• Latest News

  Friday, January 20, 2017

  സാധാരണക്കാരെ മുന്നില്‍ കണ്ടുകൊണ്ടുളള ആരോഗ്യനയം നടപ്പാക്കും: മുഖ്യമന്ത്രി
  Friday, January 20, 2017
  1:30:00 AM

  കാസര്‍കോട്: പാവപ്പെട്ടവര്‍ക്ക് ഉന്നത ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിന് സാധാരണക്കാരെ മുന്നില്‍കണ്ടുകൊണ്ടുളള സമഗ്ര ആരോഗ്യനയം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.[www.malabarflash.com]

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുളള സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയില്‍ നബാര്‍ഡിന്റെ സഹകരണത്തോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന ഐപി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  16 വര്‍ഷം മുമ്പ് നിരോധിച്ച എന്‍ഡോസള്‍ഫാന്റെ രോഗാതുരത ഇന്നും തുടരുകയാണ്. ദുരിതബാധിതരുടെ പ്രധാന പ്രശ്‌നം മെഡിക്കല്‍ രംഗത്തെ അപര്യാപ്തതയാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കും. വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശുപത്രികളെ ആശ്രയിക്കുന്ന സ്ഥിതി ജില്ലയിലുണ്ട്. പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും.

  8.40 കോടി ചെലവില്‍ എട്ടുനില കെട്ടിടമാണ് പുതുതായി നിര്‍മ്മിക്കുന്നത്. ലബോറട്ടറി, എക്‌സ്‌റെ യൂണിറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയായിരിക്കും പുതിയ ഐപി കെട്ടിടത്തിന്റെ പ്രവര്‍ത്തനം.
  ആരോഗ്യപ്രവര്‍ത്തനം കച്ചവട മനസ്സോടെ കാണാന്‍ പാടില്ല. അനാവശ്യ ടെസ്റ്റുകള്‍ക്ക് രോഗികളെ നിര്‍ബന്ധിക്കുന്ന സ്ഥിതി നിലവിലുണ്ട്. ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകള്‍ വൈദ്യശാസ്ത്രത്തിന്റെ ധാര്‍മ്മികതയ്ക്ക് നല്ലതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

  ജനറല്‍ ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നേതൃത്വം നല്‍കിയ പി കരുണാകരന്‍ എംപി യെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യാതിഥി ആയിരുന്നു. പി കരുണാകരന്‍ എംപി മുഖ്യപ്രഭാഷണം നടത്തി.

  എംഎല്‍എ മാരായ പി ബി അബ്ദുള്‍ റസാഖ്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി, കാസര്‍കോട് നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍ എ മുഹമ്മദ്, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സമീന മുജീബ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിസ്‌രിയ ഹമീദ്, ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ കെ എം അബ്ദുള്‍ റഹിമാന്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി എം മുനീര്‍, ഡിഎംഒ ഡോ. എപി ദിനേശ് കുമാര്‍, ഡിപിഎം ഡോ. രാമന്‍ സ്വാതിവാമന്‍, എല്‍എസ്ജിഡി അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കുഞ്ഞുമോന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ പി സതീഷ് ചന്ദ്രന്‍, ഹക്കീം കുന്നില്‍, അഡ്വ. ഗോവിന്ദന്‍ പളളിക്കാപ്പില്‍, ടിമ്പര്‍ മുഹമ്മദ്, മൊയ്തീന്‍ കൊല്ലമ്പാടി, കെ കവിത, ഉബൈദുളള കടവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

  എന്‍എ നെല്ലിക്കുന്ന് എംഎല്‍എ സ്വാഗതവും ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ കെ രാജാറാം നന്ദിയും പറഞ്ഞു. ചടങ്ങില്‍ ജനറല്‍ ആശുപത്രിയിലെ വിവിധ ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്ത് കൊടുത്ത എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുളള ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രിന്‍സിപ്പാള്‍ ഡോ.വി മുഹമ്മദ് ഷുക്കൂറിന് നല്‍കി.


  Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: സാധാരണക്കാരെ മുന്നില്‍ കണ്ടുകൊണ്ടുളള ആരോഗ്യനയം നടപ്പാക്കും: മുഖ്യമന്ത്രി Rating: 5 Reviewed By: editordesk Malabarflash
  Scroll to Top