Latest News

40 ദിവസം നാല്പതു പ്രതികള്‍, സൂര്യനെല്ലി കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം

കൊച്ചി: ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന പതിനാറുകാരിയെ 40 ദിവസത്തിനിടെ നാല്പതോളം പേര്‍ ചേര്‍ന്നു പീഡിപ്പിച്ചെന്നാണു കേസ്. സംസ്ഥാനത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളില്‍ വച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി. ആദ്യം 40 പേര്‍ക്കെതിരേയാണു കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നാറിലെ സ്‌കൂളില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ 1996 ജനുവരി 16ന് സ്‌കൂള്‍ ഹോസ്റ്റലില്‍നിന്നു കാണാതായതോടെയാണ് സംഭവങ്ങള്‍ക്കു തുടക്കം. പെണ്‍കുട്ടിയുടെ പിതാവ് പോസ്റ്റ്മാസ്റ്ററായിരുന്നു.

പെണ്‍കുട്ടിയെ കാണാതായതു സംബന്ധിച്ച് അദ്ദേഹം പോലീസില്‍ പരാതി നല്‍കി. മൂന്നാര്‍-സൂര്യനെല്ലി റൂട്ടില്‍ ഓടുന്ന ബസിലെ ക്ലീനറും കേസിലെ ഒന്നാം പ്രതിയുമായ രാജുവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. രാജുവിന്റെ പ്രലോഭനങ്ങള്‍ക്കു വശംവദയായി മൂന്നാറില്‍നിന്നു കോട്ടയത്തേക്കു യാത്ര തിരിച്ചു. പെണ്‍കുട്ടിയുടെ അമ്മായിയുടെ വീട്ടിലേക്കായിരുന്നു യാത്ര.

എന്നാല്‍, യാത്രയ്ക്കിടെ രാജു അപ്രത്യക്ഷനായി. തുടര്‍ന്നു ബസില്‍ പരിചയപ്പെട്ട രണ്ടാം പ്രതി ഉഷ കോട്ടയത്തുള്ള അമ്മായിയുടെ വീടു കണ്ടുപിടിക്കാന്‍ സഹായിക്കാമെന്നേറ്റു. എന്നാല്‍, പെണ്‍കുട്ടിയെ ഏറ്റുമാനൂരില്‍ വച്ചു രാജുവിന്റെ സുഹൃത്തും അഭിഭാഷകനുമായ എസ്.എസ്. ധര്‍മരാജന്‍ ഏറ്റുവാങ്ങി.

കോട്ടയത്ത് അന്നു ഹര്‍ത്താലായതിനാല്‍ കെഎസ്ആര്‍ടിസിക്കു സമീപമുള്ള മെട്രോ ലോഡ്ജില്‍ താമസിപ്പിച്ചു. അവിടെ വച്ചു ധര്‍മരാജന്‍ ഭീഷണിപ്പെടുത്തി മദ്യം കുടിപ്പിച്ചു പീഡനത്തിനു വിധേയയാക്കി. തുടര്‍ന്നു തിരുവനന്തപുരത്തേക്കു കൊണ്ടുപോയ പെണ്‍കുട്ടിയെ ധര്‍മരാജന്‍ മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തുകയും അവര്‍ക്കു കാഴ്ചവയ്ക്കുകയും ചെയ്തു.

40 ദിവസംകൊണ്ടു കോതമംഗലം, മൂവാറ്റുപുഴ, തിരുവനന്തപുരം, പാലക്കാട്, കന്യാകുമാരി എന്നിവിടങ്ങളില്‍ കൊണ്ടുപോയി ധര്‍മരാജന്‍ നാല്പതിലധികം പേര്‍ക്കു കാഴ്ചവച്ചെന്നാണു കേസ്. ശാരീരികമായി തകര്‍ന്ന പെണ്‍കുട്ടിയെ ചെറിയ തുക പ്രതിഫലമായി നല്‍കിയശേഷം 1996 ഫെബ്രുവരി 26ന് വീട്ടിലേക്കു മടക്കി അയച്ചു.

വീട്ടിലേക്കു പോകാതെ പെണ്‍കുട്ടി പിതാവിന്റെ ഓഫീസിലെത്തി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് 1996 ഫെബ്രുവരി 27ന് പോലീസില്‍ പരാതി കൊടുത്തത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണു മുഖ്യപ്രതി ധര്‍മരാജനടക്കം നാല്പതോളം പേരെ പ്രതികളാക്കി പോലീസ് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

1999ല്‍ ജനകീയ പ്രക്ഷോഭങ്ങളെത്തുടര്‍ന്നു സര്‍ക്കാര്‍ സൂര്യനെല്ലി കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിച്ചു. അന്നു ക്രൈം ബ്രാഞ്ച് ഐജിയായിരുന്ന സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസന്വേഷിച്ചു കുറ്റപത്രം നല്‍കി. രണ്ടു ഘട്ടമായിട്ടാണു വിചാരണ നടന്നത്.

