• Latest News

  Monday, February 20, 2017

  വീടുകളില്‍ വൃദ്ധര്‍ ക്രൂരമായ ലൈംഗിക ആക്രമണത്തിന് ഇരയാകുന്നു
  Monday, February 20, 2017
  11:52:00 PM

  തിരുവനന്തപുരം: കേരളത്തില്‍ വയസ്സായ സ്ത്രീകള്‍ വീടുകളിലും വൃദ്ധസദനങ്ങളിലും കടുത്ത ലൈംഗിക പീഡനങ്ങള്‍ക്കിരയാകുന്നു. മരുമക്കള്‍, പേരക്കുട്ടികള്‍ തുടങ്ങിയ അടുത്ത ബന്ധുക്കളുടെ ആക്രമണത്തിനാണ് വൃദ്ധര്‍ ഇരയാകുന്നത്.[www.malabarflash.com] 

  സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മലയാള ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് മനുഷ്യത്വം മരവിച്ചുപോകുന്ന വിവരങ്ങള്‍ പുറത്തുവന്നത്. എണ്‍പതും തൊണ്ണൂറും വയസ്സ് കഴിഞ്ഞ സ്ത്രീകള്‍തന്നെ അവരുടെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി. 'മനുഷ്യരല്ലാത്ത മക്കള്‍' പരമ്പരയുടെ ആദ്യഭാഗം തിങ്കളാഴ്ചയാണ് മീഡിയ വണ്‍ ചാനല്‍ പുറത്തുവിട്ടത്. 

  അടുത്തകാലത്ത് പീഡനങ്ങള്‍ക്കിരയായ അമ്മമാരുടെ അനുഭവം ചാനലുമായി പങ്കുവെച്ചുകൊണ്ടുളള പരിപാടി ഇതിനകം തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

  മുത്തശ്ശിമാര്‍ സ്വന്തം വീടുകള്‍ക്കുള്ളില്‍ വെച്ചുതന്നെയാണ് കൂടുതലും പീഡനത്തിനിരയാകുന്നത്. ഭൂരിഭാഗം സംഭവത്തിലെയും പ്രതികള്‍ മക്കളുടെ ഭര്‍ത്താക്കന്മാരാണ്. ലൈംഗിക വൈകൃതങ്ങള്‍ക്ക് വിസമ്മതിച്ചതിന് പേരക്കുട്ടിയുടെ നിരന്തര ആക്രമണത്തിനിരയാകുന്ന സ്ത്രീയുടെ വിവരങ്ങള്‍ അന്വേഷണത്തില്‍ പുറത്തുവന്നു. 

  മരുമകനെ കണ്ടാല്‍ പേടിച്ച് മൂത്രമൊഴിച്ചുപോകുമെന്ന് പീഡനത്തിനിരയായ 80 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീ പറയുന്നു. കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിനിയായ ഈ സ്ത്രീയുടെ അനുഭവം ഞെട്ടിക്കുന്നതാണ്: ''രാത്രിയാകുമ്പോഴാണ് അവന്‍ (മരുമകന്‍) വരുന്നത്. എന്നിട്ട് ശരീരത്തില്‍ പിടിക്കും. മാറിലും ഗുഹ്യഭാഗത്തുമാണ് പിടിക്കുന്നത്. ഞാന്‍ അറിയാതെ മൂത്രമൊഴിച്ചുപോകും. എന്നെ മുറിക്കകത്തേക്ക് എടുത്തുകൊണ്ടുപോയാണ് ആക്രമിക്കുക''.

