• Latest News

  Monday, January 30, 2017

  രസീലയുടെ മരണത്തില്‍ നടുങ്ങി കുടുംബവും കുരുവട്ടൂര്‍ ഗ്രാമവും
  Monday, January 30, 2017
  3:32:00 PM


  കോഴിക്കോട്: പുണൈയിലെ ഇന്‍ഫോസിസ് ക്യംപസില്‍ വച്ചു കൊല്ലപ്പെട്ട രസീലയുടെ മരണവാര്‍ത്ത കേട്ട് നടുങ്ങി നില്‍ക്കുകയാണ് കോഴിക്കോട്ടെ കുരുവട്ടൂരിനടുത്തെ കിഴക്കാല്‍ കടവ് ഗ്രാമം. ഒന്നരമാസം മുന്‍പാണ് രസീല അവസാനമായി വീട്ടില്‍ വന്ന് പോയത്. [www.malabarflash.com]

  കോഴിക്കോട് കുന്ദമംഗലം പോലീസ് സ്‌റ്റേഷനില്‍ ഹോംഗാര്‍ഡായി ജോലി ചെയ്യുകയാണ് രസീലയുടെ പിതാവ് രാജു. ഏക സഹോദരന്‍ രിജീഷ് വിദേശത്ത് ജോലി ചെയ്യുന്നു. മൂന്ന് വര്‍ഷം മുന്‍പ് അമ്മയെ നഷ്ടമായ രസീലയുടെ വിവാഹം നടത്തുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു അച്ഛനും അമ്മാവന്‍മാരുമെല്ലാം. ഇതിനിടയിലാണ് കുടുംബത്തേയും നാട്ടുകാരേയും ഞെട്ടിച്ചു കൊണ്ട് രസീലയുടെ കൊലപാതക വാര്‍ത്തയെത്തുന്നത്.

  പഠിക്കാന്‍ മിടുക്കിയായ രസീല കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം തമിഴ്‌നാട്ടില്‍ നിന്നാണ് എഞ്ചിനീയറിംഗ് ബിരുദം നേടുന്നത്. തുടര്‍ന്ന് ക്യാംപസ് റിക്രൂട്ട്‌മെന്റിലൂടെ ഇന്‍ഫോസിസില്‍ ജോലി ലഭിച്ചു. രണ്ടര വര്‍ഷത്തോളം ബാംഗ്ലൂരിലെ ഇന്‍ഫോസിസ് ക്യാംപസില്‍ ജോലി ചെയ്ത ശേഷം ആറ് മാസം മുന്‍പാണ് സ്ഥലം മാറ്റം കിട്ടി പൂണൈയിലെത്തുന്നത്.

  ഞായറാഴ്ച രാത്രി എട്ടരയോടെയാണ് മകള്‍ക്ക് അപകടം സംഭവിച്ചിട്ടുണ്ടെന്ന് അറിയിച്ചു കൊണ്ടുള്ള ടെലിഫോണ്‍ സന്ദേശം രസീലയുടെ പിതാവ് രാജുവിന് ലഭിക്കുന്നത്. ഉടനെ പൂണെയിലെത്തണമെന്നും ഇതിനായി നാല് വിമാനടിക്കറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും വിളിച്ചയാള്‍ രാജുവിനെ അറിയിച്ചു. സംശയം തോന്നിയ ബന്ധുക്കള്‍ പൂണൈയിലുള്ള ഒരു സുഹൃത്തിനെ ബന്ധപ്പെട്ടു. ഇയാള്‍ നടത്തിയ അന്വേഷണത്തിലാണ് രസീലെ കൊലപ്പെട്ടെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്.

  രസീലയുടെ കഴുത്തിലും നെറ്റിയിലും മുറിവേറ്റ പാടുകളുണ്ടെന്നാണ് ആസ്പത്രിയിലെത്തി മൃതദേഹം കണ്ടയാള്‍ ബന്ധുക്കള്‍ക്ക് നല്‍കിയ വിവരം. രസീലയുടെ പിതാവ് രാജുവും അമ്മാവന്‍ സുരേഷും ബന്ധുവായ വിനോദും ഇന്ന് രാവിലത്തെ വിമാനത്തില്‍ പൂണെയിലേക്ക് തിരിച്ചിട്ടുണ്ട്.
  രാജുവിനെ കൂടാതെ പ്രായമായ മുത്തശ്ശനും മുത്തശ്ശിയും അടുത്ത ചില ബന്ധുക്കളുമാണ് കുരുവട്ടൂരിലെ വീട്ടിലുള്ളത്. ദുരന്തവാര്‍ത്തയോട് എങ്ങനെ പ്രതികരിക്കുമെന്നറിയാത്തതിനാല്‍ മുത്തശ്ശനേയും മുത്തശ്ശിയേയും രസീലയുടെ മരണവാര്‍ത്ത ബന്ധുകള്‍ ഇതുവരെ അറിയിച്ചിട്ടില്ല.

  വീട്ടുകാരെ പോലെ തന്നെ രസീലയുടെ മരണം സൃഷ്ടിച്ച ആഘാതത്തിലാണ് പൂണൈയിലെ രസീലയുടെ കൂട്ടുകാരും സഹപ്രവര്‍ത്തകരും. എല്ലാവരോടും നന്നായി പെരുമാറുന്ന രസീല എപ്പോഴും സന്തോഷവതിയായിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നുവെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
  രസീലയ്‌ക്കൊപ്പം താമസിക്കുന്നവരെ മൃതദേഹം തിരിച്ചറിയുന്നതിനായി ഇന്നലെ രാത്രി തന്നെ പൂണൈ പോലീസ് കൊലപാതകം നടന്ന ഓഫീസിലെത്തിച്ചിരുന്നു. മണിക്കൂറുകള്‍ മുന്‍പ് വരെ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന പ്രിയസുഹൃത്തിന്റെ ജീവനറ്റ ശരീരം കണ്ട കൂട്ടുകാരികള്‍ക്ക് തീര്‍ത്തും വൈകാരികമായാണ് ആ കാഴച്ചയോട് പ്രതികരിച്ചത്.
  Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: രസീലയുടെ മരണത്തില്‍ നടുങ്ങി കുടുംബവും കുരുവട്ടൂര്‍ ഗ്രാമവും Rating: 5 Reviewed By: Web Desk
  Scroll to Top