LIVE TV
Top
Reading Problem? Download Font
Home » , , , » തൃക്കണ്ണാട്ടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കാന്‍ നടപടിയായി

തൃക്കണ്ണാട്ടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കാന്‍ നടപടിയായി

Written By malabar flash on Saturday, 28 September 2013 | 01:32

 ഉദുമ: തൃക്കണ്ണാട് തീരത്ത് കണ്ടെയ്‌നറില്‍നിന്നടിഞ്ഞ പ്ലാസ്റ്റിക് മാലിന്യം നീക്കും. പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് ബി.ആര്‍.ഡി.സി.യുമായി ചേര്‍ന്ന് വെളുത്തോളിയില്‍ നടത്തുന്ന പ്ലാസ്റ്റിക് സംസ്‌കരണ ഫാക്ടറിയിലേക്കാണ് മാലിന്യം കൊണ്ടുപോവുക. 

ശനിയാഴ്ച രാവിലെയെത്തി മാലിന്യം ശേഖരിക്കാമെന്ന് ഫാക്ടറി അധികൃതര്‍ അറിയിച്ചതായി അഡീഷണല്‍ തഹസില്‍ദാര്‍ പി.രാഘവന്‍ പറഞ്ഞു. തൃക്കണ്ണാട് തീരം സന്ദര്‍ശിച്ച തഹസില്‍ദാര്‍ ഫാക്ടറിയിലും ചെന്നു. മാലിന്യം നീക്കി സംസ്‌കരിക്കാന്‍ എ.ഡി.എം. എച്ച്.ദിനേശയും അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്. പള്ളിക്കര സെക്കന്‍ഡ് വില്ലേജ് ഓഫീസര്‍ ഗോവിന്ദനും തീരം സന്ദര്‍ശിച്ചു.

പ്ലാസ്റ്റിക് മാലിന്യം ഉടന്‍ നീക്കണമെന്നാവശ്യപ്പെട്ട് ഉദുമ ഗ്രാമപ്പഞ്ചായത്ത് കളക്ടര്‍ക്കും ആര്‍.ഡി.ഒ.യ്ക്കും കത്തു നല്കിയിട്ടുണ്ട്. മാസങ്ങള്‍ക്കുമുമ്പ് അടിഞ്ഞ കണ്ടെയ്‌നറും അതില്‍നിന്ന് പടര്‍ന്ന പ്ലാസ്റ്റിക് മാലിന്യവും മീന്‍പിടിത്തക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കത്തില്‍ പറയുന്നു. പ്ലാസ്റ്റിക് കുടുങ്ങി തകരാര്‍ സംഭവിച്ച തോണിഎന്‍ജിനുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ സഹായം നല്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വെളളിയാഴ്ച മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ്‌ പഞ്ചായത്ത് ഇക്കാര്യം അറിഞ്ഞത്. ഉടന്‍ പ്രത്യേക ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേര്‍ന്ന് ജില്ലാ ഭരണകൂടത്തിന് കത്തു നല്കി. പഞ്ചായത്ത് പ്രസിഡന്റ് കെ.കസ്തൂരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ, വാര്‍ഡംഗം വി.സന്തോഷ്‌കുമാര്‍, രാജേന്ദ്രന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞ വാര്‍ത്തകേട്ട് വിദ്യാര്‍ഥികളും തീരത്തെത്തി. ബേക്കല്‍ ഫിഷറീസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് പ്രവര്‍ത്തകരാണ് വെള്ളിയാഴ്ച രാവിലെ തൃക്കണ്ണാട് കടപ്പുറത്തെത്തിയത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പുനരുപയോഗത്തിന് അയക്കാനുള്ള പദ്ധതിയുമായാണ് 135 വിദ്യാര്‍ഥികള്‍ എത്തിയത്. മാലിന്യം നീക്കാന്‍ നടപടി ആയെന്നറിഞ്ഞ് കുട്ടികള്‍ തിരിച്ചുപോയി.

സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.സതീഷ്‌കുമാര്‍, നയന കുമാരി, സി.വി.ഉഷാകുമാരി, പി.സതീശന്‍, പവിത്രന്‍, വി.വി.പ്രമോദ്, കെ.സത്യ സജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ തീരത്തെത്തിയത്.

തൃക്കണ്ണാട് തീരത്തടിഞ്ഞ കണ്ടെയ്‌നറില്‍നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം ഭീഷണിയാകുന്നു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Share this article :
comments powered by Disqus
 
Copyright © 2013. MALABAR FLASH - All Rights Reserved