ആദ്യഘട്ടം 40 പ്രതികളെ വിചാരണ ചെയ്തു. രണ്ടാം ഘട്ടത്തില്‍ മുഖ്യപ്രതി ധര്‍മരാജനെയും വിചാരണ ചെയ്തു. ആദ്യഘട്ടത്തില്‍ ധര്‍മരാജന്‍ ഒളിവിലായതിനാലാണ് ഇയാളെ ഒഴിവാക്കി ബാക്കിയുള്ള പ്രതികളെ വിചാരണ ചെയ്തത്. തട്ടിക്കൊണ്ടുപോകല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കല്‍, കൂട്ട ബലാത്സംഗം എന്നിവയ്ക്കാണ് എല്ലാവര്‍ക്കുമെതിരേ കേസെടുത്തത്.

പിന്നീടു ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാര്‍ 2000ല്‍ പ്രത്യേക കോടതി ജഡ്ജി എന്ന നിലയില്‍ 35 പ്രതികള്‍ക്കു വിവിധ കുറ്റങ്ങളിലായി 13 വര്‍ഷം വരെ കഠിനതടവും പിഴയും വിധിച്ചു. രണ്ടാം ഘട്ടത്തില്‍ വിചാരണയ്ക്കു വിധേയനായ ധര്‍മരാജനു ജീവപര്യന്തം ശിക്ഷയും നല്‍കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376(1) (ബലാത്സംഗം), 376 (2) (ജി) (കൂട്ട ബലാത്സംഗം) എന്നീ വകുപ്പുകള്‍ പ്രകാരം ലഭിക്കാവുന്ന പരമാവധി ശിക്ഷയാണു ധര്‍മരാജനു വിധിച്ചത്. പെണ്‍കുട്ടിയെ കാര്യസാധ്യത്തിനായി വില്‍പ്പനച്ചരക്കാക്കി എന്നു വിചാരണകോടതി കണ്ടെത്തിയിരുന്നു.

പ്രത്യേക കോടതി വിധിക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ജസ്റ്റീസ് കെ.എ. ഗഫൂര്‍, ജസ്റ്റീസ് ആര്‍. ബസന്ത് എന്നിവര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2005 ജനുവരി 20ന് ധര്‍മരാജന്‍ ഒഴികെയുള്ള 35 പ്രതികളെയും വെറുതെവിട്ടു.ഇതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി 2013 ജനുവരി 31ന് ഹൈക്കോടതിയുടെ ഉത്തരവു റദ്ദാക്കി.

തുടര്‍ന്നു കോട്ടയത്തെ പ്രത്യേക കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നതിനെതിരേ പ്രതികള്‍ നല്‍കിയ അപ്പീലും ശിക്ഷ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാരിന്റെ അപ്പീലുമാണു ഹൈക്കോടതിയുടെ പ്രത്യേക ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണു സൂര്യനെല്ലി കേസിലെ പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തി ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

പതിനെട്ടു വര്‍ഷം നീണ്ട നിയമപോരാട്ടം കോട്ടയത്തെ പ്രത്യേക കോടതിയില്‍നിന്നു ഹൈക്കോടതിയിലേക്കും തുടര്‍ന്നു സുപ്രീംകോടതി വരെയും നീണ്ട ശേഷമാണു പ്രതികള്‍ക്കെതിരായ അവസാന ഉത്തരവ് ഉണ്ടായിരിക്കുന്നത്. സുപ്രീം കോടതി ഒരിക്കല്‍ പരിഗണിച്ച സാഹചര്യത്തിലും ഹൈക്കോടതി വിശദമായ വാദം കേട്ട് കീഴ്‌കോടതിയുടെ നിരീക്ഷണങ്ങള്‍ ശരിവച്ചതിനാലും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയാലും കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സൂര്യനെല്ലി കേസിലെ പ്രതികളെ വെറുതെ വിട്ട ഉത്തരവ് വന്‍ വിവാദം ഉയര്‍ത്തിയിരുന്നു. ധര്‍മരാജനൊഴികെയുള്ള പ്രതികളെ വെറുതെ വിട്ട് 2005 ജനുവരി 20നാണ് ഹൈക്കോടതി ഉത്തരവ് നല്‍കിയത്. സംശയത്തിന്റെ ആനൂകുല്യത്തിലായിരുന്നു പ്രതികളുടെ ശിക്ഷ ഒഴിവാക്കി ജസ്റ്റീസുമാരായ കെ.എ. ഗഫൂര്‍, ആര്‍. ബസന്ത് എന്നിവര്‍ ഉള്‍പ്പെടുന്ന അന്നത്തെ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നല്‍കിയത്.

സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിട്ടില്ലായിരുന്നു, എന്നാല്‍, 16 വയസിനു മുകളില്‍ പ്രായമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ സമ്മതം ഉണ്ടോ എന്നതു നിയമപരമായി പരിശോധിക്കേണ്ടതുണ്ടെന്നും ഇതു സംബന്ധിച്ച തെളിവുകള്‍ കണക്കാക്കേണ്ടതുണ്ടെന്നുമായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍.

ഇരയായ പെണ്‍കുട്ടിക്കു രക്ഷപ്പെടുന്നതിനു നിരവധി അവസരം ലഭിച്ചിരുന്നുവെന്നും രണ്ടു തവണ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടും പെണ്‍കുട്ടി രക്ഷപ്പെടുന്നതിനോ മറ്റാരുടെയെങ്കിലും സഹായം തേടുന്നതിനോ ശ്രമിച്ചില്ലെന്നും ഇതു പെണ്‍കുട്ടിയുടെ സമ്മതമായി പരിഗണിക്കണമെന്നായിരുന്നു പ്രതികളുടെ വാദം. ഈ വാദം കോടതി അംഗീകരിച്ചു. മാത്രമല്ല, പെണ്‍കുട്ടിക്കു രക്ഷപ്പെടാന്‍ നിരവധി അവസരങ്ങളുണ്ടായിട്ടും അതിനു ശ്രമിച്ചില്ലെന്നും അന്നത്തെ ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. ഇരയായ പെണ്‍കുട്ടി വഴിതെറ്റിയവളാണെന്നും നേര്‍വഴിക്കു നടത്താന്‍ ആര്‍ക്കും കഴിഞ്ഞില്ലെന്നും അന്നത്തെ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ കുറ്റപ്പെടുത്തിയിരുന്നു.

ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാരും ഇരയായ പെണ്‍കുട്ടിയുടെ പിതാവും സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍, രണ്ടു വര്‍ഷത്തോളം കേസ് സുപ്രീം കോടതി പരിഗണിച്ചില്ല. ഈ സമയത്തു ഡല്‍ഹിയില്‍ ബസില്‍ ഒരു യുവതി പീഡനത്തിന് ഇരയായ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തുണ്ടായ പ്രതിഷേധം കണക്കിലെടുത്തു പ്രത്യേകം അനുമതി തേടി അപ്പീല്‍ സുപ്രീം കോടതിയിലെത്തിക്കുകയായിരുന്നു.

അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി ഹൈക്കോടതിയുടെ ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും പെണ്‍കുട്ടി ലൈംഗികബന്ധത്തിനു സമ്മതം നല്‍കിയിട്ടുള്ളതു കാമുകനു മാത്രമായിരിക്കുമെന്നും വിലയിരുത്തി. അപ്പീല്‍ വീണ്ടും പരിഗണിക്കുന്നതിനായി ഹൈക്കോടതിക്കു കൈമാറി. ഈ സാഹചര്യത്തിലാണു ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ആറു മാസത്തോളം അപ്പീലില്‍ വാദം കേട്ട് അന്തിമ ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സൂര്യനെല്ലി കേസ് ചര്‍ച്ചാ വിഷയമായതോടെ നേരത്തെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ജഡ്ജി ആര്‍. ബസന്തിന്റെ പരാമര്‍ശവും വിവാദമായി. ജഡ്ജി പെണ്‍കുട്ടിയെ ബാലവേശ്യ എന്നു വിളിച്ചുവെന്നാരോപിച്ചു പല സംഘടനകളും പ്രതിഷേധിച്ചു. ഹൈക്കോടതി ഇപ്പോള്‍ നല്‍കിയ ഉത്തരവില്‍ പെണ്‍കുട്ടി ബാലവേശ്യ ആണെന്നു കരുതുന്നില്ലെന്നു പ്രതികളുടെ അഭിഭാഷകര്‍ അറിയിച്ചുവെന്നു വ്യക്തമാക്കിയിട്ടുണ്ട്.Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Soorynelli Case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.