  പീഡനത്തിനൊപ്പം പണവും സ്വര്‍ണവും മരുമകന് കൊടുക്കേണ്ടിവരുന്ന വൃദ്ധയെ കണ്ടുമുട്ടിയത് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ടാണ്. 85 വയസ്സുള്ള ഇവരുടെ അനുഭവമിങ്ങനെ: ''ഇപ്പോഴും ചിലപ്പോഴൊക്കെ അവന്‍ കേറിവരും. എടുത്തുകൊണ്ടുപോകുകയും പിടിക്കുകയും ചെയ്യും. പിടിക്കാന്‍ വരുമ്പോള്‍ നമ്മള്‍ അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ മാറിയിരിക്കും. രണ്ടു മൂന്ന് പ്രാവശ്യം നേരത്തേ ലൈംഗികമായി ഉപയോഗിച്ചു. എന്റെ അനിയത്തിയെയും ഉപയോഗിച്ചു. ചിലപ്പോള്‍ അടിക്കും. കാതില്‍ കിടക്കുന്നത് ഊരി വാങ്ങിച്ചോണ്ട് പോകുകയും ചെയ്യും''. ഇവിടെയും പ്രതി മകളുടെ ഭര്‍ത്താവ് തന്നെ.

  ലൈംഗികപീഡനം സഹിക്കാനാകാതെ മരുമകനുമായി ബന്ധം വിച്ഛേദിച്ച ഒരമ്മയുണ്ട് തിരുവനന്തപുരം അഞ്ചുതെങ്ങില്‍. മരുമകനോട് പറയാവുന്നതിന്റെ പരമാവധിയും പറഞ്ഞു ഈ അമ്മ: ''രാത്രിയായപ്പോള്‍ ഓടിവന്ന് എന്റെ കൈയില്‍ പിടിച്ചു. ആരെടാന്ന് ചോദിച്ച് ചാടി എണീറ്റ് ഞാന്‍ ചോദിച്ചു ''എന്തടാ? എന്റെ മൂത്ത മോളെയാണ് നിനക്ക് ഞാന്‍ തന്നിരിക്കുന്നത്. അല്ലാതെ എന്നെ കൂടി തന്നിട്ടില്ല. നിനക്കെന്തര് അധികാരം എന്റെ ശരീരത്തില്‍ തൊട്ട് കളിക്കാന്‍?''. ''ഞങ്ങള്‍ തമ്മില്‍ ഇപ്പോ യാതൊരു ബന്ധവും ഇല്ല. മരുമകനെന്ന നിലയില്‍ ഇനിയില്ല''.

  മക്കളുടെ ഭര്‍ത്താക്കന്മാരുടെ പീഡനത്തിനിരയാകുന്നവരെക്കാള്‍ ഞെട്ടിക്കുന്ന അനുഭവമാണ് കോട്ടയത്തെ 90കാരിയുടേത്. ലാളിച്ചുവളര്‍ത്തിയ പേരക്കുട്ടി തന്നെയാണ് ഇവരുടെ ശരീരം തേടിവന്നത്. അടിയേറ്റ് കരുവാളിച്ച മുഖത്തെ മുറിപ്പാടില്‍ തടവി അവര്‍ പറഞ്ഞു: ''ഇത് കണ്ടില്ലെ? അടിക്കുന്നതാണ്. തവിയില്ലേ, ചോറ് വിളമ്പുന്ന തവി. അതുവെച്ച് അടിക്കും. രണ്ടാമതും വന്നപ്പോഴാണ് എതിര്‍ത്തത്. പിന്നെ സമ്മതിക്കാതായപ്പോ അടിയായി''. 20 വയസ്സ് തികഞ്ഞിട്ടില്ലാത്ത സ്വന്തം ചെറുമകനില്‍നിന്നുണ്ടായ ആക്രമണത്തിന്റെ ആഘാതത്തില്‍നിന്ന് ഈ വൃദ്ധ ഇനിയും മുക്തയായിട്ടില്ല.

  വാര്‍ത്ത ഞെട്ടിക്കുന്നതും അതീവ ഗൗരവതരവുമാണെന്ന് വനിത സാമൂഹികക്ഷേമ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അവര്‍ വ്യക്തമാക്കി.

  വയസ്സായ സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്ന സംഭവങ്ങള്‍ ഉണ്ടെന്ന് അറിയാമെങ്കിലും പരാതി ലഭിക്കാത്തതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി പറഞ്ഞു.
  (കടപ്പാട്: മാധ്യമം)


  Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: വീടുകളില്‍ വൃദ്ധര്‍ ക്രൂരമായ ലൈംഗിക ആക്രമണത്തിന് ഇരയാകുന്നു Rating: 5 Reviewed By: editordesk Malabarflash
  Scroll to Top