാഴാഴ്ച അറസ്റ്റിലായവരില്‍ ബിജെപി പ്രവര്‍ത്തകനായ എലഞ്ഞിക്കുളം സ്വദേശി അരുണും ഉള്‍പ്പെട്ടതാണ് ബിജെപിക്ക് തിരിച്ചടിയായത്.

  വധത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയ ബിജെപി ജില്ലയിലുടനീളം വ്യാപകമായി അക്രമമഴിച്ചുവിട്ടിരുന്നു. കൊടുങ്ങല്ലൂരില്‍ കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്ത ഹര്‍ത്താലനുകൂലികള്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ വ്യാപാരസ്ഥാപനങ്ങള്‍ ബലംപ്രയോഗിച്ച് അടപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ കോര്‍പറേഷനിലേക്ക് മാര്‍ച്ചും നടത്തി.

  സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നിര്‍മലിന്റെ വീട്ടിലെത്തി കൊലപാതകം രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രസ്താവന നടത്തിയിരുന്നു. 

  കൊലപാതകത്തില്‍ തൃശൂര്‍ കോര്‍പറേഷനിലെ സിപിഎം കൗണ്‍സിലറായ സതീശ് ചന്ദ്രന് പങ്കുണ്ടെന്നും കോര്‍പറേഷന്‍ ഭരണം തങ്ങള്‍ അട്ടിമറിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എ നാഗേഷ് തന്നെ പ്രഖ്യാപിച്ചിരുന്നു. 

  എന്നാല്‍, കൊലപാതകം രാഷ്ട്രീയമായി മുതലെടുക്കാനുള്ള എല്ലാ ശ്രമങ്ങളും ഇല്ലാതാക്കിയാണ് സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ തന്നെ അറസ്റ്റിലാവുന്നത്. മാത്രമല്ല, കൊലപാതകം രാഷ്ട്രീയപ്രേരിതമല്ലെന്നും കുമ്മാട്ടിക്കളിയുമായി ബന്ധപ്പെട്ട് രണ്ടു സംഘങ്ങള്‍ തമ്മിലുള്ള കാലങ്ങളായുള്ള തര്‍ക്കമാണെന്നും ഒല്ലൂര്‍ പോലിസ് വ്യക്തമാക്കിയതും ബിജെപിക്ക് വിനയായി. 

  മണ്ണുത്തി നെല്ലങ്കരിലെ കോക്കുളങ്ങര ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയാണ് ഇക്കഴിഞ്ഞ 12ന് അര്‍ധരാത്രി നെട്ടിശ്ശേരി പൊറാടന്‍ നിര്‍മല്‍ (20) കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ മറ്റൊരാള്‍ക്കും കുത്തേറ്റിരുന്നു. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ആരോപിച്ച് ബിജെപി അന്ന് പുലര്‍ച്ചെ 2.30ന് തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു. 
  സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും ഇരുസംഘങ്ങള്‍ തമ്മില്‍ മുമ്പേയുള്ള തര്‍ക്കമാണ് കൊലയിലേക്കു നയിച്ചതെന്നുമാണ് പോലിസ് കണ്ടെത്തിയത്. മുക്കാട്ടുകര സ്വദേശി സൂരജ്, ഊരത്ത് സിദ്ദു, പയ്യപ്പാട്ട് യേശുദാസ്, എലഞ്ഞിക്കുളം അരുണ്‍, കാഞ്ഞാലി സച്ചിന്‍ എന്നിവരാണ് കൊലക്കേസില്‍ അറസ്റ്റിലായത്. അരുണ്‍ സജീവ ബിജെപി പ്രവര്‍ത്തകനാണെന്ന് പോലിസ് വ്യക്തമാക്കി. പൂര്‍വവിരോധമാണു സംഭവത്തിനു പിന്നിലെന്ന് അന്വേഷണത്തില്‍ പോലിസ് കണ്ടെത്തിയിട്ടുണ്ട്. 

  വ്യക്തിപരമായ വിഷയത്തിലുണ്ടായ സംഘര്‍ഷത്തില്‍ ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടതിന് എന്തിന് നാട്ടുകാരെ ബുദ്ധിമുട്ടിച്ചെന്ന ചോദ്യം ഇതിനകം തന്നെ നവമാധ്യമങ്ങളില്‍ ഉയര്‍ന്നുകഴിഞ്ഞു. തിങ്കളാഴ്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തുകയും സിപിഎമ്മിനെതിരേ പ്രതിഷേധപ്രകടനം സംഘടിപ്പിക്കുകയും ചെയ്ത ബിജെപി പോലിസ് റിപോര്‍ട്ട്് പുറത്തുവന്നതോടെ പ്രതിരോധത്തിലാണ്.


  Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം : രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ച ബിജെപി വെട്ടില്‍; അറസ്റ്റിലായവരില്‍ പാര്‍ട്ടിക്കാരനും Rating: 5 Reviewed By: editordesk Malabarflash
  Scroll to Top