• Latest News

    Friday, September 27, 2013

    തൃക്കണ്ണാട് തീരത്തടിഞ്ഞ കണ്ടെയ്‌നറില്‍നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം ഭീഷണിയാകുന്നു


    ഉദുമ: പുറംകടലില്‍നിന്ന് തൃക്കണ്ണാട് തീരത്തടിഞ്ഞ കണ്ടെയ്‌നറില്‍നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം ഭീഷണിയാകുന്നു.തീരത്തുടനീളം പ്ലാസ്റ്റിക് കവറുകള്‍ നിറഞ്ഞ് മീന്‍ വഞ്ചികളുടെ എന്‍ജിന്‍ കേടാവുന്നനിലയിലാണ്. 

    എന്നാല്‍, കോടിക്കണക്കിനു രൂപ വിലയുള്ള ഫ്രീയോണ്‍വാതകം ഉടമസ്ഥരെ വിളിച്ച് തിരികെ നല്‍കിയ ജില്ലാ ഭരണകൂടം കണ്ടെയ്‌നറിന്റെ കാര്യത്തില്‍ നടപടിയെടുത്തിട്ടില്ല.

    കണ്ടെയ്‌നര്‍ തീരത്തടിഞ്ഞിട്ട് രണ്ടുമാസത്തിലേറെയായിട്ടും കോസ്റ്റ് ഗാര്‍ഡും പരിസ്ഥിതിപ്രശ്‌നത്തില്‍ നിയമനടപടി സ്വീകരിച്ചിട്ടില്ല. പ്ലാസ്റ്റിക് കവറുകളും റോളുകളുമാണ് കണ്ടെയ്‌നറില്‍ നിന്ന് തീരത്ത് വ്യാപിച്ചുകിടക്കുന്നത്. ഒരു റോളില്‍ ഇരുപതുകവറുകള്‍വരെയാണ് ഉള്ളത്. കണ്ടെയ്‌നര്‍ തുറന്നനിലയിലാണ്. ആദ്യം പോലീസുകാവലുണ്ടായിരുന്നെങ്കിലും വിഷയത്തില്‍നിന്ന് ശ്രദ്ധമാറിയതോടെ പോലീസുകാവല്‍ ഉപേക്ഷിച്ചു.

    കഴിഞ്ഞ ജൂണ്‍ 17ന് മുംബൈതീരത്തുനിന്ന് 300 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയ എം.വി.എം.ഒ.എല്‍. കംഫര്‍ട്ട് കപ്പലില്‍നിന്നാണ് കേരളതീരങ്ങളില്‍ ടാങ്കുകളും കണ്ടെയ്‌നറുകളും അടിഞ്ഞത്. ജൂലായ് പകുതിയോടെയാണ് കാസര്‍കോട് തീരങ്ങളില്‍ ആറു ടാങ്കുകളും ഒരു കണ്ടെയ്‌നറും എത്തിയത്. വിദഗ്ധ പരിശോധനയില്‍ അന്താരാഷ്ട്ര വിപണിയില്‍ മൂന്നു കോടിയോളം രൂപ വിലമതിക്കുന്ന ശീതീകരണ വാതകമായ ഫ്രീയോണ്‍ ആണ് ടാങ്കുകളിലെന്ന് വ്യക്തമായിരുന്നു.

    ഈ ടാങ്കുകള്‍ കഴിഞ്ഞമാസം അഴീക്കല്‍ തുറമുഖത്ത് എത്തിച്ചിരുന്നു. എന്നാല്‍, കണ്ടെയ്‌നറിന്റെ കാര്യത്തില്‍ മാത്രം കപ്പലിന്റെ പ്രതിനിധി തീരുമാനം അറിയിച്ചിരുന്നില്ല. കണ്ടെയ്‌നറിന്റെ കാര്യം അധികൃതരും സൗകര്യപൂര്‍വം മറന്ന മട്ടാണ്.
    കപ്പലില്‍നിന്ന് മാലിന്യങ്ങള്‍ കടലില്‍ നിക്ഷേപിച്ചാല്‍ പരിസ്ഥിതിനിയമപ്രകാരം കേസെടുക്കണമെന്നാണ് ചട്ടം. കോസ്റ്റ് ഗാര്‍ഡാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്.

    Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
    • Blogger Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തൃക്കണ്ണാട് തീരത്തടിഞ്ഞ കണ്ടെയ്‌നറില്‍നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം ഭീഷണിയാകുന്നു Rating: 5 Reviewed By: malabar flash
    Scroll to Top